'അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല. അവന്‍ മാത്രമാകുന്നു ലോക രക്ഷിതാവും സൃഷ്ടാവും നിയന്താവും. അവന് തുല്യരായി ആരുമില്ല. അവന്റെ ഗുണനാമങ്ങളേയും അവന്റെ പ്രവര്‍ത്തനങ്ങളേയും അവന്റെ സത്തയേയും മറ്റൊന്നിനോടും സാദൃശ്യപ്പെടുത്താവതല്ല'. ഈ അടിസ്ഥാന വിശ്വാസത്തില്‍ നിന്ന് ഏതെങ്കിലും നിലക്ക് വ്യതിചലിച്ചാല്‍ അത് അല്ലാഹുവിലുള്ള അവിശ്വാസമാണ്. അതുകൊണ്ട് തന്നെ ഏകൈ ദൈവാരാധന (തൗഹീദ്) എന്ന മൗലിക വിശ്വാസത്തില്‍ നിന്ന് യാതൊരു നീക്കു പോക്കും നടത്താന്‍ മതം അനുവദിക്കുന്നില്ല.
ചില ഖുറൈശി നേതാക്കള്‍ നബി(സ)യോട് ഇങ്ങനെ പറഞ്ഞു: ''മുഹമ്മദേ, ഞങ്ങളുടെ മതം നീ പിന്‍പറ്റുക, നിന്റെ മതം ഞങ്ങളും പിന്‍പറ്റാം. ഞങ്ങളുടെ ദൈവത്തെ നീയും ആരാധിക്കുക. നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം. എന്നാല്‍ നിന്റേതാണ് ഉത്തമമെങ്കില്‍ അതില്‍ ഞങ്ങളും ഞങ്ങളുടേതാണ് ഉത്തമമെങ്കില്‍ അതില്‍ നീയും പങ്കാളികളാകാമല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു : അല്ലാഹുവിനോട് മറ്റൊന്നിനെ പങ്ക് ചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ അവനോട് ശരണം തേടുന്നു. ഇതിനെ തുടര്‍ന്നാണ് കാഫിറൂന്‍ (അവിശ്വാസികള്‍) എന്ന വിശുദ്ധ ഖുര്‍ആനിലെ 109ാം സൂറത്തിന്റെ അവതരണമുണ്ടായത്. മസ്ജിദുല്‍ ഹറമില്‍ വെച്ച് ഖുറൈശി പ്രമാണികളുടെ സാന്നിധ്യത്തില്‍ തിരുമേനി(സ) ഓതി വിളംബരം ചെയ്ത പ്രസ്തുത സൂറത്തിലെ അഭിസംബോധന തന്നെ അവിശ്വാസികളേ, എന്നാണ്. ''പറയുക, അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചു വന്നതിനെ ഞാനും ആരാധിക്കുന്നവനല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ (അഥവാ എന്റെ ആരാധന) നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും'' (109:1-6).