Skip to main content

 അബ്ദുല്‍ മജീദ് അല്‍സിന്താനി

യമനിലെ അല്‍ ഇസ്വ്ലാഹ് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും ഈമാന്‍ യൂണീവേഴ്സിറ്റിയുടെ സ്ഥാപകനുമാണ് അബ്ദുല്‍ മജീദ് അല്‍സിന്താനി.

യമനിലെ ഇബ് പ്രവശ്യയിലെ അല്‍ശഅര്‍ ഗവര്‍ണറേറ്റിലെ അല്‍ദഹബിയില്‍ 1942 ല്‍ ജനനം. സാത്വികനായ പിതാവിന്‍റെ കീഴില്‍ ചിട്ടയും ധാര്‍മികതയും നിറഞ്ഞ ബാല്യം. അദ്ദേഹത്തിന്‍റെ കുടുംബ വേരുകള്‍ ചെന്നെത്തുന്നത്  സന്‍ആ ഗവര്‍ണറേറ്റിലെ അര്‍ഹബ് ഡിസ്ട്രിക്കിലെ സന്താന്‍ പ്രദേശത്തോട് ചേര്‍ത്താണ് പേരിന്നവസാനം വരുന്ന സിന്താനി എന്ന് വിളിച്ചുവരുന്നത്. 

abdul majeed zindani

തുര്‍ക്കി ഖിലാഫത്തിന്‍റെ തകര്‍ച്ചയോടെ യമനില്‍ ശക്തി പ്രാപിച്ച ഇമാമീ ഭരണകൂടത്തിന്‍റെ കീഴില്‍ നടത്തപ്പെട്ടിരുന്ന പരമ്പരാഗത എഴുത്തുശാലയിലും തുടര്‍ന്ന്    ഇബ് പ്രവശ്യയിലെയും അദനിലെയും പ്രൈമറി, സെക്കണ്ടറി സ്കൂളുകളിലുമായിരുന്നു അദ്ദേഹത്തിന്‍റെ  വിദ്യാഭ്യാസം. ശേഷം ഈജിപ്തിലെ ഐന്‍ ശംസിലെ ഫാര്‍മസി കോളേജില്‍ രണ്ടു വര്‍ഷത്തോളം വൈദ്യശാസ്ത്ര വിഷയങ്ങള്‍ പഠിച്ചെങ്കിലും മത വിഷയങ്ങളിലുള്ള അദ്ദേഹത്തിന്‍റെ താത്പര്യം കൈറോയിലെ വിഖ്യാതമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ എത്തിച്ചു. അധ്യാപകരും സഹപാഠികളായ സ്വന്തം നാട്ടുകാരുമായും ആശയവിനിമയത്തില്‍ സന്താനി അതീവ താത്പര്യം പ്രകടിപ്പിച്ചു. 

അസ്ഹറില്‍ പഠിച്ചുകൊണ്ടിരിക്കെ നാസിറി ഭരണത്തിന്നെതിരില്‍ ശക്തി പ്രാപിച്ച മുസ്ലിം ബ്രദര്‍ഹുഡിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. വിവരം മണത്തറിഞ്ഞ ഈജിപ്ഷ്യന്‍ ഭരണകൂടം മുഹമ്മദ് സുബൈരിയെയും സിന്താനിയെയും യൂണിവേഴ്സിറ്റിയില്‍ പഠനം തുടരുന്നതില്‍ നിന്ന് വിലക്കി യമനിലേക്ക് തിരിച്ചയച്ചു. യമനില്‍ നിലവിലുണ്ടായിരുന്ന ഇമാമീ ഭരണത്തിന്നെതിരെയും   പകരം ഒരു റിപപബ്ലിക്ക് ഭരണ രീതിക്ക്  വേണ്ടിയും  മുറവിളികള്‍ ശക്തമായിരുന്ന അക്കാലത്ത് അതുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. 

1962 സെപ്റ്റംബറിലെ വിപ്ലവം  ഇമാമിയ്യ ഭരണത്തിന്ന് അന്ത്യം കുറിക്കുകയും യമന്‍ ഒരു റിപ്പബ്ലിക്കായി പുനര്‍ജനിക്കുകയും ചെയ്തപ്പോള്‍, പ്രഥമ പ്രസിഡന്‍റ് അബ്ദുല്ല അല്‍സല്ലാല്‍ സിന്താനിയെ നാഷണല്‍ ഗൈഡന്‍സ് ഇന്‍ഫര്‍മേഷന്‍ ഡെപ്യുട്ടി മിനിസ്റ്ററായി നിയമിച്ചു. ഈ കാലയളവില്‍ തന്നെ വിദ്യാഭ്യാസ വകുപ്പിലെ കുഞ്ചിക സ്ഥാനങ്ങളില്‍ അവരോധിതനായി. 1968 ല്‍ പ്രൈമറി സെക്കണ്ടറി തലത്തിലെ വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച കിത്താബു ത്തൗഹീദ് എന്ന പാഠപുസ്തകം മൂന്ന് പതിറ്റാണ്ടിലേറെ പഠിപ്പിച്ചു പോന്നു. യമന്‍ റിപ്പബ്ലിക്കിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ അല്‍ അരിയാനിയുടെ കീഴില്‍ 1975 ല്‍ വിദ്യാഭ്യാസ സഹമന്ത്രിയായി അദ്ദേഹം നിയമിതനായി. 

അറിവിനോടുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത ദാഹം 1978 ല്‍ സുഊദി അറേബ്യയില്‍ എത്തിച്ചു. ഹിജാസില്‍ അക്കാലത്ത് പ്രഗത്ഭരായിരുന്ന ശൈഖ് ഇബ്നു ബാസിന്‍റെയും  ശൈഖ് ഉസൈമീന്‍റെയും കീഴില്‍, ഈജിപ്തില്‍ വെച്ച്  പാതിവഴിയില്‍ നിലച്ചുപോയ പഠനം പുനരാരംഭിച്ചു. അങ്ങനെ മത പ്രമാണങ്ങളെ പൂര്‍വാധികം  ഗവേഷണാത്മക രീതിയില്‍വിലയിരുത്താനും വ്യത്യസ്ത കോണിലൂടെ സമീപിക്കാനും  തുടങ്ങി. സുഊദി സവ്വകലശാലകളിലും ചിന്തകര്‍ക്കിടയിലും ഖുര്‍ആനിന്‍റെ ശാസ്ത്രീയാടിത്തറയെപ്പറ്റി കനപ്പെട്ട പ്രഭാഷണങ്ങള്‍ നടത്തി.   ഇതിന്നിടയില്‍ സുഡാനിലെ ഉമ്മു ദര്‍മാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. 

ഖുര്‍ആനിലെയും പ്രവാചക ചര്യയിലെയും അമാനുഷികതയെ പറ്റി പഠിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടു കൊണ്ട് വിശ്വോത്തര പണ്ഡിതന്മാരുടെ പങ്കാളിത്ത്വത്തോടെ ഒരു അന്താരാഷ്ട്ര സംഘടനക്ക് (International Organization for Scientific Miracles in the Holy Quran and Sunnah) അദ്ദേഹം നേതൃത്വം നല്‍കി. പാകിസ്താന്‍, മലേഷ്യ, മോസ്കോ, ഇന്തോനേഷ്യ തുടങ്ങി അനേകം സ്ഥലങ്ങളില്‍ ഖുര്‍ആനിലെ അമാനുഷികതയെ അധികരിച്ച് സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഇവ്വിഷകമായ പ്രസക്തമായ ചില പുസ്തകങ്ങളും അദ്ദേഹം പുറത്തിറക്കുകയുണ്ടായി. ലോകത്തെ പ്രഗത്ഭ ശാസ്ത്രജ്ഞരെ സമീപിച്ച് ഈ കൂട്ടായ്മയുടെ കണ്ടെത്തലുകള്‍ ബോധ്യപ്പെടുത്താനും ശ്രമിച്ചു.  യമനിനെ പ്രതിനിധികരിക്കുന്ന മുസ്ലിം വേള്‍ഡ് ലീഗിലെ അംഗം കൂടിയായിരുന്നു സിന്താനി.

രാഷ്ട്രീയത്തിലും  രാഷ്ട്ര നിര്‍മാണത്തിലും   സിന്താനി സജീവത പുലര്‍ത്തിയിരുന്നു. 1991 ല്‍ നിലവില്‍ വന്ന രാഷ്ട്രീയ നവീകരണ പ്രസ്ഥാനത്തിന്‍റെ (അല്‍ഇസ്ലാഹ്) സ്ഥാപകന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇതേ വര്‍ഷം ഭരണഘടനാ പരിഷ്കരണത്തിന് വേണ്ടി രാജ്യത്തുടനീളം നടന്ന കൂറ്റന്‍ പ്രകടനങ്ങളുടെ മുന്‍നിരയില്‍ സിന്താനി ഉണ്ടായിരുന്നു. 1993 ല്‍ സന്‍ആയില്‍   ഈമാന്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുകയും 20 വര്‍ഷത്തോളം അതിനെ നയിക്കുകയും ചെയ്തു. 1994 ലെ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഏകീകൃത യമനിന്ന് വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടു. 1995 ല്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിന്‍റെ വൈസ് ചെയര്‍മാനായി നിയമിതനായി. ഇസ്ലാമിലെ സാമ്പത്തിക ശാസ്ത്രത്തില്‍ സിന്താനി കാണിച്ച അതീവ താത്പര്യം കണക്കിലെടുത്ത്  1998 ല്‍ ഇസ്ലാമിക് ബാങ്കിങ്ങുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ക്കപ്പെട്ട പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ സ്വാഗതസംഘം ചെയര്‍മാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് അത്രയൊന്നും പ്രചാരം നേടിയിട്ടില്ലാത്ത ഓഹരി വിപണിയെ പ്രാദേശിക തലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് തദ്ദേശീയ   കമ്പനികള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹം  ജനങ്ങളെ ആഹ്വാനം ചെയ്യുകയും 'Yemen Fish and Marine Life Company' ഈ ആവശ്യാര്‍ഥം സ്ഥാപിക്കുകയും ചെയ്തു. 

