Skip to main content

പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തല്‍

ഫര്‍ദ് നമസ്‌കാര ശേഷം ദുആ ചെയ്യുമ്പോള്‍ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കാന്‍ പാടില്ലേ? 

മറുപടി : നമസ്‌കാര ശേഷം നബി(സ്വ) പ്രാര്‍ഥിച്ചതായും പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചതായും പ്രമാണികമായ ഹദീസുകളില്‍ കാണാം. പക്ഷേ ഈ സമയത്ത് കൈകള്‍ ഉയര്‍ത്തണമെന്നോ ഉയര്‍ത്തരുതെന്നോ അദ്ദേഹം വ്യക്തമാക്കിയതായി ഹദീസുകളില്‍ കാണുന്നില്ല. നബി(സ്വ) വിവിധ സന്ദര്‍ഭങ്ങളില്‍ കൈകള്‍ പൊക്കിക്കൊണ്ട് പ്രാര്‍ഥിച്ചതായി വ്യക്തമാക്കുന്ന മുപ്പതോളം പ്രാമാണികമായ ഹദീസുകളുണ്ടെന്ന് ചില പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അനസ്(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ''മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോഴല്ലാതെ മറ്റു പ്രാര്‍ഥനാ വേളകളിലൊന്നും നബി(സ്വ) കൈകള്‍ പൊക്കാറുണ്ടാ യിരുന്നില്ല. ആ സമയത്ത് കക്ഷങ്ങളുടെ വെളുപ്പ് കാണപ്പെടുവോളം അദ്ദേഹം കൈകള്‍ പൊക്കുമായിരുന്നു''. ദീര്‍ഘകാലം നബി(സ്വ)യുടെ സേവകനായിരുന്ന അനസ്(റ) ഇപ്രകാരം പറഞ്ഞതിനാല്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ മാത്രമേ കൈകള്‍ പൊക്കാവൂ എന്നും മറ്റു പ്രാര്‍ഥനാ വേളകളില്‍ കൈകള്‍ പൊക്കുന്നത് അനാചാരമാണെന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അനസ്(റ) കണ്ടില്ല എന്നതിന്റെ പേരില്‍ നബി(സ്വ) പലപ്പോഴും കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുന്നത് കണ്ട സ്വഹാബികളില്‍ നിന്നുള്ള പ്രബലമായ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നത് ശരിയല്ല. അനസ്(റ)ന്റെ ഹദീസ് കൂടി പരിഗണിച്ചു കൊണ്ട് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടത്, കക്ഷത്തെ വെളുപ്പ് കാണുമാറ് നബി(സ്വ) കൈകള്‍ പൊക്കുക എന്നത് മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നായിരിക്കാം ഉദ്ദേശിച്ചത് എന്നാണ്. അതായത് മറ്റുസന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥിക്കുമ്പോള്‍ മിതമായ അളവിലേ നബി(സ്വ) കൈകള്‍ ഉയര്‍ത്താറുണ്ടായിരുന്നുള്ളൂ എന്ന്. ഏതെങ്കിലും പ്രാര്‍ഥനാ വേളകളില്‍ കൈകള്‍ പൊക്കുന്നത് നബി(സ്വ) വിലക്കിയതായി പ്രാമാണികമായ യാതൊരു ഹദീസുകളിലും പറഞ്ഞിട്ടില്ല.

Feedback