സര്‍വാനുഗ്രഹത്തിന്റെ സങ്കേതമായ സ്വര്‍ഗത്തില്‍ വിശ്വാസികള്‍ പരമാനന്ദത്തില്‍ കഴിയുമ്പോള്‍ തന്നെ അവര്‍ ദൈവ കീര്‍ത്തനത്തിലും സ്‌ത്രോത്രങ്ങളിലും മുഴുകുന്നു. സ്വര്‍ഗ പ്രവേശം ലഭിക്കുന്നവരെ വിശേഷിപ്പിച്ചതില്‍ പ്രധാനമായി അവര്‍ കാലത്തും വൈകീട്ടും അല്ലാഹുവെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് നബി (സ) പറയുകയുണ്ടായി. (ബുഖാരി, മുസ്‌ലിം). പക, വിദ്വേഷം തുടങ്ങിയ ദുര്‍വികാരങ്ങളില്‍ നിന്നെല്ലാം മുക്തമായ സംശുദ്ധ ഹൃദയമുള്ളവരായി സാഹോദര്യത്തോടെ സ്വര്‍ഗാവകാശികള്‍ അവിടെ കഴിഞ്ഞുകൂടുന്നു. പ്രപഞ്ച നാഥന്റെ സംതൃപ്തി സദാ അവര്‍ക്ക് നേരെ ചൊരിഞ്ഞുകൊണ്ടിരിക്കും. നബി(സ) പറയുന്നു: ''തീര്‍ച്ചയായും അല്ലാഹു സ്വര്‍ഗാവകാശികളോട് പറയും. സ്വര്‍ഗാവകാശികളേ, അപ്പോള്‍ അവര്‍ മറുപടി പറയും. ഉത്തരവ് നാഥാ, നന്മയെല്ലാം നിന്റെ കൈകളിലാണ്. അപ്പോള്‍ അവന്‍ ചോദിക്കും, നിങ്ങള്‍ തൃപ്തരാണോ? അവര്‍ പറയും നാഥാ, ഞങ്ങളെന്തിനാണ് തൃപ്തരാകാതിരിക്കുന്നത്? നിന്റെ സൃഷ്ടിയില്‍ ആര്‍ക്കും നല്‍കാത്തത് നീ ഞങ്ങള്‍ക്ക് നല്‍കിയില്ലേ? അപ്പോള്‍ അല്ലാഹു പറയും: ഇതിനേക്കാള്‍ ശ്രേഷ്ഠമായത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കട്ടെ? അവര്‍ ചോദിക്കും: നാഥാ, ഇതിനേക്കാള്‍ ശ്രേഷ്ഠമായത് എന്താണുള്ളത്? അല്ലാഹു പറയും: ''എന്റെ സംതൃപ്തി ഞാന്‍ നിങ്ങള്‍ക്ക് മീതെ ചൊരിയുന്നു. ഞാനൊരിക്കും ഇനി നിങ്ങളോട് കോപിക്കുകയില്ല. (ബുഖാരി, മുസ്‌ലിം).
സര്‍വാധിനാഥനായ പ്രപഞ്ചസ്രഷ്ടാവിനെ മറയൊന്നുമില്ലാതെ ഇരു നേത്രങ്ങള്‍ കൊണ്ട് കാണാം. ഈ മഹാഭാഗ്യവും അവര്‍ക്ക് ലഭിക്കുന്നു. ഇതുകാരണം അവര്‍ പ്രസന്ന വദനരായിരിക്കും. ''ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും അവരുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (75:22, 23).
ദു:ഖവും പ്രയാസങ്ങളുമില്ലാത്ത സുഖാനുഭൂതിയുടെ ലോകത്ത് കഴിഞ്ഞുകൂടാന്‍ ഭാഗ്യം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അവര്‍ പറയും. ''ഞങ്ങളില്‍ നിന്ന് ദു:ഖം നീക്കം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ, തന്റെ അനുഗ്രഹത്താല്‍ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തില്‍ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവന്‍. യാതൊരു ബുദ്ധിമുട്ടുകളും ഇവിടെ ഞങ്ങള്‍ക്ക് ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുകയുമില്ല. (35:34,35).
വിശ്വാസികള്‍ മനസ്സില്‍ നാഥനോട് സ്തുതികള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മലക്കുകള്‍ സര്‍വാധിപന്റെ രാജ സിംഹാസനത്തിന് ചുറ്റും വലയം ചെയ്തുകൊണ്ട് നില്‍ക്കും. അവര്‍ (സ്വര്‍ഗ്ഗാവകാശികള്‍ പറയും) “ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നിരിക്കുന്നത്. (7:43).