സ്വര്‍ഗത്തിന് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച പദം 'ജന്നത്ത്' എന്നാണ്. അതിന്റെ അര്‍ഥം ഉദ്യാനം എന്നാണ്. ഈ പദപ്രയോഗത്തില്‍നിന്ന് തന്നെ അത് വൃക്ഷലതാദികളാലും പുഷ്പ-കനികളാലും പരന്നുപിടിച്ച തണലുകളാലും നിര്‍ഭരമായിരിക്കുമെന്ന് ഗ്രഹിക്കാവുന്നതാണ്.
ഈന്തപ്പന (നഖ്‌ല), ഉറുമാന്‍ (റുമ്മാന്‍), ഇലന്തമരം (സ്വിദ്ര്‍), വാഴ (ത്വല്‍ഹ്) തുടങ്ങി ചിലതിന്റെ പേരുകള്‍ ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടിന് ഫിര്‍ദൗസ് എന്ന് വര്‍ണിച്ചിട്ടുണ്ട്. വൃക്ഷലതാദികള്‍, പ്രത്യേകിച്ച് മുന്തിരിവള്ളി നിറഞ്ഞു മുറ്റിയ തോട്ടങ്ങള്‍ക്കാണ് ഭാഷയില്‍ ഫിര്‍ദൗസ് എന്ന് പറയുന്നത്. ഇഹലോകത്തെ വൃക്ഷങ്ങള്‍ അവയുടെ ഫലങ്ങള്‍ ചില പ്രത്യേക കാലങ്ങളില്‍ മാത്രം നല്‍കുമ്പോള്‍ സ്വര്‍ഗത്തിലെ വൃക്ഷങ്ങള്‍ കാലഭേദമില്ലാതെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. അതിലെ കനികളും തണലും ശാശ്വതമായിരിക്കും (13:35). വൃക്ഷത്തിന്റ തണലും ഫലങ്ങളും ഏത് സന്ദര്‍ഭത്തില്‍ വേണമെങ്കിലും അനഭവിക്കുകയും ആസ്വദിക്കുകയുംചെയ്യാം. സ്വര്‍ഗത്തിലെ അതിവിദൂരതയിലേക്ക് നീണ്ടു നിവര്‍ന്ന് മുറ്റിക്കിടക്കുന്ന നിഴലുകള്‍ അവിടത്തെ വൃക്ഷലതാദികളുടെ ആധിക്യത്തെയും ഗാംഭീര്യത്തെയും കാണിക്കുന്നു. അല്ലാഹു പറയുന്നു. മുള്ളില്ലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ, വിശാലമായ തണല്‍ എന്നിവ സ്വര്‍ഗവാസികളായ വലതുപക്ഷക്കാര്‍ക്കായി തയ്യാര്‍ ചെയ്തിരിക്കുന്നു (56:27,28,29,30).
വൃക്ഷലതാദികളുടെ മുറ്റിയ തണല്‍ സ്വര്‍ഗവാസികള്‍ക്ക് ലഭിക്കുന്ന മഹത്തായ അനുഗ്രഹമായി അല്ലാഹു എടുത്ത് പറഞ്ഞിട്ടുണ്ട് (77:41).
സ്വര്‍ഗവാസികളും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും (36:56). തണല്‍ അവരുടെ മേലെ അടുത്തു നില്‍ക്കുന്നുണ്ടായിരിക്കുമെന്നു അല്ലാഹു പറയുന്നു (76:14). സ്വര്‍ഗീയ വാസത്തിന് കുളിര്‍മയും ആനന്ദവും ലഭ്യമാക്കുന്ന വൃക്ഷലതാദികളും അവ പരത്തുന്ന തണലുകളും ഇഷ്ടഭോജ്യങ്ങളായി നല്‍കപ്പെടുന്ന ഫല വര്‍ഗങ്ങളും ആസ്വദിച്ച് സ്വര്‍ഗീയാരാമങ്ങളില്‍ വിശ്വാസികള്‍ ശാശ്വതവാസികളായിരിക്കും.
സ്വര്‍ഗത്തിലെ ഒരു വന്‍ വൃക്ഷത്തെക്കുറിച്ച് നബി(സ) ഇപ്രകാരം പറഞ്ഞു: ''സ്വര്‍ഗത്തില്‍ ഒരു മരമുണ്ട്. ഒരു യാത്രക്കാരന്‍ അതിന്റെ തണലില്‍ നൂറ് വര്‍ഷം യാത്രചെയ്താലും അത് മുറിച്ച് കടക്കാനാകുകയില്ല (മുസ്‌ലിം). വിശാലമായ തണല്‍ (56:30) എന്നും ഇടതൂര്‍ന്ന തണല്‍ (4:57) എന്നും വിശുദ്ധ ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു.
