വിത്ര്‍ നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതേണ്ടതുണ്ടോ ?
മറുപടി : ഏറെ താഴ്മയോടെ നിര്‍വഹിക്കുന്ന പ്രത്യേക പ്രാര്‍ഥനയാണ് ഖുനൂത്ത്. ഏതാനും സ്വഹാബികളെ ചതിച്ചുകൊന്ന ചില ഗോത്രക്കാര്‍ക്ക് ദൈവിക ശിക്ഷയുണ്ടാകാന്‍ വേണ്ടി ഫര്‍ദ് നമസ്‌ക്കാരങ്ങളില്‍ കുറച്ച് കാലം നബി(സ്വ) ഖുനൂത്ത് നിര്‍വഹിച്ചിരുന്നുവെന്നും പിന്നീട് അത് നിര്‍ത്തിയെന്നും പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റസൂല്‍(സ്വ)വിത്ര്‍ നമസ്‌കാരത്തില്‍ റുകൂഇന് മുമ്പ് ഖുനൂത്ത് നിര്‍വഹിച്ചുവെന്ന് ഉബയ്യുബ്‌നു കഅ്ബ്(റ)ല്‍ നിന്ന് ഇബ്‌നുമാജയും നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ സനദ് (നിവേദക പരമ്പര) ദുര്‍ബലമാണെന്ന് പൂര്‍വിക പണ്ഡിതന്‍മാരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ചതായി ശൗകാനി നൈലുല്‍ ഔത്വാറില്‍ ഉദ്ധരിച്ചിട്ടുണ്ട്.
വിത്‌റിലെ ഖുനൂത്ത് സുന്നത്താണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാര്‍ തെളിവായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് റസൂല്‍(സ്വ)യുടെ പേരമകന്‍ ഹസന്‍(റ)ല്‍ നിന്ന് ഇബ്‌നു ഖുസൈമയും ഇബ്‌നു ഹിബ്ബാനും ഹാകിമും ദാറുഖുത്‌നിയും ബൈഹഖീയും ഉദ്ധരിച്ചിട്ടുള്ള ഹദീസാണ്. വിത്‌റിന്റെ ഖുനൂത്തില്‍ അല്ലാഹുമ്മഹ്ദിനീ ഫീമന്‍ ഹദൈത്ത-വതആലൈത്ത എന്നീവാക്യങ്ങള്‍ ചൊല്ലാന്‍ റസൂല്‍(സ്വ) എന്നെ പഠിപ്പിച്ചുവെന്ന് ഹസന്‍(റ) പറയുന്നതായാണ് ഈ ഹദീസ്. ഇബ്‌നു ഹിബ്ബാന്‍ ഇതിനെതിരില്‍ ഉന്നയിച്ച വിമര്‍ശനം നബി(സ്വ) മരണപ്പെടുമ്പോള്‍ ഹസന് എട്ടുവയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നതാണത്. രാത്രിയിലെ സുന്നത്ത് നമസ്‌കാരത്തില്‍ ചൊല്ലാനുള്ള ഖുനൂത്ത് ആ പ്രായത്തിലുള്ള ഒരു ക.ുട്ടിയെ നബി(സ്വ) പഠിപ്പിച്ചിരിക്കാന്‍ സാധ്യത കുറവാണ്. ഈ ഖുനൂത്ത് വാക്യങ്ങള്‍ മുതിര്‍ന്ന സ്വഹാബിമാരെ ആരെയും നബി(സ്വ) പഠിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാകുന്നു. ഈ ഹദീസിന്റെ ചില പരമ്പരകളില്‍ ഖുനൂത്ത്, വിത്ര്‍ എന്നീ വാക്കുകള്‍ പറയാതെ റസൂല്‍(സ്വ) ഞങ്ങള്‍ക്ക് ഈ വാക്കുകള്‍ പഠിപ്പിച്ചു തന്നിരുന്നു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നതും ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവ്വിഷയകമായി വന്ന റിപ്പോര്‍ട്ടുകള്‍ക്ക് ചില ന്യൂനതകള്‍ ഉള്ളതായി ചൂണ്ടിക്കാണിക്ക പ്പെട്ടിട്ടുണ്ടെങ്കിലും പല പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതിനാല്‍ അവയെ പ്രമാണമാക്കാം എന്നാണ് ഈ ഖുനൂത്ത് സുന്നത്താണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുടെ നിലപാട്. എന്നാല്‍ പൂര്‍വീക പണ്ഡിതന്‍മാരില്‍ ഒരാളായ ത്വാഊസ് വിത്‌റിലെ ഖുനൂത്ത് ബിദ്അത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ), അബൂഹുറയ്‌റ(റ), ഉര്‍വ(റ) എന്നിവരില്‍ നിന്നും ഇതേ അഭിപ്രായം മുഹമ്മദ്ബ്‌നു നസ്വ്ര്‍ ഉദ്ധരിച്ചിട്ടുണ്ട്.