സ്വര്‍ഗത്തിനും നരകത്തിനുമിടക്ക് ഉള്ള ഒരു അതിര്‍ത്തി മറയെ ഉദ്ദേശിച്ചുകൊണ്ട് സാമാന്യമായി പറയുന്ന പേരാണ് അഅ്‌റാഫ്. അകലെ നിന്ന് തെളിഞ്ഞു കാണത്തക്കവിധം ഉയര്‍ന്നു നില്‍ക്കുന്ന മേടും കുന്നും പോലെയുള്ളതൊക്കെയും ഈ പദത്തിന്റെ ഏകവചനത്തിന്റെ വിവക്ഷയില്‍ പെടുന്നു. പൊന്തിനില്‍ക്കുന്ന പൂവിനും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു. അതിന്റെ ബഹുവചനമാണ് അഅ്‌റാഫ്. സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ മാത്രം സല്‍കര്‍മങ്ങളില്ലാത്ത, നരകത്തില്‍ തള്ളപ്പെടാന്‍ മാത്രം ദുഷ്‌കര്‍മളുമില്ലാത്ത ഒരുകൂട്ടര്‍ സ്വര്‍ഗനരകങ്ങളുടെ ഇടയിലുള്ള ഭിത്തിയുടെ മുകളില്‍ കയറിപ്പറ്റുന്നു. സ്വര്‍ഗക്കാരെയും നരകക്കാരെയും ആ ഭിത്തിക്ക് മുകളില്‍ നിന്ന അവര്‍ക്ക് ശരിക്ക് കാണുവാന്‍ സാധിക്കുന്നു. ഇരുകൂട്ടരെയും നോക്കി അവര്‍ ഇങ്ങനെ വിളിച്ചു പറയുന്ന രംഗം ഖുര്‍ആന്‍ വിവരിക്കുന്നു.
''അതു രണ്ടിനുമിടയില്‍ ഒരു മറയുണ്ട്. അഅ്‌റാഫിന്‍മേല്‍ ചില ആളുകളുണ്ട്. എല്ലാവരേയും അവരുടെ അടയാളങ്ങള്‍ കൊണ്ട് അവര്‍ അറിയുന്നതാണ്. അവര്‍ സ്വര്‍ഗത്തിലെ ആള്‍ക്കാരെ വിളിച്ചുപറയും. നിങ്ങള്‍ക്കുസലാം (സമാധാന ശാന്തി) ഉണ്ടാവട്ടെ. അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല അവരത് മോഹിച്ച് കൊണ്ടിരിക്കുന്നു. അവരുടെ ദൃഷ്ടികള്‍ നരകത്തിലെ ആള്‍ക്കാരുടെ നേരെ തിരിക്കപ്പെട്ടാല്‍ അവര്‍ പറയും, ഞങ്ങളുടെ റബ്ബേ ഞങ്ങളെ (ഈ) അക്രമികളായ ജനങ്ങളുടെ കൂടെ ആക്കരുതേ (7:46,47).
സ്വര്‍ഗക്കാരെ അവരുടെ ലക്ഷണം കൊണ്ടും നരകക്കാരെ അവരുടെ അടയാളംകൊണ്ടും അഅ്‌റാഫുകാര്‍ വേര്‍തിരിച്ചറിയുന്നു. സന്തോഷഭരിതരും പ്രസന്നവദനരുമായി സ്വര്‍ഗവാസികളെ കാണുമ്പോള്‍ തന്നെ നരകാഗ്നിയില്‍ പതിച്ചവര്‍ പുകമൂടി കറുത്തിരുണ്ട മുഖഭാവങ്ങളിലായിരിക്കും. അഅ്‌റാഫുകാര്‍ അവരെ അധിക്ഷേപിച്ചുകൊണ്ട് ഇപ്രകാരം പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു:
''അഅ്‌റാഫിലെ ആള്‍ക്കാര്‍ ചില ആളുകളെ വിളിക്കും. അവരുടെ അടയാളംകൊണ്ട് അവരെ അവര്‍ അറിയുന്നതാണ്. അവര്‍ പറയും: 'നിങ്ങളുടെ ശേഖരണവും നിങ്ങള്‍ അഹംഭാവം നടിച്ചു കൊണ്ടിരുന്നതും, നിങ്ങള്‍ക്ക് എന്താണ് ഉപകരിച്ചത്? ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവര്‍ക്ക് ഒരു കാരുണ്യവും കൊടുക്കുകയില്ലെന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ സത്യം ചെയ്തത്? നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതായി ഇല്ല. നിങ്ങള്‍ വ്യസനപ്പെടുകയും ചെയ്കയില്ല. (എന്നാണല്ലോ അവരോട് പറയപ്പെട്ടിരിക്കുന്നത്) (7:48, 49).
ഇബ്‌നുമസ്ഊദ്(റ)ല്‍നിന്ന് സഈദ്ബ്‌നുല്‍മുസയ്യിബ്(റ) ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ട് ആണ് ഈ വിഷയത്തില്‍ കൂടുതല്‍ പ്രാമാണികമായി പറയപ്പെടുന്നത്. ''ഖിയാമത്ത് നാളിലെ വിചാരണയില്‍ ആരുടെ നന്മകള്‍ തിന്മകളേക്കാള്‍ അല്പമെങ്കിലും അധികമായോ അവന്‍ സ്വര്‍ഗത്തിലും, ആരുടെ തിന്മകള്‍ അവന്റെ നന്മകളേക്കാള്‍ അല്പമെങ്കിലും അധികമായോ അവന്‍ നരകത്തിലും പ്രവേശിക്കും എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അഅ്‌റാഫ് സൂറത്തിലെ എട്ടും ഒമ്പതും വചനങ്ങള്‍ ഓതി. എന്നിട്ട് പറഞ്ഞു. അപ്പോള്‍ ആരുടെ നന്മകളും തിന്മകളും സമമായോ അവരാണ് അഅ്‌റാഫിന്റെ ആള്‍ക്കാര്‍. അവര്‍ സ്വര്‍ഗക്കാരെ നോക്കുമ്പോള്‍ അവര്‍ക്ക് 'സലാം' എന്ന് പറയും. നരകക്കാരിലേക്ക് നോക്കുമ്പോള്‍ റബ്ബേ ഞങ്ങളെ ഈ അക്രമികളുടെ കൂടെ ആക്കരുതേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യും. അങ്ങനെ അവസാനം അവരുടെ മോഹം (സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം) സഫലമായിത്തീരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്രകാരം ആദ്യം സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലെങ്കില്‍ പിന്നീട് അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും സ്വര്‍ഗപ്രവേശം സാധ്യമായിത്തീരുന്നവരാണ് 'അഅ്‌റാഫുകാര്‍'.
ഇബ്‌നുകഥീര്‍(റ) അഅ്‌റാഫിലെ ആള്‍ക്കാരെപ്പറ്റി ഇപ്രകാരം പ്രസ്താവിക്കുന്നു. ''അഅ്‌റാഫുകാരെക്കുറിച്ച് വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. അവയെല്ലാം ഒരേ സ്വരത്തില്‍ കലാശിക്കുന്നു. അതായത് നന്മകളും തിന്മകളും സമമായ ആളുകളാണ് അവര്‍ എന്നത്രെ അത്. ഹുദൈഫ(റ), ഇബ്‌നു അബ്ബാസ്(റ), ഇബ്‌നുമസ്ഊദ്(റ) എന്നീ സ്വഹാബികളും മുന്‍ഗാമികളിലും പിന്‍ഗാമികളിലുംപെട്ട അനേകം ആളുകളും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും അതാണ്.