മനുഷ്യന്റെ പ്രത്യുല്പാദനത്തില്‍ സ്ത്രീയുടെ അണ്ഡാശയവും അണ്ഡങ്ങളും സുപ്രധാന പങ്കുവഹിക്കുന്നു. ശരീരത്തില്‍ രണ്ട് അണ്ഡാശയങ്ങളുണ്ട്. പൊക്കിളിന്റെയും യോനിയുടെയും മധ്യത്തില്‍, മധ്യരേഖയുടെ ഇടത്തും വലത്തുമായി ചക്കക്കുരുവിന്റെ വലിപ്പത്തില്‍ അവ സ്ഥിതി ചെയ്യുന്നു. ഭാരമാകട്ടെ അഞ്ചു ഗ്രാമിലും കുറവ്. ഇവയില്‍ വച്ച് ഉത്പാദിപ്പിക്കുന്ന അണ്ഡങ്ങളാണ് പുതിയ സൃഷ്ടിയുടെ അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കുന്നത്.
പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ അവളുടെ ശരീരത്തില്‍ രണ്ട് അണ്ഡാശയങ്ങളുണ്ടായിരിക്കും. ഇതില്‍ നിരവധി അണ്ഡങ്ങളുണ്ടാകും. അവള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ, ഈ അണ്ഡങ്ങള്‍ 400 എണ്ണമായി ചുരുങ്ങും. അവയവങ്ങളെല്ലാം പാകവും പക്വവുമായാല്‍ അണ്ഡാശയത്തില്‍ നിന്ന് ഓരോ അണ്ഡവും വലിയ കുമിളകളായി (ഫോളിക്കിള്‍) ഉയരുന്നു. ഇതില്‍ ഒരു കുമിള മാത്രം എല്ലാ മാസവും വലുതായി പൊട്ടിപ്പിളര്‍ന്ന് അണ്ഡം ഗര്‍ഭാശയത്തിനടുത്തുള്ള അണ്ഡവാഹിനിയിലേക്ക് വരുന്നു. ലൈംഗിക പ്രജനനത്തിനുവേണ്ട പുരുഷ ബീജങ്ങള്‍ സംയോഗസമയത്ത് യോനിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ കോടിക്കണക്കായ ബീജങ്ങള്‍ അണ്ഡത്തെ ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങുന്നു. അതില്‍ ഒരു ബീജം ശക്തമായ അണ്ഡോപരിതലത്തെ പിളര്‍ത്തി അതില്‍ക്കൂടി അണ്ഡബഛു സംയോജനം നടത്തുകയും ചെയ്യുന്നു. ഇതിനാണ് സിക്താണ്ഡം (സൈഗോട്ട്) എന്നു പറയുന്നത്. ബീജത്തെ ലഭിച്ചില്ലെങ്കില്‍ അണ്ഡം സ്വയം ഗര്‍ഭാശയത്തിലേക്ക് നീങ്ങി അവിടെ കാലിയായ സ്ഥലത്ത് അടിഞ്ഞുകൂടുന്ന രക്തകുമിളകളുമായി കൂടിച്ചേര്‍ന്ന് മാസാവസാനത്തില്‍ ഗര്‍ഭാശയത്തിലെ എസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതെയാകുമ്പോള്‍ അവ അടര്‍ന്ന് രക്തത്തുള്ളികളായി യോനീ മുഖത്തിലൂടെ പുറത്തു പോകുന്നു. ഇതാണ് ആര്‍ത്തവം (മെന്‍സസ്).
പ്രത്യുല്പാദന വ്യവസ്ഥയുടെ ഓരോ ഘട്ടങ്ങളിലും, ചിന്തിക്കുന്നവര്‍ക്ക് അതിസങ്കീര്‍ണമായ ഘടനയുള്ള, നിര്‍ണിതമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നിരവധി സംവിധാനങ്ങളെയും അതിനെല്ലാം പിന്നിലെ യുക്തിബന്ധുരമായ സംവിധായകന്റെ സാന്നിധ്യവും ബോധ്യപ്പെടുക തന്നെ ചെയ്യും.