Skip to main content

സത്യനിഷേധം ആരോപിക്കല്‍

വിശ്വാസം എന്നത് ആത്മനിഷ്ഠമാണ്. ആ വിശ്വാസത്തെ സത്യപ്പെടുത്തിക്കൊണ്ട് ജീവിതത്തില്‍ നിലനിര്‍ത്തിപ്പോരുന്നവയാണ് ബാഹ്യമായ കര്‍മങ്ങള്‍. മനസ്സിലുള്ളത് സൂക്ഷ്മമായി അറിയുന്നവന്‍ അല്ലാഹുമാത്രമാണ്. അതുകൊണ്ട് ഒരാളുടെ വിശ്വസത്തിന്റെ യഥാര്‍ഥ അവസ്ഥ അല്ലാഹുവിന് മാത്രമേ അറിയാന്‍ കഴിയൂ. അതിനാല്‍ ഒരു വിശ്വാസിയുടെ മേല്‍ അവിശ്വാസംആരോപിക്കാന്‍ നിര്‍വ്വാഹമില്ല. സത്യവിശ്വസിയെ മറ്റൊരാള്‍ അവിശ്വാസിയെന്നു വിളിക്കാന്‍ പാടില്ല എന്ന് വിശുദ്ധ ഖുര്‍ആനും നബി(സ)യുടെ വചനങ്ങളും നമ്മെ പഠിപ്പിക്കുന്നു.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പോയാല്‍ (ശത്രുവെയും മിത്രത്തെയും) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ലയെന്ന് നിങ്ങള്‍ പറയരുത്. ഇഹലോക ജീവിതത്തിലെ നേട്ടം കൊതിച്ചു കൊണ്ടാണ് (നിങ്ങള്‍ അങ്ങനെ പറയുന്നത്). എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുക്കള്‍ അല്ലാഹുവിന്റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അതുപോലെ (അവിശ്വാസത്തില്‍) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.'' (4: 94)

ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: ഏതൊരാള്‍ മറ്റൊരാളെ സത്യനിഷേധിയെന്ന് വിശേഷിപ്പിക്കുമ്പോഴും അയാള്‍ പറയുന്നതു പോലെയാണ് വിശേഷിപ്പിക്കപ്പെട്ട ആളെങ്കില്‍ അങ്ങനെത്തന്നെ. ഇല്ലെങ്കില്‍ പറഞ്ഞവന്‍ സത്യനിഷേധിയായിത്തീരുന്നു (അഹ്‌മദ്‌ ). വിശ്വാസിയുടെമേല്‍ അവിശ്വാസം (കുഫ്ര്‍) ആരോപിക്കുന്നതിന്റെ ഗൗരവം ഇതില്‍ നിന്ന് നമുക്ക്‌ബോധ്യപ്പെടുന്നു. 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446