ഖിയാമുല്ലൈലിന് പറയുന്ന മറ്റൊരു പേരാണ് വിത്ര്‍. ഈ നമസ്‌കാരം ഒന്നു മുതല്‍ പതിനൊന്നു വരെ റക്അത്തുകള്‍ നമസ്‌കരിക്കാം. അവസാനിപ്പിക്കേണ്ടത് ഒറ്റയായിക്കൊണ്ടാണ്. അതിനാല്‍ ഇതിന് വിതര്‍ അഥവാ ഒറ്റയായത് എന്ന് പേരു ലഭിച്ചു. അവസാനത്തിലെ മൂന്നു റക്അത്താണ് വിത്ര്‍ എന്നും അതു കൂടാതെ രണ്ടു വീതം നമസ്‌കരിക്കുന്നതിനെല്ലാം തറാവീഹ്, ഖിയാമുല്ലൈല്‍ എന്നിങ്ങനെ പറയുന്ന വേറെ നമസ്‌കരാമാണെന്നുമുള്ള ധാരണ ശരിയല്ല. ഒരു റക്അത്ത് നമസ്‌കരിച്ചാലും അഞ്ചു റക്അത്തു നമസ്‌കരിച്ചാലുമെല്ലാം മൊത്തത്തില്‍ അതിന് വിത്ര്‍ എന്നു പറയാവുന്നതാണ്.
എന്നാല്‍ രാത്രി നമസ്‌കരാത്തിലെ അവസാന മൂന്നു റക്അത്തുകളില്‍ ചില പ്രത്യേക സൂറത്തുകളായിരുന്നു നബി(സ) സ്ഥിരമായി പാരായണം ചെയ്യാറുണ്ടായിരുന്നത് എന്ന് ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അഅ്‌ലാ, കാഫിറൂന്‍, ഇഖ്‌ലാസ് എന്നീ സൂറത്തുകളാണ് അവ. അവസാന റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസിനു പുറമെ ഫലഖ്, നാസ് (മുഅവ്വിദതാന്‍) സൂറത്തുകള്‍ കൂടി പാരായണം ചെയ്യുന്നതിന് പ്രബലമായ തെളിവുകളില്ല.
അവസാന മൂന്നു റക്അത്തുകള്‍ ഒന്നിച്ച് നമസ്‌കരിക്കുകയല്ല, രണ്ടു റക്അത്ത് കഴിഞ്ഞ് സലാം വീട്ടി മൂന്നാം റക്അത്ത് ഒറ്റക്ക് നമസ്‌കരിക്കുക എന്നതാണ് നബിചര്യ.