Skip to main content

അല്‍ വാഖിദി

ആദ്യകാല മുസ്‌ലിം ചരിത്രകാരനും മുഹമ്മദ് നബി(സ്വ)യുടെ ജീവചരിത്രകാരനുമാണ് അല്‍ വാഖിദി എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധനായ അബൂ അബ്ദില്ല മുഹമ്മദ് ഇബ്‌നു ഉമര്‍ ഇബ്‌നു വാഖിദ്. പിതാമഹന്റെ പേരില്‍ നിന്നാണ് പേര് നിഷ്പന്നമായത്.

ക്രി.വ.747(ഹി.130)ല്‍ മദീനയിലാണ് അല്‍ വാഖിദി ജനിച്ചത്. മസ്ജിദുന്നബവിയിലെ ഇമാം മാലിക്കുബ്‌നു അനസിന്റെ സദസ്സില്‍ നിന്ന് വിജ്ഞാനം നേടിയ അല്‍ വാഖിദി, അക്കാലത്തെ പ്രമുഖ പണ്ഡിതരായ സുഫ്‌യാനുസ്സൗരി, ഇബ്‌നു അബീ തഹബ് മഅ്മറുബ്‌നു റാശിദ് എന്നിവര്‍ക്കും ശിഷ്യപ്പെട്ടു.

50-ാം വയസ്സില്‍ മദീനയില്‍ നിന്ന് പലായനം ചെയ്ത് ഇറാഖിലെത്തിയ അല്‍ വാഖിദിയെ അവിടുത്തെ ഗവര്‍ണറായ യഹ്‌യ അല്‍ ബര്‍മകി സ്വീകരിച്ചു. വാഖിദിയുടെ പാണ്ഡിത്യത്തിനുള്ള അംഗീകാരമെന്നോണം ന്യായധിപ പദവിയില്‍ നിയമിക്കുകയും ചെയ്തു.

മുഹമ്മദ് നബി(സ്വ) നയിച്ച യുദ്ധങ്ങളെക്കുറിച്ച് വിവരിക്കുന്ന 'കിതാബുത്താരീഖി വല്‍മഗാസി', 'ഫുതൂഹുശ്ശാം' തുടങ്ങിയവയാണ് അല്‍ വാഖിദിയുടെ രചനകളില്‍ ചിലത്. 

വാഖിദിയുടെ രചനകളുടെ കാര്യത്തില്‍ പാശ്ചാത്യരും പൗരസ്ത്യരും വിഭിന്ന വീക്ഷണ ഗതിക്കാരാണ്. പാശ്ചാത്യര്‍ വാഖിദിയെ അംഗീകരിക്കുമ്പോള്‍ ഇസ്‌ലാമിക പണ്ഡിതരില്‍ പലരും അദ്ദേഹത്തെ തള്ളുകയാണ്. ബ്രിട്ടീഷുകാരനായ മാര്‍ട്ടിന്‍ ലിങ്‌സ് തന്റെ പ്രവാചകചരിത്ര രചനക്ക് വാഖിദിയെ യഥേഷ്ടം ആശ്രയിച്ചിട്ടുണ്ട്. എന്നാല്‍ ഇമാം ശാഫിഈ, അഹ്മദ് ബ്‌നു ഹംബല്‍, അന്നസാഈ തുടങ്ങിയ പണ്ഡിതരെല്ലാം അല്‍ വാഖിദി വ്യാജപ്രചാരകനാണെന്ന പക്ഷക്കാരാണ്.

ക്രി.വ.823 (ഹി.207)ല്‍ അദ്ദേഹം നിര്യാതനായി.
 

Feedback