ഇസ്തിഗാസ എന്ന അറബി പദത്തിനര്‍ത്ഥം സഹായം തേടുക എന്നതാണ്. സാമൂഹ്യജീവി എന്ന നിലക്ക് മനുഷ്യന്‍ പരസ്പരം ഭൗതിക വിഷയങ്ങളില്‍ സഹായം ആവശ്യപ്പെടുന്നതിന് ഇസ്തിഗാസ എന്ന് അറബി ഭാഷയില്‍ പ്രയോഗിക്കാറുണ്ട്. കാര്യകാരണബന്ധങ്ങള്‍ക്ക് അപ്പുറമുള്ള (മനുഷ്യ കഴിവില്‍ പെടാത്ത) അഭൗതികമായ കാര്യങ്ങള്‍ക്കുള്ള സഹായാഭ്യര്‍ത്ഥന അഥവാ പ്രാര്‍ത്ഥനക്കും ഇസ്തിഗാസ എന്നു അറബിയില്‍ പ്രയോഗിക്കാറുണ്ട്. പ്രാര്‍ത്ഥന എന്ന അര്‍ത്ഥത്തിലുള്ള ഇസ്തിഗാസ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. ഈ രൂപത്തിലുള്ള സഹായാഭ്യര്‍ത്ഥന അല്ലാഹു അല്ലാത്ത ആരോട് നടത്തിയാലും അത് ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) ആകുന്നു.
വിശുദ്ധ ഖുര്‍ആനില്‍ 'ഇസ്തിഗാസ' എന്ന പദം ഈ രണ്ട് അര്‍ത്ഥത്തിലും പ്രയോഗിച്ചതായി കാണാം. മൂസാ നബി(അ)യുടെ കാലത്ത് ഇസ്‌റാഈല്യരില്‍പ്പെട്ട ഒരാളെ ഖിബ്ത്വി മര്‍ദിച്ചപ്പോള്‍ അയാള്‍ മൂസാനബി(അ)യോട് ഇസ്തിഗാസ ചെയ്തുവെന്ന് പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഭൗതിക വിഷയങ്ങളിലുള്ള സഹായാഭ്യര്‍ത്ഥനക്ക് ഇവിടെ ഇസ്തിഗാസ എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്.
''അപ്പോള്‍ തന്റെ കക്ഷിയില്‍പ്പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനെതിരില്‍ അദ്ദേഹത്തോട് (മൂസായോട്) സഹായം തേടി (28:15).
എന്നാല്‍ മനുഷ്യകഴിവിന്നതീതമായിട്ടുള്ളതും അഭൗതികമായ മാര്‍ഗേണയുള്ളതുമായ സഹായഭ്യര്‍ത്ഥന നടത്തുന്നതിനെപ്പറ്റിയും ഖുര്‍ആന്‍ ഇസ്തിഗാസ എന്നു തന്നെ പ്രയോഗിച്ചിരിക്കുന്നു. ബദ്ര്‍ യുദ്ധവേളയില്‍ നബി(സ) തന്റെ അനുചരരിലേക്ക് നോക്കി. അപ്പോള്‍ അവര്‍ 300ല്‍പരം മാത്രമാണുള്ളത്. മുശ്‌രിക്കുകളുടെ നേരെ നബി(സ) നോക്കി. അപ്പോള്‍ അവര്‍ ആയിരത്തില്‍പ്പരം പേരുണ്ട്. ഈ സന്നിഗ്ദഘട്ടത്തില്‍ നബി(സ) അല്ലാഹുവിനോട് നടത്തിയ പ്രാര്‍ത്ഥനയെ ഉദ്ദേശിച്ചു വിശുദ്ധ ഖുര്‍ആനില്‍ വന്ന പരാമര്‍ശം ഇപ്രകാരമാണ്: ''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. തുടരെത്തുടരെയായി ആയിരം മലക്കുകളെ കൊണ്ട് നിശ്ചയം നിങ്ങളെ സഹായിക്കുമെന്ന് അവന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്തു'' (8:9).
ഈ ഘട്ടത്തില്‍ നബി(സ) കൈകളുയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തെതന്ന് ഉമര്‍(റ) വിവരിക്കുന്നു:
''അല്ലാഹുവേ നിന്റെ കരാര്‍ യാഥാര്‍ത്ഥ്യമാണ്. ഈ ന്യൂനപക്ഷമായ ഞങ്ങള്‍ ഇവിടെ വെച്ച് നശിച്ചാല്‍ ഭൂമിയില്‍ നിന്നെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഉണ്ടാവുകയില്ല''. അങ്ങനെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് ഈ ആയത്ത് അവരിപ്പിക്കപ്പെട്ടത്. (ഹാകിം 1:30)
വിപത്ഘട്ടങ്ങളില്‍ നടത്തുന്ന പ്രാര്‍ത്ഥനക്ക് ഇസ്തിഗാസ എന്ന് പറയുമെന്നും അത് അല്ലാഹുവോടു മാത്രമേ പാടുള്ളൂ എന്നും ഈ ആയത്ത് വ്യക്തമാക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ പ്രഥമ അധ്യായമായ അല്‍ഫാത്തിഹയില്‍ 'ഇയ്യാക്ക നഅ്ബുദു വ ഇയ്യാക്ക നസ്തഈന്‍' (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അഭൗതിക മാര്‍ഗത്തിലുള്ള സഹായം തേടലാണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. ഭൗതികമായ സഹായങ്ങള്‍ മനുഷ്യര്‍ പരസ്പരം ആവശ്യപ്പെടുന്നത് ഖുര്‍ആന്‍ വിലക്കുന്നില്ല.