Skip to main content

നവോത്ഥാനത്തിന്റെ നൂറ്റാണ്ട്

ഇരുപതാം നൂറ്റാണ്ട് അക്ഷരാര്‍ഥത്തില്‍ കേരള മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ കാലഘട്ടമായിരുന്നു. മുസ്‌ലിം സമൂഹത്തില്‍ ഇന്നു കാണുന്ന സകലമാന ഉത്ഥാനവും ജാഗരണവും പുരോഗതിയും കൈവരിച്ചത് ഈ കാലഘട്ടത്തിലാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ സാമൂഹിക സ്ഥിതി അതി ദയനീയമായി നില്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിംകള്‍ എല്ലാ നിലയിലും പ്രബുദ്ധത കൈവരിക്കാന്‍ കാരണം കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഇവിടെ നടന്ന ജാഗരണമായിരുന്നു. ഇതിന്റെ ആകത്തുകയാണ് നവോത്ഥാനം എന്നത്.

നവോത്ഥാനത്തിന് ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ അവിടവിടെ കാണപ്പെട്ട മഹാമനുഷ്യരുടെ സമര്‍പ്പിത മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ചയും സംഘടിത രൂപവും കൈവന്നപ്പോള്‍ അത് സമുദായത്തിന്റെ സമഗ്രപുരോഗതിയായി മാറി. പുരോഗതിയുടെ ഈ സമഗ്രതയാണ് നവോത്ഥാനം. ഏതെങ്കിലും നേതാവോ പണ്ഡിതനോ സാമൂഹികപ്രവര്‍ത്തകനോ താന്‍ നവോത്ഥാനപ്രവര്‍ത്തനം നടത്തുകയാണെന്ന് പറഞ്ഞിട്ടില്ല. നവോത്ഥാനം എന്ന പേരില്‍ ഒരു സംഘടനയോ പ്രസ്ഥാനമോ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സമൂഹത്തില്‍ സമഗ്രതല സ്പര്‍ശിയായ പുരോഗതി കൈവരിക്കുമ്പോഴേ അത് നവോത്ഥാനമാകൂ.

കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ത്തിയെടുത്ത പരിവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പ്രഥമവും പ്രധാനവുമായി നടന്നത് വിശുദ്ധ ഖുര്‍ആനിലേക്കുള്ള തിരിച്ചു പോക്കായിരുന്നു. ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ ജീവിതമെന്ന് മുസ്‌ലിംകള്‍ മനസാവാചാ കര്‍മണാ അംഗീകരിച്ചു തുടങ്ങിയപ്പോള്‍ ഇതര രംഗങ്ങളിലും പരിവര്‍ത്തനത്തിന്റെ നാമ്പുകള്‍ വിടര്‍ന്നു. നാട്ടാചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമപ്പുറം പ്രമാണബദ്ധമായ ജീവിതം നയിക്കണമെന്ന ബോധവത്കരണമാണ് ആദ്യം നടത്തിയത്. അതിന്നായി മതപഠനത്തിന് പ്രാമുഖ്യം നല്‍കി. നവോത്ഥാനത്തിന്റെ ഊടും പാവുമായി വര്‍ത്തിച്ച ഘടകങ്ങള്‍ ഇവയായിരുന്നു. (ഒന്ന്), വിശുദ്ധ ഖുര്‍ആനിലൂടെയുള്ള മതപഠനം. (രണ്ട്), മതപഠനത്തോടൊപ്പം പൊതു വിദ്യാഭ്യാസം. (മൂന്ന്), വിശ്വാസവും അനുഷ്ഠാനവും സമൂഹക്ഷേമ പ്രവര്‍ത്തനങ്ങളും ഒന്നിച്ച് നീങ്ങി. (നാല്), സമൂഹത്തിന്റെ അര്‍ധഭാഗമായ സ്ത്രീ ശാക്തീകരണം. (അഞ്ച്), മത നിരപേക്ഷതയിലൂന്നിയ രാഷ്ട്രീയ പ്രബുദ്ധത. (ആറ്), വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള സംഘടിത മുന്നേറ്റവും ആസൂത്രണങ്ങളും. (ഏഴ്), മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. (എട്ട്), സാക്ഷരതയ്‌ക്കൊപ്പം നിറഞ്ഞു നിന്ന പത്രപ്രസിദ്ധീകരണങ്ങളും കനപ്പെട്ട ഗ്രന്ഥങ്ങളും. (ഒന്‍പത്), ഇതര മതവിഭാഗങ്ങളുമായുള്ള അടുത്ത ബന്ധം. (പത്ത്), ദിശാബോധമുള്ള, നിഷ്‌കാമകര്‍മ യോഗികളായ മഹത്തുക്കളുടെ നേതൃത്വം. 

ഇവയെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഇതര വിഭാഗങ്ങള്‍ക്കൊപ്പം മുസ്‌ലിം സമുദായവും സമുദായത്തിന്റെ മുഖ്യധാരയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കെല്പു കൈവരിച്ചുവെന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സന്ദേശം. 

Feedback