Skip to main content

മൗലവി ലിയാഖത് അലി

ഉത്തര്‍ പ്രദേശിലെ അലഹബാദില്‍ നിന്നുള്ള മുസ്‌ലിം നേതാവാണ് മൗലവി ലിയാഖത് അലി.  1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ നേതാവും കൂടി ആയിരുന്ന ലിയാഖത് അലി, ദൈവഭയവും ധൈര്യവും ഉള്ള ഒരു മതാധ്യാപകനായിരുന്നു.  എളിമയും വിനയവും നിറഞ്ഞ സ്വഭാവത്തിനുടമയായിരുന്നെങ്കിലും സ്വാതന്ത്ര്യ സമരത്തോടു കൂടി ബ്രീട്ടീഷുകാര്‍ ഏറ്റവും ഭയക്കുന്ന ഒരു ശത്രുവായി ഇദ്ദേഹം മാറി.

ലിയാഖത് അലിയുടെ ബന്ധുക്കളും അനുയായികളുമായ ചെയില്‍ പ്രദേശത്തെ നാടുവാഴികള്‍ ആളും അര്‍ഥവും ആയുധവും നല്‍കി അദ്ദേഹത്തെ സഹായിച്ചു.  ജനങ്ങളുടെ സഹായത്തോടെ ഖുസ്‌റോബാഗ് ലിയാഖത്ത് അലി പിടിച്ചെടുത്തു. ഇന്ത്യന്‍  പോരാളികളുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആക്കി ഖുസ്‌റോ ബാഗിനെ മാറ്റിയ അദ്ദേഹം സ്വതന്ത്ര അലഹബാദിന്റെ ഗവര്‍ണര്‍ സ്ഥാനവും ഏറ്റെടുത്തു.  എന്നാല്‍ അദ്ദേഹത്തിന്റെ സമരനേട്ടങ്ങള്‍ക്ക് ദീര്‍ഘായുസ് ഉണ്ടായിരുന്നില്ല.  ഖുസ്‌റോ അദ്ദേഹം പിടിച്ചടക്കി രണ്ടാഴ്ച്ച കഴിയുന്നതിന് മുന്‍പ് തന്നെ ബ്രിട്ടീഷുകാര്‍ ഖുസ്‌റോ ബാഗ് തിരിച്ചു പിടിക്കുകയും അലഹബാദില്‍ അവരുടെ അധികാരം പുനസ്ഥാപിക്കുകയും ചെയ്തു.

ഖുസ്‌റോ ബാഗും അലഹബാദും ബ്രിട്ടീഷുകാര്‍ തിരിച്ചു പിടിച്ചതോട് കൂടി മൗലവി ലിയാഖത് അലി ബ്രിട്ടീഷുകാര്‍ക്ക് പിടി നല്‍കാതെ അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം 1871 സെപ്റ്റംബര്‍ 4ന് സൂററ്റിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അദ്ദേഹം പൊലീസിന്റെ പിടിയിലായി.  മരണം വരെ തടവിലിടുവാന്‍ അദ്ദേഹത്തിനെതിരെ കോടതി വിധിച്ചു ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍ തടവിലിടപ്പെട്ട അദ്ദേഹത്തെ, പിന്നീട് റങ്കൂണിലെ ജയിലിലേക്ക് മാറ്റി.  അവിടെ വെച്ച് 1892 മെയ് 17ന് ആ ധീര ദേശാഭിമാനി മരണത്തിന് കീഴടങ്ങി.

Feedback