മാതാപിതാക്കള്‍ക്ക് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ഒരാള്‍ ഹജ്ജു ചെയ്യുന്നത് സ്വീകാര്യമാവുമോ?
മറുപടി: മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാമെന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. മരണപ്പെട്ട വ്യക്തികള്‍ക്ക് വേണ്ടി മയ്യിത്തു നമസ്‌കാരം നിര്‍വ്വഹിക്കാമെന്നും ഖുര്‍ആന്‍ പറയുന്നു. ഒരാള്‍ക്ക് നന്‍മ ലഭിക്കുവാന്‍ വേണ്ടി മറ്റുള്ളവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍പാടില്ലെന്നത് ഖുര്‍ആനിന്റെ ഒരു മൗലിക സിദ്ധാന്തമല്ല. എന്നാല്‍ ഒരാള്‍ക്ക് അവകാശപ്പെടാന്‍ അനുവാദമുള്ളത് അവന്‍ പ്രവര്‍ത്തിച്ചത് മാത്രമാണ്. അതുപോലെ അല്ലാഹു ഒരാള്‍ക്ക് പ്രതിഫലം നല്കുമെന്ന് വാഗ്ദാനം ചെയ്തത് അവന്‍ പ്രവര്‍ത്തിച്ചതിന്നു മാത്രമാണ്. ഇതാണ് മൗലിക സിദ്ധാന്തം.
മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുവാന്‍ അനുവദിച്ചതു നമുക്ക് ചെയ്യാവുന്നതാണ്. ചെയ്താല്‍ നമുക്ക് പ്രതിഫലം അനിവാര്യമല്ല. ചോദിക്കുവാന്‍ അവകാശപ്പെട്ടതുമല്ല. അല്ലാഹുവിന്റെ മഹത്തായ കാരുണ്യം കൊണ്ട് പ്രതിഫലം നല്കിയാല്‍ അത് അനുഭവിക്കാമെന്നു മാത്രം. പ്രാര്‍ഥന, മയ്യിത്തു നമസ്‌കാരം, ഹജ്ജ്, ഉംറ മുതലായവ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാമെന്ന് തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഈ വിഷയത്തില്‍ തുലനപ്പെടുത്തല്‍ (ഖിയാസ്) പാടില്ല. എന്താണോ ഖുര്‍ആനിലും നബിചര്യയിലും വന്നിട്ടുള്ളത് അത് ചെയ്യുവാന്‍ മാത്രമാണ് ഈ വിഷയത്തില്‍ നമുക്ക് സ്വാതന്ത്ര്യമുള്ളത്.