മനുഷ്യമസ്തിഷ്‌കത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് സെറിബ്രം. ഇതിന്റെ പ്രധാന ഭാഗം ഗ്രേമാറ്റര്‍, വൈറ്റ് മാറ്റര്‍ എന്നീ ഭാഗങ്ങളായി അറിയപ്പെടുന്നു. ഒരു രേഖ കൊണ്ട് (സെറിബ്രല്‍ ഹെമിസ്ഫിയര്‍) സെറിബ്രത്തെ പകുത്തിരിക്കുന്നു. ഇതിന്റെ ഇടതു ഭാഗം ശരീരത്തിന്റെ വലതു ഭാഗത്തെയും വലതു ഭാഗം ശരീരത്തിന്റെ ഇടതു ഭാഗത്തെയും നിയന്ത്രിക്കുന്നു. കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലൂടെ ദിവസങ്ങള്‍ കൊണ്ടാണ് നാം ഡാറ്റ ഫീഡ് ചെയ്യുന്നതെങ്കില്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, കര്‍ണ്ണപുടം, നാവ്, നാസാദ്വാരം, ത്വക്ക് തുടങ്ങിയ അവയവങ്ങളിലൂടെ ലഭിക്കുന്ന കാഴ്ച, കേള്‍വി, സ്പര്‍ശം, രുചി, വാസന എന്നിവയിലൂടെയുള്ള അറിവുകള്‍ മസ്തിഷ്‌കത്തിന്റെ സെറിബ്രല്‍ കോര്‍ട്ടക്‌സിലേക്ക് നിമിഷത്തിലൊരംശം കൊണ്ട് ഫീഡ് ചെയ്യപ്പെടുകയും അവിടെ സ്റ്റോര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ ഏതു ഭാഗത്തുനിന്നായാലും അതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായി വരുന്ന ആവേഗങ്ങള്‍ സംവേദനാഡികള്‍ (സെന്‍സറി നര്‍വ്‌സ്) വഴി എത്തുമ്പോള്‍ അവയെ അപഗ്രഥിച്ച് തിരിച്ചയച്ച് പ്രവര്‍ത്തനം ക്രമീകരിക്കാനുള്ള ബാധ്യതയും സെറിബ്രല്‍ കോര്‍ട്ടക്‌സിനാണുള്ളത്.
ഒരു വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശരശ്മികള്‍ കണ്ണിന്റെ റെറ്റിനയില്‍ പതിക്കുമ്പോള്‍ ആ വസ്തുവിന്റെ പ്രതിബിംബം ഉണ്ടാകുന്നു. സംവേദനാഡികള്‍ ഈ സന്ദേശം സെറിബ്രല്‍ കോര്‍ട്ടക്‌സില്‍ എത്തിക്കുന്നു. അതവിടെ സ്റ്റോര്‍ ചെയ്ത് മസ്തിഷ്‌കം അതിനെ അപഗ്രഥനം ചെയ്ത് ഈ വസ്തു മുമ്പ് കണ്ടതാണോ, എവിടെ വച്ചു കണ്ടു, സവിശേഷതകള്‍ തുടങ്ങിയവയെല്ലാം പഠനവിധേയമാക്കി ക്ഷണനേരം കൊണ്ട് സന്ദേശങ്ങള്‍ തിരിച്ചയക്കുന്നു. അത് ഇരുപത്തഞ്ചു വര്‍ഷം മുമ്പുള്ള കാഴ്ചയാണെങ്കിലും ശരി. ലോകത്തെ ഏറ്റവും മികച്ച കമ്പ്യൂട്ടറിനു പോലും അസാധ്യമായ ആശയവിനിമയ വേഗവും സൂക്ഷ്മതയും നമുക്കിവിടെ കാണാം. സുബോധനം, ഓര്‍മ്മ, ബുദ്ധിശക്തി, ഭാവന, ചിന്ത, വിവേചനം ഇവയെല്ലാം നിയന്ത്രിക്കുന്നത് കോര്‍ട്ടക്‌സാണ്. ഈ കോര്‍ട്ടക്‌സ് നിയന്ത്രിക്കുന്നതോ സര്‍വ്വലോകങ്ങളും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹുവും.