സംസം വെള്ളം എന്തുദ്ദേശിച്ചു കുടിക്കുന്നുവോ അതു ലഭിക്കുമെന്ന് ഹദീസിലുണ്ട്. ഇത് ശരിയാണോ? സംസം വെള്ളം കുടിക്കുന്നതിന്റെ മര്യാദകളെന്തൊക്കെയാണ് ?
മറുപടി : 'സംസം എന്തിനു വേണ്ടി കുടിച്ചുവോ അത് നിറവേറും' എന്ന ആശയം ഉള്‍കൊള്ളുന്ന ഒരു നബി വചനം ഒന്നിലേറെ നിവേദക പരമ്പര വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഒരു പരമ്പര പ്രബലമാണെന്ന് ചില ഹദീസ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റൊരു പരമ്പരയിലെ ഒരു റിപ്പോര്‍ട്ടറായ സുവൈദുബ്‌നു സഈദ് വിമര്‍ശന വിധേയനായിട്ടുണ്ട്. സംസം നല്ല ഭക്ഷ്യവസ്തുവും രോഗശമനിയുമാണെന്ന് നബി(സ്വ) പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസമിന്റെ മഹത്വം ചൂണ്ടിക്കാണിച്ചു കൊണ്ട്, അത് ജിബ്‌രീല്‍(അ) കുഴിച്ചതും ഇസ്മാഈല്‍(അ)ന് കുടിക്കാന്‍ നല്‍കപ്പെട്ടതുമാണെന്ന് നബി(സ്വ) പറഞ്ഞതായി ദാറുഖുത്‌നി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിന്നു കൊണ്ടാണ് നബി(സ്വ) സംസം കുടിച്ചതെന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ സംസം കുടിക്കാന്‍ വേണ്ടി നബി(സ്വ) തലപ്പാവോ തൊപ്പിയോ അഴിച്ചുവെച്ചുവെന്നോ കുടിക്കുമ്പോള്‍ ഖിബ്‌ലക്ക് മുന്നിട്ടുവെന്നോ സ്വഹീഹായ ഹദീസില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.