Skip to main content

അല്ലാഹുവിനെ കാണല്‍

സ്വര്‍ഗത്തിലെ മഹത്തായ അനുഗ്രഹമെന്ന നിലക്ക് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ കാണാന്‍ കഴിയും. ''നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് വളരെ നല്ലതായ പ്രതിഫലവും കൂടുതല്‍ വര്‍ധനയും ഉണ്ട്. അവരുടെ വദനങ്ങളെ കറുപ്പോ മ്ലാനതയോ ബാധിക്കുകയില്ല. അവരത്രെ സ്വര്‍ഗവാസികള്‍. അവരതില്‍ ശാശ്വതന്മാരാണ് (10:26).

ഇവിടെ വര്‍ധന എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ തിരുമുല്‍കാഴ്ചയാണെന്നും, അതിലുപരി ഒരു ഭാഗ്യം വിശ്വാസികള്‍ക്ക് വേറെ ലഭിക്കാനില്ലെന്നും പല ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നു. അബൂബക്കര്‍, ഹുദൈഫത്തുബ്‌നുയമാന്‍ ഇബ്‌നു അബ്ബാസ്, സഈദ്ബ്‌നുല്‍ മുസയ്യിബ്, അബ്ദുറഹ്മാനുബ്‌നു അബീലൈലാ, മുജാഹിദ്, ഇക്‌രിമ, ദ്വഹ്ഹാഖ്, സുദ്ദീ(റ) തുടങ്ങി സ്വഹാബികളും താബിഉകളുമായ പല മഹാന്മാരില്‍നിന്നും ഇത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ നബി (സ)യില്‍ നിന്ന് വന്ന ഹദീസുളില്‍ ഒന്ന് ഇപ്രകാരമാകുന്നു. ''നന്മ ചെയ്തവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലവും കൂടുതലുമുണ്ടായിരിക്കും'' എന്ന സൂക്തം ഓതിക്കൊണ്ട് തിരുമേനി(സ) പറഞ്ഞു. ''സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തിലും നരകക്കാര്‍ നരകത്തിലും പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചു പറയും ''സ്വര്‍ഗ്ഗക്കാരേ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനമുണ്ട്. അതവന്‍ നിറവേറ്റാന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ അവര്‍ പറയും: 'എന്താണത്? അവന്‍ ഞങ്ങളുടെ (സല്‍കര്‍മങ്ങളുടെ) ഏടുകള്‍ തന്നില്ലേ? ഞങ്ങളുടെ മുഖങ്ങളെ അവന്‍ വെളുപ്പിച്ചു (സന്തോഷിപ്പിച്ച്) തരികയും ചെയ്തില്ലേ? ഞങ്ങളെ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തില്ലേ? (ഇനി വേറെ വാഗ്ദാനങ്ങള്‍ ഒന്നുമില്ലല്ലോ) അപ്പോള്‍ അവര്‍ക്ക് മറനീക്കപ്പെടും. അവര്‍ അല്ലാഹുവിനെ നോക്കിക്കാണും. അപ്പോള്‍ അവനെ നോക്കിക്കാണുന്നതിനേക്കാള്‍ ഇഷ്ടപ്പെടാനോ കണ്ണുകള്‍ക്ക് ആനന്ദമായിത്തീരാനോ മറ്റൊന്നും തന്നെ അവര്‍ക്ക് ഉണ്ടായിരിക്കില്ല. (അഹ്മദ്, മുസ്‌ലിം).

അബൂസഈദ്, അബൂഹുറയ്‌റ (റ) എന്നീ സ്വഹാബികളില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു.  ചില ആളുകള്‍ ചോദിച്ചു. “അല്ലാഹുവിന്റെ റസൂലേ, നാം ഖിയാമത്തു നാളില്‍ നമ്മുടെ റബ്ബിനെ കാണുമോ?” അപ്പോള്‍ തിരുമേനി (സ) പറഞ്ഞു: ഒട്ടും മേഘമില്ലാത്ത അവസരത്തില്‍ സൂര്യനേയും ചന്ദ്രനേയും കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം നേരിടുമോ? അവര്‍ പറഞ്ഞു; ഇല്ല. തിരുമേനി പറഞ്ഞു, അതുപോലെ നിശ്ചയമായും നിങ്ങളുടെ റബ്ബിനെ വഴിയെ കാണുന്നതാണ്.'' സൂറത്തു മുത്വഫ്ഫിഫീനില്‍ നരകക്കാരായ മഹാപാപികളെപ്പറ്റി അല്ലാഹു പറയുന്നു. ''അങ്ങനെയല്ല നിശ്ചയമായും അന്നത്തെ ദിവസം അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നും മറയിടപ്പെടുന്നവരാണ്.'' അല്ലാഹുവിനെ ദര്‍ശിക്കാനുള്ള മഹാഭാഗ്യം സ്വര്‍ഗവാസികള്‍ക്ക് ലഭിക്കും. സജ്ജനങ്ങള്‍ക്ക് അതിന് മറയിടപ്പെടുന്നതല്ല. അതുകൊണ്ടാണ് സത്യനിഷേധികള്‍ മറയിടപ്പെടുന്നവരാണെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത്.

ജൗഹറതുത്തൗഹീദ് എന്ന ഗ്രന്ഥത്തില്‍ ഈ വിഷയകമായി ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാന്‍ കഴിയും. പരലോകത്ത് വെച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ കാണാം. ആ കാഴ്ച നാം പരസ്പരം കാണുന്നത് പോലെയല്ല. സൃഷ്ടി സ്രഷ്ടാവിനെ കാണുന്ന കാഴ്ച അതിന്റേതായ ഒരു പ്രത്യേക രീതിയിലും അവസ്ഥയിലും ആയിരിക്കും (പേജ് 159).
 

Feedback