പതിനഞ്ചു മുതല്‍ പത്തൊന്‍പതു വരെ നൂറ്റാണ്ടുകള്‍ ലോകത്താകമാനം കോളനി വാഴ്ച്ചക്കാലമായിരുന്നു. പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് കോളനികള്‍ രാജ്യങ്ങളെ പങ്കിട്ടെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടിയാണ് ലോകത്ത് കോളനി വാഴ്ച്ച അവസാനിച്ചത്. കൊളോണിയല്‍ വടംവലിയുടെ ഭാഗമായി രണ്ടു ലോകമഹായുദ്ധങ്ങളുണ്ടായി. രാജ്യങ്ങള്‍ക്കിടയില്‍ പല തരത്തിലുള്ള വിഘടന-സംയോജനങ്ങളും സ്വയം ഭരണവും സ്വതന്ത്ര ഭരണകൂടങ്ങളും നിലവില്‍ വന്നു. ലോകരാഷ്ട്രങ്ങളുടെ പൊതുഇടം എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയും നിലവില്‍ വന്നു (1945). പാശ്ചാത്യന്‍ രാജ്യങ്ങളാണ് ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ കോളനികളാക്കി വെച്ചിരുന്നത്. പാശ്ചാത്യന്‍ കൊളോണിയല്‍ മേല്‍ക്കോയ്മ നൂറ്റാണ്ടുകളോളം ഇന്ത്യയും അനുഭവിച്ചിട്ടുണ്ടല്ലോ.
മധ്യനൂറ്റാണ്ടുകളില്‍ ലോകത്തിനു മുന്നില്‍ നാഗരിക-ശാസ്ത്രീയ-ഭരണരംഗങ്ങളില്‍ മികച്ചു നിന്നിരുന്ന മുസ്‌ലിം ഖിലാഫത്ത് ക്ഷയിച്ചു തുടങ്ങി. പത്തൊന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും തുര്‍ക്കി കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഉസ്മാനിയാ ഭരണകൂടങ്ങളിലൂടെ (Ottomen Turkey) ഖിലാഫത്ത് പേരിന് മാത്രമായി നില നിന്നു. പ്രഭാവം നിലച്ച മുസ്‌ലിം സമൂഹം പിന്നാക്കാവസ്ഥയിലേക്ക് തള്ളപ്പെട്ടു തുടങ്ങി. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും സരണിയില്‍ നിന്ന് അവരകന്നു. ആദര്‍ശജീവിതത്തിനു പകരം ഒട്ടേറെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടി. പ്രമാണബദ്ധമായ ആദര്‍ശവിശുദ്ധിക്ക് പകരം പാരമ്പര്യങ്ങളും നാട്ടാചാരങ്ങളും മുസ്‌ലിംകള്‍ പിന്തുടര്‍ന്നു. എല്ലാ അര്‍ഥത്തിലും പിന്നാക്കത്തിലും അധഃസ്ഥിതിയിലും ആയിത്തീര്‍ന്നു മുസ്‌ലിംകള്‍. ഏതാണ്ട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ.
പ്രാചീന സമൂഹങ്ങളിലേക്ക് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടിരുന്നു. മുഹമ്മദ് നബിക്കു ശേഷം പ്രവാചകന്‍മാര്‍ ഉണ്ടാവില്ല. ഇസ്‌ലാമിക പണ്ഡിതന്‍മാരാണ് ആ ദൗത്യം ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടത്. ഒരു നിയോഗമെന്നോണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലബ്ധപ്രതിഷ്ഠരായ പണ്ഡിതന്‍മാരും മഹത്തുക്കളും മുസ്‌ലിംകള്‍ക്കിടയില്‍ നവജാഗരണ വുമായി രംഗത്തുവരികയുണ്ടായി. പണാധിപത്യമോ ഭരണാധികാരമോ സൈനിക ശക്തിയോ ആയിരുന്നില്ല അവരുടെ കൈമുതല്‍. വിശുദ്ധ ഖുര്‍ആനും നബിചര്യയും മുറുകെ പിടിച്ചുകൊണ്ടുള്ള ബോധവത്ക്കരണമായിരുന്നു അവര്‍ ചെയ്തത്. അന്തിമപ്രവാചകന്‍ ഉദയം ചെയ്ത ഹിജാസില്‍ നിന്നു തന്നെയായിരുന്നു നവോത്ഥാനത്തിന്റെയും തുടക്കം. മുഹമ്മദ് ബ്‌നു അബ്ദില്‍ വഹ്ഹാബ് (1701-1793) നയിച്ച വിശ്വാസ വിപ്ലവം മുസ്‌ലിംകള്‍ക്കിടയില്‍ ധൈഷണികമായ ഉണര്‍വുണ്ടാക്കി. അതേ കാലഘട്ടത്തില്‍ തന്നെ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (1703-1762) അതേ ദൗത്യനിര്‍വഹണവുമായി ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന് തുടക്കമിട്ടു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ഇന്ന് കാണുന്ന മുസ്‌ലിം പ്രഭാവത്തിന് ഉയിരും ഊര്‍ജവും പകര്‍ന്നത് ആ നവോത്ഥാന സംരംഭങ്ങളായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്‌ലാമിക ജാഗരണം ഉണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിലുമായി ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച സയ്യിദ് റശീദ് റിദാ (1865-1935) ആ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കി. തന്റെ 'അല്‍ മനാര്‍' (പ്രകാശഗോപുരം) എന്ന പ്രസിദ്ധീകരണം ലോകത്ത് ചിന്താവിപ്ലവം സൃഷ്ടിച്ചു. അതേ കാലഘട്ടത്തില്‍ തന്നെയാണ് കേരളത്തില്‍ സനാഉല്ലാഹ് മക്തി തങ്ങളും (1874-1912) വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും (1873-1932) ഇസ്‌ലാമിക ജാഗരണത്തിന് വിത്തു പാകിയത്. ഇതെല്ലാം വ്യക്തിനിഷ്ഠമായ പ്രവര്‍ത്തനങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഈദൃശനവോത്ഥാന യജ്ഞങ്ങള്‍ക്ക് സംഘടിത രൂപം വന്നു. പരസ്പരം ബന്ധപ്പെടാനും തുടങ്ങി. ഇരുപതാം നൂറ്റാണ്ട് ലോകത്ത് മുസ്‌ലിംകള്‍ക്ക് മതകീയ-ധൈഷണിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം ഒട്ടേറെ പ്രഭാവം കൈവന്ന കാലമായിരുന്നു എന്നു പറയാം.