'സിദ്‌റത്തുല്‍ മുന്‍തഹാ' ഒരു വന്‍ വൃക്ഷമാണ്. അങ്ങേയറ്റത്തെ ഇലന്തമരം എന്നാണ് ഇതിന്റെ അര്‍ഥം. നബി(സ) അവിടുത്തെ മിഅ്‌റാജ് (വാനയാത്ര) യാത്രയില്‍ ഇതിന്റെയടുക്കല്‍ എത്തുകയുണ്ടായി. ഇവിടെവെച്ച് ജിബ്‌രീല്‍(അ) എന്ന മലക്കിനെ അദ്ദേഹത്തിന്റെ യഥാര്‍ഥ രൂപത്തില്‍ നബി(സ) കാണുകയുണ്ടായി. നബി(സ) അവിടെ കണ്ട കാഴ്ചകള്‍ വര്‍ണിച്ച കൂട്ടത്തില്‍ ഇങ്ങനെ പറയുന്നു. ''പിന്നെ എന്നെ സിദ്‌റത്തുല്‍ മുന്‍തഹായിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോയി. അപ്പോള്‍ അതിന്റെ ഫലങ്ങള്‍ ഹിജ്‌റിലെ വലിയ കുടങ്ങള്‍ പോലെയും ഇലകള്‍ ആനയുടെ ചെവികള്‍ പോലെയുമിരിക്കുന്നു. സൃഷ്ടികളില്‍ ആര്‍ക്കും അതിന്റെ സൗന്ദര്യം വര്‍ണിക്കാനാവുകയില്ല. (ബുഖാരി, മുസ്‌ലിം).
'ത്വൂബ' എന്നു പേരുള്ള മറ്റൊരു വൃക്ഷത്തെപ്പറ്റി നബി(സ) നമുക്ക് പറഞ്ഞ് തരുന്നുണ്ട്. ഇതില്‍നിന്നാണ് സ്വര്‍ഗവാസികളുടെ വസ്ത്രമുണ്ടാക്കുന്നത്. 'ത്വൂബ' സ്വര്‍ഗത്തിലെ ഒരു മരമാണ്. നൂറ് വര്‍ഷത്തെ യാത്രാവഴി ദൂരമുണ്ടതിന്. സ്വര്‍ഗവാസികളുടെ വസ്ത്രം അതിന്റെ കൂമ്പാളയില്‍നിന്നാണ് ഉത്പാദിപ്പിക്കുന്നത്.''(അഹ്മദ്, ഇബ്‌നു ഇസ്മാഈല്‍)
സ്വര്‍ഗീയാനുഭൂതികളില്‍ പ്രധാനമാണ് പച്ചപിടിച്ച തോട്ടങ്ങളിലുള്ള ശാശ്വതവാസം. വിശുദ്ധ ഖുര്‍ആനില്‍ ഈ തോട്ടങ്ങളെ ഏകവചനമായി ജന്നത്ത് എന്നും ദ്വിവചനമായി ജന്നതാനി എന്നും ബഹുവചനമായി ജന്നാത്ത് എന്നും പ്രയോഗിച്ചതായി കാണാം. ഇവയെല്ലാം ഓരോരുത്തരുടേയും കര്‍മഫലങ്ങളുടെ വ്യത്യാസമനുസരിച്ച് ലഭിക്കുന്ന വിവിധയിനം തോട്ടങ്ങളായിട്ടാണ് വേര്‍തിരിച്ചിട്ടുള്ളത്. ഉഷ്ണമോ മരവിപ്പോ ശൈത്യമോ ഇല്ലാത്ത മിതമായ കാലാവസ്ഥയായിരിക്കും സ്വര്‍ഗത്തിലുള്ളത്. 'വെയിലോ കൊടുംതണുപ്പോ അവര്‍ അവിടെ കാണുകയില്ല. (76:13). ഗ്വര്‍ഗത്തിലെ അരുവികളും ആരാമങ്ങളും, വൃക്ഷലതാദികളും കായ്കനികളുമൊക്കെ ഹൃദ്യമായ കാലാവസ്ഥ പ്രദാനം ചെയ്യുകയും സ്വര്‍ഗവാസികള്‍ക്ക് കണ്‍കുളിര്‍മ നല്‍കുകയുംചെയ്യുന്നു.