രചനാവൈഭവത്താലും ആധികാരികതയാലും കാലത്തെ അതിജയിച്ച വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ജാമിഉല്‍ ബയാനിന്റെ കര്‍ത്താവാണ് ഇബ്‌നു ജരീര്‍ അത്വബ്‌രീ. ഖുര്‍ആന്‍, ഹദീസ്, ചരിത്രം, ഭാഷ, ദൈവശാസ്ത്രം തുടങ്ങിയ വിജ്ഞാനീയങ്ങളില്‍ ഒരുപോലെ അവഗാഹം സിദ്ധിച്ച, ഇസ്‌ലാമിക ചരിത്രത്തിലെ അപൂര്‍വ പണ്ഡിത തേജസ്സ് കൂടിയാണ് ത്വബ്‌രി.
ക്രി.വ 839(ഹി.224)ല്‍ ഇറാനിലെ ത്വബ്‌രിസ്താനിലാണ് ജനനം. അബൂ ജഅ്ഫര്‍ മുഹമ്മദ്ബ്‌നു ജരീര്‍ ബ്ന്‍ യസീദ് അത്വബ്‌രീ എന്നാണ് പൂര്‍ണ നാമം. ബാല്യം മുതല്‍ തന്നെ വിസ്മയകരമായ പ്രതിഭ കാണിച്ച ഇബ്‌നുജരീര്‍ ഏഴാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കുകയും എട്ടാം വയസ്സില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഒന്‍പതു വയസ്സായപ്പോള്‍ ഹദീസ് പഠനം തുടങ്ങി. പന്ത്രണ്ടാം വയസ്സില്‍ ഉപരിപഠനത്തിനായി നാടുവിടുകയും ചെയ്തു. റയ്യിലെത്തിയ ഇബ്‌നു ജരീറിന് വിശ്രുത പണ്ഡിതന്‍ ഇബ്‌നു ഹുമൈദിനെ ഗുരുനാഥനായി കിട്ടി.
വിജ്ഞാനം തേടി സിറിയ, ഫലസ്തീന്‍, ഈജിപ്ത്, ലബനാന്‍, ഹിജാസ് എന്നിവിടങ്ങളി ലെത്തിയ അദ്ദേഹം പ്രസിദ്ധരായ ഖുര്‍ആന്‍, ഹദീസ്, ചരിത്ര പണ്ഡിതരെ ഗുരുനാഥന്‍മാരായി സ്വീകരിച്ചു.
സ്വതന്ത്രവീക്ഷണം പുലര്‍ത്തിയിരുന്ന ത്വബ്‌രിയെ മുജ്തഹിദുകളായ ഇമാമുമാരുടെ ഗണത്തിലാണ് ഇബ്‌നു ഖല്ലിക്കാന്‍, അബൂ ഇസ്ഹാഖുശ്ശീറാസി എന്നിവര്‍ എണ്ണിയിട്ടുള്ളത്.
ബഗ്ദാദിലുണ്ടായിരുന്ന കാലത്ത് അദ്ദേഹം ഫത്‌വ നല്‍കിയിരുന്നത് ഇമാം ശാഫിഈയുടെ മദ്ഹബ് അനുസരിച്ചായിരുന്നു. എന്നാല്‍ സ്വതന്ത്രചിന്താധാര രൂപപ്പെടുത്തിയതിനു ശേഷം ശാഫിഈ മദ്ഹബ് അദ്ദേഹം കൈയ്യൊഴിച്ചു.
ദൈവശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇമാം മുഅ്തസിലീ വാദങ്ങളെ തരിപ്പണമാക്കിയിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ സലഫിന്റെ വീക്ഷണം കൈകൊണ്ട ഇബ്‌നു ജരീര്‍ ക്രി.923 (ഹി.310)ല്‍ നിര്യാതനായി.
ത്വബ്‌രീയുടെ രചനകള്‍
അവഗാഹം നേടിയ വിഷയങ്ങളിലെല്ലാം ഈടുറ്റ ഗ്രന്ഥങ്ങള്‍ ത്വബ്‌രി രചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പില്ക്കാലത്ത് മൂന്ന് കൃതികള്‍ മാത്രമാണ് അദ്ദേഹത്തിന്റെതായി കണ്ടെടുക്കപ്പെട്ടത്. ഇവയില്‍ അമൂല്യമായത് ഖുര്‍ആന്‍ വ്യഖ്യാന കൃതിയായ 'ജാമിഉല്‍ ബയാന്‍ അന്‍ തഅ്‌വീലി ആയില്‍ ഖുര്‍ആന്‍' തന്നെയാണ്. തഫ്‌സ്വീറുത്വബ്‌രീ, തഫ്‌സീറു ഇബ്‌നു ജരീര്‍, അത്തഫ്‌സീറുല്‍ കബീര്‍ എന്നീ പേരുകളിലും ഇത് പ്രസിദ്ധമാണ്.
ഏഴുവര്‍ഷമെടുത്ത് (ഹി.283-290) മുപ്പതിനായിരത്തോളം പേജുകളിലായി എഴുതിത്തീര്‍ത്ത ഈ വ്യഖ്യാനം 30 വാള്യങ്ങളായാണ് പുറത്തിറങ്ങിയത്. കാലാന്തരത്തില്‍ ഈ രചന വിസ്മൃതിയിലായി. 19-ാം നൂറ്റാണ്ടില്‍ നജ്ദിലെ അമീറായിരുന്ന മഹ്മൂദ് ബ്‌നു അബ്ദില്‍ റശീദിന്റെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ് പിന്നീട് ഇത് കണ്ടെടുക്കപ്പെട്ടത്. ഹദീസ്, സ്വഹാബിമാരുടെയും താബിഉകളുടെയും വീക്ഷണം, വ്യത്യസ്ത വീക്ഷണങ്ങളുടെ വിശകലനം എന്നിവ സഹിതമാണ് ത്വബ്‌രീ ഖുര്‍ആനിനെ വ്യാഖ്യാനിച്ചിരുന്നത്.
ഇസ്‌ലാമിക ചരിത്രത്തിലെ എക്കാലത്തെയും പ്രഥമാവലംബ കൃതിയായ 'താരീഖുത്തബ്‌രി' യാണ് ത്വബ്‌രിയുടെ രണ്ടാമത്തെ രചന. 'താരീഖുര്‍റസൂലി വല്‍ മുലൂക്ക്' എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ചരിത്രകാരന്‍മാരുടെ പ്രാമാണിക ചരിത്രഗ്രന്ഥം കൂടിയാണ്.
സ്വഹാബിമാരുടെ ചരിത്രം പറയുന്ന 'തഹ്ദീബുല്‍ ആസാര്‍' എന്ന കൃതിയും ത്വബ്‌രീയുടെതായി ഉണ്ട്. എന്നാല്‍ ഇത് അപൂര്‍ണമാണ്.