ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായ ഹൈദരാബാദിലെ അവസാന ഭരണാധികാരി (നിസാം) യാണ് നവാബ് മിര്‍ ഉസ്മാന്‍ അലി ഖാന്‍ സിദ്ദീഖ് ആസാഫ് ജാ. 1886 ഏപ്രില്‍ 5 ന് ഹൈദരാബാദില പുരാനീ ഹവേലിയില്‍ പിതാവും മുന്‍ ഭരണാധികാരിയുമായ മെഹ്ബൂബ് അലി ഖാന്‍ അസഫ് ജായുടെയും അസ്മത്തു സഹറുന്നിസായുടെയും രണ്ടാമത്തെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉറുദു, പേര്‍ഷ്യന്‍, അറബിക് ഭാഷകളില്‍ പ്രവീണ്യം നേടി. നവാബ് മുഹമ്മദലിയുടെ കീഴില്‍ സൈനിക പരിശീലനം നേടി. 1911 ആഗസ്ത് 11 ന് പിതാവിന്റെ മരണശേഷം 1948 സെപ്തംബര്‍ 17 ന് ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നത് വരെയും ഭരണം നടത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികനുമായും ഉസ്മാന്‍ അലി ഖാന്‍ അറിയപ്പെട്ടിരുന്നു. 1937 ഫെബ്രുവരി മാസത്തെ ടൈം മാഗസിനില്‍ ലോകത്തെ ഏറ്റവും വലിയ ധനികന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു കൊണ്ട് ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.
37 വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ വൈദ്യുതി കൊണ്ടുവരികയും റെയില്‍വേ, റോഡുകള്‍, എയര്‍വേ തുടങ്ങിയവ വികസിപ്പിക്കുകയും ചെയ്തു. 1918 ല്‍ ഹൈദരാബാദിലെ ഉസ്മാനിയാ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് ഉസ്മാന്‍ അലി ഖാനാണ്. ഉറുദു ഭാഷയിലെ ആദ്യത്തെ സര്‍വ്വകലാശാലയും ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വ്വകലാശാലകളില്‍ ഒന്നുമാണിത്. കൂടാതെ ഉസ്മാനിയാ ജനറല്‍ ഹോസ്പിറ്റല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ബീഗംപേട്ട് എയര്‍പോര്‍ട്ട്, ഹൈദരാബാദ് ഹൈക്കോടതി, ജൂബിലി ഹാള്‍, നിസാമിയ ഒബ്‌സര്‍വേറ്ററി, മൊഅസ്സം ജാഹി മാര്‍ക്കറ്റ്, കാച്ചിഗുഡ റെയില്‍വേ സ്‌റ്റേഷന്‍, അസഫിയ ലൈബ്രറി (സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി), അസംബ്ലി ഹാള്‍, സ്‌റ്റേറ്റ് മ്യൂസിയം ആയി അറിയപ്പെടുന്ന ഹൈദരാബാദ് മ്യൂസിയം, ഇപ്പോള്‍ നയതന്ത്ര യോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസ്, മറാത്ത്വാഡ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പടെ നിരവധി പൊതുസ്ഥാപനങ്ങളും ഹൈദരാബാദ് നഗരത്തില്‍ സ്ഥാപിച്ചു.
1908 ല്‍ ഹൈദരാബാദിലുണ്ടായ വലിയ വെള്ളപ്പൊക്കം ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായി. വെള്ളപ്പൊക്കം തടയുന്നതിന്നായി സര്‍ എം വിശ്വേശ്വരയ്യയുടെ ഉപദേശപ്രകാരം ഉസ്മാന്‍ സാഗര്‍, ഹിമായത്ത് സാഗര്‍ എന്നിങ്ങനെ രണ്ട് വലിയ ജലസംഭരണികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ടു. ഹൈദരബാദിന് സ്വന്തമായി കറന്‍സിയും ട്രഷറിയും ഉണ്ടാക്കി. വിദ്യാഭ്യാസം, ശാസ്ത്രം, വികസനം എന്നിവയിലും ധാരാളം സംഭാവനകള്‍ നല്കി.
വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കിക്കൊണ്ടുള്ള നിരവധി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വന്നു. ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അളവറ്റ സംഭാവനകള്‍ നല്കി. പ്രാഥമിക വിദ്യാഭ്യാസം നിര്‍ബ്ബന്ധമാക്കുകയും പാവപ്പെട്ടവര്‍ക്ക് അത് സൗജന്യമായി നല്കുകയും ചെയ്തു. തന്റെ ബജറ്റിലെ 11 ശതമാനം വരെയും അതിന്നായി നീക്കി വെച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലക്കു വേണ്ടി 10 ലക്ഷം രൂപയാണ് സംഭാവന നല്കിയത്. പഴയ ഹൈദരബാദ് നഗരത്തിലെ സീതാരാംബാഗ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിലുള്‍പ്പടെ നിരവധി ക്ഷേത്രങ്ങള്‍ക്കും സംഭാവനകള്‍ നല്കിയിരുന്നു. അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രത്തിന് വാര്‍ഷിക ഗ്രാന്റുകള്‍ പ്രഖ്യാപിച്ചു. 1932 ല്‍ പൂണെയിലെ ഭണ്ഡാര്‍ക്കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ മഹാഭാരതം പ്രസിദ്ധീകരിക്കുന്നതിന് പ്രതിവര്‍ഷം ആയിരം രൂപ പതിനൊന്ന് വര്‍ഷത്തേക്ക് നല്കി.
1947 ല്‍ എലിസബത്ത് രാജ്ഞിയുടെ വിവാഹത്തോടനുബന്ധിച്ച് നിസാം ഒരു ടിയാരയും നെക്ലേസും ഉള്‍പ്പടെയുള്ള വജ്രാഭരണങ്ങള്‍ നല്കി. ഹൈദരാബാദിലെ നിസാം നെക്ലേസ് എന്നാണ് ഇവ അറിയപ്പെടുന്നത്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം 1962 ല്‍ ചൈനയുമായുള്ള യുദ്ധ സമാഹരണത്തിന് പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോള്‍ പ്രതിരോധ നിധിയിലേക്ക് 5000 കിലോ സ്വര്‍ണം (1500 കോടിയലധികം) നല്കി. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ സംഭാവനയായി അതു മാറി.
സ്വാതന്ത്ര്യാനന്തരം 1950 നും 1956 നുമിടയില്‍ ഹൈദരാബാദ് സംസ്ഥാനത്തിലെ രാജ്പ്രമുഖ് ആയിരുന്നു. അതിനു ശേഷം ഭാഷാടിസ്ഥാനത്തിലുള്ള കലാപങ്ങളെ തുടര്‍ന്ന് ഹൈദരാബാദ് വിഭജിക്കപ്പെടുകയും ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവയുടെ ഭാഗമായിത്തീരുകയും ചെയ്തു.
1951 ല്‍ നിസാം ഓര്‍ത്തോപീഡിക് ഹോസ്പിറ്റലിന്റെ (നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിര്‍മാണം ആരംഭിക്കുകയും പ്രതിമാസം ഒരു രൂപ പാട്ടത്തിന് 99 വര്‍ഷത്തേക്ക് സര്‍ക്കാറിന് നല്കുകയും ചെയ്തു. തന്റെ സ്വകാര്യ എസ്‌റ്റേറ്റില്‍ നിന്നും 14,000 ഏക്കര്‍ ഭൂമി വിനോഭ ഭാവെയുടെ ഭൂദാന്‍ പ്രസ്ഥാനത്തിന് നല്കുകയും ഭൂരഹിതരായ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി സംഭാവന നല്കി.
നവാബ് ജഹാംഗീറിന്റെ മകള്‍ അസമുന്നിസാ ബീഗത്തെ (ദുല്‍ഹന്‍ പാഷാ ബീഗം) 1906 ല്‍ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ആദ്യമകന്‍ അസം ജാ ഓട്ടോമന്‍ ഖലീഫ അബ്ദുല്‍ മജീദ് രണ്ടാമന്റെ മകള്‍ ദുരു ഷെഹ്‌വാറിനെ വിവാഹം കഴിച്ചു. രണ്ടാമത്തെ മകന്‍ മൊഅസം ജാ ഓട്ടോമന്‍ സുല്‍ത്താന്റെ മരുമകളായ നിലൗഫറിനെയും വിവാഹം ചെയ്തു. ഉസ്മാന്‍ അലി ഖാന് എട്ട് ഭാര്യമാരിലായി 34 കുട്ടികളുണ്ടായിരുന്നു. 18 ആണ്‍ മക്കളും 16 പെണ്‍മക്കളും.
1967 ഫെബ്രുവരി 24 വെള്ളിയാഴ്ച 'ആധുനിക ഹൈദരാബാദിന്റെ വാസ്തു ശില്പി' എന്നറിയപ്പെട്ടിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍ അസഫ് ജാ മരണപ്പെട്ടു. മസ്ജിദേ ജൂദിയിലാണ് ഖബറിടം.