പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പ്രമാണമാക്കിയ സഹാബിവര്യന്മാരും നന്മയില്‍ അവരെ പിന്തുടര്‍ന്ന താബിഉകളും ശഹാദത്ത് കലിമ(സത്യസാക്ഷ്യം) അംഗീകരിക്കുകയും ശിര്‍ക്ക് മഹാപാപമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. വിശ്വാസിയോട് മറ്റുള്ള മഹാപാപങ്ങളെ ഭയപ്പെടുന്നതില്‍ നിന്ന് ഉപരിയായി ശിര്‍ക്കിനെ ഭയപ്പെടുവാനും തന്റെ വിശ്വാസത്തിലോ പ്രവൃത്തിയിലോ ശിര്‍ക്ക് വന്നു ഭവിക്കാതിരിക്കാന്‍ കൂടുതല്‍ സൂക്ഷ്മതയും ശ്രദ്ധയും പാലിക്കാനുമാണ് അല്ലാഹു നിര്‍ദ്ദേശിക്കുന്നത്. ചില ദുര്‍ബല നിമിഷങ്ങളില്‍ വിശ്വാസികളില്‍ നിന്നുപോലും ശിര്‍ക്കെന്ന വന്‍ദോഷം അവന്റെ വിശ്വാസത്തിലോ കര്‍മങ്ങളിലോ സംഭവിക്കാനുള്ള സാധ്യതയെ പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിഷേധിക്കുന്നില്ല. ശിര്‍ക്കിന്റെ ഗൗരവം ഓര്‍മപ്പെടുത്തി പരിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും വന്നിട്ടുള്ള കാര്യങ്ങള്‍ ഇവിടെ ഓര്‍ക്കുന്നത് പ്രസക്തമാണ്. ''ആരെങ്കിലും അല്ലാഹുവോട് പങ്ക് ചേര്‍ക്കുന്ന പക്ഷം നിശ്ചയം അവന്‍ (സത്യത്തെ വിട്ടു) ബഹുദൂരം പിഴച്ചു'' (4:116).
ഇബ്‌നുമസ്ഊദ്(റ) നിവേദനം: റസൂല്‍(സ) പറഞ്ഞു, ''അല്ലാഹുവിനു പങ്കുകാരെ സ്ഥാപിച്ച് പ്രാര്‍ഥിച്ചുകൊണ്ട് വല്ലവരും മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു'' (ബുഖാരി).
ശിര്‍ക്കിനെ ഭയപ്പെടാന്‍ ഇസ്‌ലാം കൂടുതലായി നിര്‍ദേശിക്കുകയും ശിര്‍ക്കുപരമായ വിശ്വാസത്തിലേക്കും കര്‍മത്തിലേക്കും വഴിതെളിയിക്കുന്ന ചെറുതും വലുതുമായ എല്ലാ സംഗതികളേയും നിഷിദ്ധമാക്കുകയും ചെയ്യുന്നു. പരമകാരുണികന്റെ അടിമകള്‍ (ഇബാദുര്‍റഹ്മാന്‍) വര്‍ജിക്കേണ്ടതായ തിന്മകള്‍ പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അമിതമായി ചെലവഴിക്കുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍. അവര്‍ അവിഹിത ബന്ധത്തെ(വ്യഭിചാരത്തെ)ഉപേക്ഷിക്കുന്നവരാണ്. അതോടൊപ്പം അല്ലാഹുവിന്റെ കൂടെ മറ്റൊരു ഇലാഹിനെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുകയുമില്ല (25:67,68). പരമകാരുണികന്റെ അടിമകളില്‍ പിശുക്കും ധൂര്‍ത്തും വ്യഭിചാരവും കൊലപാതകവും പോലുള്ള വന്‍ ദോഷങ്ങള്‍ സംഭവിക്കുന്നത് പോലെ ശിര്‍ക്കും അവരുടെ വിശ്വാസത്തിലേക്ക് കടന്നു വരുന്നതിനെ ഭയത്തോടെ കാണുകയും അതില്‍ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു.
