Skip to main content

എ.ജി. നൂറാനി

ഇന്ത്യന്‍ ചരിത്രകാരനും അഭിഭാഷകനും കോളമിസ്റ്റും രാഷ്ട്രീയ നിരൂപകനുമാണ് എ.ജി. നൂറാനി എന്നറിയപ്പെടുന്ന അബ്ദുല്‍ ഗഫൂര്‍ അബ്ദുല്‍ മജീദ് നൂറാനി. സുപ്രീം കോടതിയിലും ഹൈക്കോടയിയിലും അഭിഭാഷകനായിരുന്നു. എഴുത്തും വായനയും പ്രസംഗവും നിയമപോരാട്ടവും ആക്ടിവിസവുമൊക്കെ സമ്മേളിച്ച അപൂര്‍വം വ്യക്തിത്വമായിരുന്നു അദ്ദേഹം

AG Noorani

1930 സെപ്തംബര്‍ 16 ന് മുംബൈയില്‍  ജനിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ചരിത്രത്തിലും ആഴത്തില്‍ വേരൂന്നിയ കുടുംബമാണ് നൂറാനിയുടേത്. പിതാവ് അബ്ദുള്‍ ഗഫൂര്‍ പാകിസ്താന്‍ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ അടുത്ത അനുയായിയായിരുന്നു. 

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മുംബെ ഗവ: ലോ കോളേജില്‍ നിന്ന് നിയമബിരുധം നേടി. ഇന്ത്യന്‍ ഭരണഘടനയിലും ചരിത്രത്തിലും കശ്മീര്‍ വിഷയത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. 1960 മുതല്‍ പ്രമുഖ പത്രങ്ങളില്‍ എഴുതിയ കോളങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ദി ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, ഡോണ്‍, ഫ്രണ്ട്‌ലൈന്‍, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ പത്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതി.

മുംബൈ സര്‍വകലാശാലയില്‍ നിന്നാണ് നൂറാനി നിയമം പഠിച്ചത്. പിന്നീട് ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ പി.എച്ച്.ഡി.  
 
ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് നൂറാനി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം അവിടെ പ്രാക്ടീസ് ചെയ്തു. ഇക്കാലയളവില്‍ അദ്ദേഹം ഇന്ത്യയുടെ നിയമവ്യവസ്ഥയെക്കുറിച്ചും ഭരണഘടനാ ചട്ടക്കൂടുകളെക്കുറിച്ചും ആഴത്തിലുള്ള ധാരണ വികസിപ്പിച്ചെടുത്തു.

മതേതരത്വത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും പ്രഭാഷണങ്ങളിലും സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്ത് അക്കാദമിക, പൊതുജീവിതത്തില്‍ സജീവമാവുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയില്‍ പലരും പറയാന്‍ മടിച്ച സത്യങ്ങളാണ് അദ്ദേഹം ചരിത്രത്തിന്റെയും നിയമത്തിന്റെയും പിന്‍ബലത്തില്‍ സമര്‍ഥിച്ചത്. അതില്‍ ഏറ്റവും പ്രധാനം ഭരണകൂടത്തിനകത്തെ ഹിന്ദുത്വയോടുള്ള ആഭിമുഖ്യമായിരുന്നു. കശ്മീര്‍ വിഷയത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ദി കശ്മീര്‍ ക്വസ്റ്റിയന്‍. കശ്മീരിലെന്ന പോലെ ബാബ്‌രി മസ്ജിദ് വിഷയത്തിലും നൂറാനി സുപ്രധാനമായ എഴുത്തിടപെടല്‍ നടത്തി. 2003 ല്‍ രണ്ട് വാല്ല്യങ്ങളായി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ദി ബാബ്‌രി മസ്ജിദ് ക്വസ്റ്റിയന്‍ 1528-2003. 

ഇന്ത്യന്‍ ചരിത്രരചനയിലും രാഷ്ട്രീയ വ്യാഖ്യാനത്തിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. നിരവധി പുരസ്‌കാരങ്ങള്‍ നൂറാനി നേടിയിട്ടുണ്ട്. 2007ല്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍, 2001 ല്‍ 'ദി സവര്‍ക്കര്‍ ഹിന്ദുത്വ: ദ ഗോഡ്‌സെ കണക്ഷന്‍' എന്ന ഗ്രന്ഥത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ്, 2003 ല്‍ ഇന്ത്യന്‍ ചരിത്രത്തിനും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ക്കുള്ള മൗലാന അബുല്‍ കലാം ആസാദ് അവാര്‍ഡ്  നേടി. 

ബദ്‌റുദ്ദീന്‍ ത്വയ്യിബ് ജി, ഡോ സാകിര്‍ ഹുസൈന്‍ എന്നിവരുടെ ജീവചരിത്ര ഗ്രന്ഥമെഴുതിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ബാബ്‌രി മസ്ജിദ് വിധിയെക്കുറിച്ചുള്ള പണിപ്പുരയിലായിരുന്നു നൂറാനിയുടെ അവസാന നാളുകള്‍. 29 ആഗസ്ത് 2024 ന് 94ാമത്തെ വയസ്സില്‍ മുംബെയില്‍ മരണം. മകന്‍ അസ്‌കരി നൂറാനി പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്.

ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍:

 

  • The Destruction of Hyderabad (2014)
  • The Kashmir Dispute 1947–2012, 2 Volume set (editor, 2013)
  • Islam, South Asia and the Cold War (2012)
  • Article 370: A Constitutional History of Jammu and Kashmir (2011)
  • Jinnah and Tilak: Comrades in the Freedom Struggle (2010)
  • India–China Boundary Problem 1846–1947: History and Diplomacy (2010)
  • The RSS and the BJP: A Division of Labour (2008)
  • Indian Political Trials 1775–1947 (2006)
  • Constitutional Questions and Citizens' Rights (2006)
  • The Trial of Bhagat Singh: Politics of Justice (2005)
  • The Muslims of India: A Documentary Record (editor, 2003)
  • Islam and Jihad: Prejudice versus Reality (2002)
  • The Babri Masjid Question 1528–2003: 'A Matter of National Honour', in two volumes (2003).
  • Constitutional Questions in India: The President, Parliament and the States (2002)
  • Savarkar and Hindutva (2002)
  • Challenges to Civil Rights Guarantees in India, (2012)
Feedback
  • Wednesday Feb 5, 2025
  • Shaban 6 1446