Skip to main content

അല്‍ സഗാനി

വാനനിരീക്ഷണത്തിനാവശ്യമായ ഉപകരണങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നിപുണന്‍. ശാസ്ത്ര ചരിത്രത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബാബിലോണിയന്‍, ഈജിപ്ഷ്യന്‍, ഗ്രീക്ക്, ഇന്ത്യന്‍ തുടങ്ങിയ അതിപുരാതന സംസ്‌കാരങ്ങളില്‍ ജീവിച്ചിരുന്ന പ്രാചീനരായ ശാസ്ത്രജ്ഞരും ആധുനിക കാലഘട്ടത്തില്‍ (അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന മുസ്‌ലിം ശാസ്ത്രജ്ഞര്‍) ജീവിച്ചിരുന്ന ശാസ്ത്രജ്ഞരും തമ്മിലുള്ള ഒരു താരതമ്യ പഠനമാണ് ഈ ഗ്രന്ഥങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  

ബുവൈഹിദ് രാജവംശ പരമ്പരയില്‍പ്പെട്ട സുല്‍ത്താന്‍ ശറഫുദ്ദൗലയുടെ കാലത്ത് ബഗ്ദാദില്‍ നിര്‍മിച്ച മുസ്‌ലിം ലോകത്തെ പ്രഥമ നിരീക്ഷണ കേന്ദ്രമായ വാനനിരീക്ഷണാലയത്തിലാണ് അല്‍ സഗാനി തന്റെ നിരീക്ഷണങ്ങള്‍ കൂടുതലായും നടത്തിയിരുന്നത്. ഇവിടെ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയതും ഇദ്ദേഹമായിരുന്നു. അബു ഹാമിദ് ബ്‌നു മുഹമ്മദ് അല്‍ സഗാനി അല്‍ അസ്ത്രലാബി എന്നാണ് മുഴുവന്‍ പേര്. നക്ഷത്ര ദൂരമാപക യന്ത്രം (ആസ്‌ട്രോലാബ്) നിര്‍മാതാവ് എന്ന അര്‍ഥത്തിലാണ് അദ്ദേഹത്തിന്റെ പേരിനൊപ്പം അല്‍ അസ്ത്രലാബി എന്ന ചേര്‍ക്കപ്പെട്ടത്. തന്റെ സമകാലികനായിരുന്ന പ്രസിദ്ധ ഗോളശാസ്ത്രജ്ഞന്‍ അബുല്‍വഫ അല്‍ ബുസ്ജാനിയുമായി സഗാനി നിരന്തമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു

സഗാനിയുടെ ജനനത്തെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ലെങ്കിലും എ ഡി 990ലാണ് മരണമെന്ന് ചില രേഖകളില്‍ കാണുന്നു. ഗണിത ശാസ്ത്ര വിദഗ്ധന്‍ എന്ന നിലയില്‍ ഒരു കോണിന്റെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളെ കുറിച്ച് പഠനം നടത്തുകയും തന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

'കിതാബുന്‍ ഫീ കൈഫീയത്തി തസ്ത്വീഹില്‍ കുറ അലാ സത്വ്ഹില്‍ അസ്‌ത്രേലാബ്' അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകളിലൊന്നാണ്.

Feedback