Skip to main content

മൗലാനാ മുഹമ്മദലി ജൗഹര്‍

ബ്രിട്ടീഷുകാരുടെ തോക്കിന്‍ മുനകള്‍ക്കു മുന്നില്‍ നിന്നു കൊണ്ട് മുട്ടു വിറക്കാതെ സധൈര്യം സ്വരാജ്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ധീര ജേതാവായിരുന്നു മൗലാന മുഹമ്മദലി ജൗഹര്‍.  ഒരേ സമയം ഒരുപാടു രംഗങ്ങളില്‍ പ്രശസ്തന്‍.  പണ്ഡിതനും പത്ര പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായിരുന്ന മുസ്്‌ലിം നേതാവ്.  ഖിലാഫത്ത് പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച വീരയോദ്ധാവ്, നിസ്സഹകരണ പ്രസ്ഥാനത്തില്‍ ഗാന്ധിജിയോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന മഹാത്യാഗി. വിശേഷണങ്ങള്‍ക്കതീതമായ മഹാ വ്യക്തിത്വമായിരുന്നു മൗലാനാ മുഹമ്മദലി ജൗഹറിന്റെത്.

അബ്ദുല്‍ അലി ഖാന്റെയും 'ബീ ഉമ്മ' എന്നറിയപ്പെട്ടിരുന്ന അബാദി ബീഗത്തിന്റെയും മകനായി 1878 ഉത്തര്‍ പ്രദേശിലെ റാം പൂരിലാണ് മുഹമ്മദലി ജൗഹര്‍ ജനിച്ചത്.  അദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു മൗലാനാ ശൗക്കത്തലിയും സുല്‍ഫിക്കറും.  തന്റെ അഞ്ചാം വയസില്‍ തന്നെ പിതാവ് മരിച്ചു.  എന്നാല്‍ ക്രാന്തദര്‍ശിയായിരുന്ന ഉമ്മ തന്റെ മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുകയും ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ പോരാടാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു.

ദയൂബന്ദിലെ ദാറുല്‍ ഉലൂമിലും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം ജൗഹര്‍, ലിങ്കണ്‍ കോളേജില്‍ ആധുനിക ചരിത്രത്തില്‍ പഠനം പൂര്‍ത്തിയാക്കി.  മടങ്ങി വന്ന ശേഷം, റാംപൂര്‍ സ്റ്റേറ്റില്‍ വിദ്യാഭ്യാസ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് ബറോസ സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്നു.  എഴുത്തുകാരനും ചിന്തകനും പ്രസംഗകനുമായിരുന്ന മുഹമ്മദലി വളരെ പെട്ടെന്ന് ഒരു രാഷ്ട്രീയ നേതാവായി ഉയര്‍ന്നു.

ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദിശാബോധം നല്‍കിയ മഹാനായ നേതാവായിരുന്നു മൗലാനാ.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ മുസ്്‌ലിംലീഗ്, ഖിലാഫത്ത് മൂവ്‌മെന്റ് എന്നിവയാണവ.  ഓള്‍ ഇന്ത്യ മുസ്്‌ലിം ലീഗിന്റെ സ്ഥാപക പ്രസിഡണ്ടും അദ്ദേഹമായിരുന്നു.  1919ല്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ചു കൊണ്ട് മുഹമ്മദലി ബ്രിട്ടീഷ് ഗവണ്‍മെന്റുമായി ആശയ വിനിമയം നടത്താനായി പോയി.  മുസ്‌ലിംകള്‍ തങ്ങളുടെ നേതാവും ഖലീഫയുമായി കാണുന്ന തുര്‍ക്കിയിലെ മുസ്തഫാ കമാലിനെ നശിപ്പിക്കരുതെന്ന അപേക്ഷയുമായിട്ടായിരുന്നു അദ്ദേഹം പോയത്.  എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടു.  ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിക്കുകയും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടരുകയും ചെയ്തു.  ബ്രിട്ടീഷുകാര്‍ക്കെതിരെയായതു കൊണ്ട് ധാരാളം ഹിന്ദുക്കളും ഇതില്‍ പങ്കു ചേര്‍ന്നു.  ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹം മൗലാനാ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.

നിസ്സഹകരണ പ്രസ്ഥാനത്തെയും ഖിലാഫത്ത് പ്രസ്ഥാനത്തെയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞതോടുകൂടി ഇദ്ദേഹം അവരുമായി പിരിയുകയും താന്‍ മുന്‍പ് നടത്തിയിരുന്ന പത്രം പുറത്തിറക്കാന്‍ തുടങ്ങുകയും ചെയ്തു.  ഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്ന മൗലാന ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം ഗാന്ധിജിയുടെ ആശീര്‍വാദത്തോടു കൂടിത്തന്നെ തുടരുകയും ചെയ്തു.  എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ഇൗ പ്രവര്‍ത്തനങ്ങള്‍ വിറളി പിടിപ്പിച്ചു.  1921ല്‍ ഇദ്ദേഹത്തെ കറാച്ചി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. രണ്ടരവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായി. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ജനങ്ങള്‍ നാടൊടുക്കും മൗലാനാ മുഹമ്മദലിക്ക് സ്വീകരണങ്ങള്‍ നല്‍കി.

ജയില്‍ വാസത്തിനിടക്ക് പോഷകാഹാരങ്ങളുടെ അഭാവം മൂലം മൗലാനയുടെ ആരോഗ്യം ക്ഷയിച്ചു.  എങ്കിലും 1930ല്‍ ലണ്ടനില്‍ വെച്ച് നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു.  അവിടെ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്.  'എന്റെ രാജ്യത്തിനു നിങ്ങള്‍ സ്വാതന്ത്ര്യം തരുന്നത് വരെ  അവിടേക്ക് മടങ്ങിപ്പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  സ്വതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്നതിനേക്കാളുപരി ഞാനിഷ്ടപ്പെടുന്നത് വിദേശ രാജ്യത്ത് മരിക്കാനാണ്.  ഒന്നുകില്‍ നിങ്ങള്‍ എന്റെ നാടിന് സ്വാതന്ത്ര്യം നല്‍കുക, അല്ലെങ്കില്‍ എനിക്കിവിടെ ആറടി മണ്ണ് നല്‍കുക.'

പെട്ടെന്നുണ്ടായ സ്‌ട്രോക്ക് മൂലം 1931 ജനുവരി 4ന് അദ്ദേഹം ലണ്ടനില്‍ വെച്ച് തന്നെ അന്തരിച്ചു.  തന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആഗ്രഹ പ്രകാരം അദ്ദേഹത്തെ ജറുസലേമിലെ Dome of rock ന്റെ അടുത്താണ് മറമാടിയത്.  അദ്ദേഹത്തിന്റെ ഖബറിടത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

'ഇന്ത്യന്‍ നേതാവായ സയ്യിദ് മുഹമ്മദ് അലി
ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു.'

തന്റെ മരണ ശേഷം നിരവധി പാര്‍ക്കുകള്‍ക്കും റോഡുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡുകള്‍ക്കും മൗലാനയുടെ പേരു നല്‍കി ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ ആദരിച്ചു.

Feedback