ഗര്‍ഭാശയ ഭിത്തിയില്‍ തന്നെ രൂപപ്പെട്ടുവരുന്ന അതിസങ്കീര്‍ണമായ വ്യവസ്ഥകളിലൊന്നാണ് ശരീരത്തിനു രൂപം നല്‍കുന്ന അസ്ഥി വ്യവസ്ഥ. ഏറ്റവും മുകളില്‍ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മസ്തിഷ്‌കത്തെ കാത്തുസൂക്ഷിക്കാനുള്ള, പഴുതുകളില്ലാത്ത തലയോട് (സ്‌കള്‍), കണ്ണിനു വേണ്ട കുഴികള്‍, മൂക്കിനു വേണ്ട പാലം, വായക്കുവേണ്ട പല്ലുകള്‍, ചെവിക്കു വേണ്ട തരുണാസ്ഥി. മസ്തിഷ്‌കത്തില്‍ നിന്ന് തുടങ്ങുന്ന സ്‌പൈനല്‍ കോഡിനെ സംരക്ഷിക്കാനും മനുഷ്യനു വളയാനും തിരിയാനുമെല്ലാം സാധിക്കും വിധമുള്ള നട്ടെല്ല്. നട്ടെല്ലിനകത്തുള്ള എല്ലിന്റെ കുഴലില്‍ സുഷുംന നാഡി. അടുക്കടുക്കായി സൃഷ്ടിക്കപ്പെട്ട നട്ടെല്ല്, ഹൃദയം, ശ്വാസകോശം, ഡയഫ്രം തുടങ്ങിയവക്ക് ഭദ്രമായ കവചമായി നിലകൊള്ളുന്ന നെഞ്ചെല്ലും വാരിയെല്ലുകളും തുടങ്ങിയവയുടെ ഘടനയും പ്രവര്‍ത്തനവുമെല്ലാം ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തമാണ്.
മനുഷ്യശരീരത്തില്‍ 213 അസ്ഥികളാണുള്ളത്. എല്ലാം വ്യക്തമായ കണക്കിന്റെയും അളവിന്റെയും അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിക്കപ്പെട്ടവ. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ചോദിക്കുന്നു: ''മരിച്ചതിനു ശേഷം അവരുടെ അസ്ഥി പഞ്ജരങ്ങളെ ഒരുമിച്ചുകൂട്ടാന്‍ നമുക്ക് സാധിക്കുകയില്ല എന്നാണോ അവര്‍ കരുതുന്നത്. അവരുടെ വിരല്‍തുമ്പുകളെ ശരിപ്പെടുത്താന്‍ കഴിവുള്ളവനാണവന്‍''.