2011 ല്‍ യമനില്‍ നടന്ന രാഷ്ട്രീയ വിപ്ലവത്തെ പിന്തുണച്ചു.  2014 ഓഗസ്റ്റില്‍ ഹൂതികള്‍ സന്‍ആയുടെ  അധികാരം കൈയടക്കിയതോടെ പ്രശസ്തമായ ഈമാന്‍ യൂണിവേഴ്സിറ്റിയും സ്ഥാപകനായ സിന്താനിയും അതിക്രൂരമായ രീതിയില്‍ വേട്ടയാടപ്പെട്ടു. ഹൂതികള്‍ സ്ഥാപനം കൈയടക്കിയതോടെ യമനിന് അകത്തും പുറത്തുമായുള്ള അനേകായിരം ഗവേഷണതത്പരരായ പണ്ഡിതരെ വാര്‍ത്തെടുത്ത ഈ സ്ഥാപനത്തിന്‍റെ ഭാവി  ഇരുളടഞ്ഞു.  എയ്ഡ്സിന്നും  രക്താര്‍ബുദത്തിന്നും മരുന്ന് കണ്ടെത്താനുള്ള വര്‍ഷങ്ങളായുള്ള ശ്രമവും നിലച്ചു. 2019 ല്‍ കൊറോണക്കും മരുന്നുണ്ടെന്ന് പറയാന്‍ സിന്താനിയെ പ്രേരിപ്പിച്ചത് തന്‍റെ ഗവേഷണ പാടവത്തിലുള്ള ആത്മവിശ്വാസമാകാം.
   
2015 ല്‍ സിന്താനിയുടെ വീടിന് നേരെ നടന്ന ആക്രമണത്തില്‍  അംഗരക്ഷകര്‍ കൊല്ലപ്പെടുകയും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ട് സുഊദി അറേബ്യയില്‍ അഭയം പ്രാപിക്കുകയും ചയ്തു. പരിമിത സഞ്ചാര സ്വാതന്ത്ര്യം മാത്രമുണ്ടായിരുന്ന അഞ്ചു കൊല്ലത്തെ  സുഊദി പ്രവാസത്തിന്നു ശേഷം 2020 നവംബര്‍ മാസത്തില്‍ തുര്‍ക്കിയിലെ ഇസ്തംമ്പൂളിലേക്ക് കുടുംബ സഹിതം താമസം മാറി. 2024 ഏപ്രില്‍ മാസത്തില്‍ തന്‍റെ 82ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിയുന്നതുവരെ അവിടെ തുടര്‍ന്നു. 

അറുപഴഞ്ചന്‍ ആശയമോ അപരിഷ്കൃത മതനിയമമോ ആയി മാത്രം ഖുര്‍ആനിനെ കാണണമെന്ന് വാശിപിടിച്ചിരുന്ന  പടിഞ്ഞാറന്‍  വിതണ്ഡ വാദങ്ങള്‍ക്ക് മുമ്പില്‍ നിശബ്ദരായി മാറുന്ന സാമാന്യ മുസ്ലിം ഉമ്മത്തിന് ആശയപരമായി പ്രതികരിക്കാനുള്ള പ്രാപ്തി തന്‍റെ ഗവേഷണത്തിലൂടെ സിന്താനി നല്‍കി. ഭ്രൂണശാസ്ത്രം, സമുദ്രശാസ്ത്രം  തുടങ്ങിയ മേഖലകളില്‍ സിന്താനി നടത്തിയ ഗവേഷണപരമായ പരാമര്‍ശങ്ങള്‍, ഖുര്‍ആനിലെയും ഹദീസിലെയും ശാസ്ത്രീയ അമാനുഷികത തെളിയിക്കുന്ന ശൈലിയിലും അവതരണത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന അനേകം   പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍, കനപ്പെട്ട പന്ത്രണ്ട് പുസ്തകങ്ങള്‍, ലേഖനങ്ങള്‍  തുടങ്ങിയവ ലോകത്തിന്നു നല്‍കിയാണ് സിന്താനി യാത്രയായത്. മത പണ്ഡിതന്‍, രാഷ്ട്രീയ നേതാവ്, ശാസ്ത്ര-വൈദ്യ ഗവേഷകന്‍, അധ്യാപകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സിന്താനി തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.  

Feedback
  • Wednesday Feb 5, 2025
  • Shaban 6 1446