Skip to main content

ത്രിയേകത്വവാദം

മഹാനായ ഈസാ നബി(അ) അല്ലാഹുവിന്റെ പ്രവാചകനാണ്. അദ്ദേഹത്തിന്റെ അനുയായികള്‍ ക്രിസ്ത്യാനികള്‍(നസ്വാറാ) എന്നറിയപ്പെടുന്നു. മറ്റെല്ലാ പ്രവാചകരേയും പോലെ ഈസാ നബിയും അല്ലാഹു ഏകനാണെന്ന തൗഹീദ് പഠിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കാല ശേഷം വന്നവരില്‍ ചിലര്‍ ഈസാ നബി ദൈവത്തിന്റെ പുത്രനാണെന്ന് പറഞ്ഞു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവ മൂന്നും ചേര്‍ന്നതാണ് ദൈവം എന്ന ഒരു വാദം ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉടലെടുത്തു. ത്രിയേകത്വമെന്ന പേരില്‍ അതിനെ സിദ്ധാന്ത വത്കരിച്ചു. ഈ വാദം വിശുദ്ധ ഖുര്‍ആന്‍ ശക്തിയായി എതിര്‍ത്തു. കാരണം സ്രഷ്ടാവിന്റെ മഹത്വത്തിന് കളങ്കം ചാര്‍ത്തുന്നതാണ് ത്രീയേകത്വം. ഈസാ നബി(അ) ദൈവപുത്രനാണെന്ന് വിശ്വസിച്ച ജനവിഭാഗം അവിശ്വാസികളായിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു.

മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത് ഇസ്രാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കു ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായിയായി ആരും തന്നെയില്ല (5:72).

അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെയാതൊരു ആരാധ്യനും ഇല്ലതന്നെ. ആ പറയുന്നതില്‍ നിന്ന് അവര്‍ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും(5:73).

Feedback