പ്രകൃതി മതത്തിലേക്ക് വക്രതയില്ലാത്ത ശുദ്ധ മനസ്സോടുകൂടി കടന്നു വരാന്‍ മക്കളോട് പോലും വസ്വിയ്യത്ത് ചെയ്യണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. യഅ്ഖൂബിന് മരണം ആസന്നമായപ്പോള്‍ നിങ്ങള്‍ ഹാജരായിരുന്നുവോ? നിങ്ങള്‍ എന്റെ ശേഷം ആര്‍ക്കാണ് ആരാധന നടത്തുക എന്നദ്ദേഹം തന്റെ സന്താനങ്ങളോട് ചോദിച്ച സന്ദര്‍ഭത്തില്‍, താങ്കളുടെ ഇലാഹിനും താങ്കളുടെ പിതാക്കളായ ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരുടെ ഇലാഹായ ഏക ഇലാഹിനും ഞങ്ങള്‍ ആരാധന ചെയ്യുമെന്നവര്‍ പറഞ്ഞു. ഞങ്ങള്‍ അവനുമാത്രം മുസ്‌ലിമായവരുമാണ് (2:133).
അബൂ മസ്ഊദ് ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം. തിരുദൂതന്‍(സ) അരുളി: ''നിശ്ചയം നിങ്ങള്‍ക്ക് മുമ്പുള്ള സമുദായത്തെ ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങള്‍ പിന്തുടരുന്നതാണ്. അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിക്കുന്ന പക്ഷം അതില്‍ പോലും നിങ്ങള്‍ അവരെ പിന്തുടരുന്നതാണ്. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു. യഹൂദികളെയും ക്രിസ്ത്യാനികളെയുമാണോ? അപ്പോള്‍ നബി(സ) പറഞ്ഞു. പിന്നെ ആരെയാണ് (ബുഖാരി).
യഹൂദികളും ക്രിസ്ത്യാനികളും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത്ത് കലിമ അംഗീകരിച്ചവരായിരുന്നു. എന്നിട്ടും അവരില്‍ ശിര്‍ക്കുപരമായ വിശ്വാസങ്ങളും കര്‍മങ്ങളും ഇടം പിടിച്ചതിനാല്‍ അവരെ പിന്തുടരുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയ നബി(സ) ശിര്‍ക്ക് കടന്നുവരുന്ന വഴിയെ സൂക്ഷിക്കാനാണ് സ്വന്തം സമുദായത്തിന് മുന്നറിയിപ്പ് നല്കുന്നത്.
അബൂഹുറയ്‌റ(റ) നിവേദനം: തിരുനബി(സ) അരുളി. നിന്റെ നാഥന് ആഹാരം കൊടുക്കൂ. നിന്റെ നാഥനെ വുദു ഉണ്ടാക്കാന്‍ സഹായിക്കൂ, നിന്റെ നാഥന് പാനീയമെടുത്ത് കൊടുക്കൂ എന്നൊന്നും നിങ്ങളിലാരും പറയരുത്. എന്റെ യജമാനന്‍, എന്റെ ഉടമസ്ഥന്‍ എന്നോ മറ്റോ പറഞ്ഞ് കൊള്ളട്ടെ. അപ്രകാരം തന്നെ എന്റെ ദാസന്‍, എന്റെ ദാസി എന്നും നിങ്ങളിലാരും പറയരുത്. എന്റെ ഭൃത്യ, എന്റെ പരിചാരകന്‍ എന്നൊക്കെ പറഞ്ഞുകൊള്ളട്ടെ (ബുഖാരി, മുസ്‌ലിം).
റസൂല്‍ (സ) ഇപ്രകാരം സഹാബിവര്യന്മാരോട് നിര്‍ദേശിച്ചത് അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ (രക്ഷാകര്‍തൃത്വത്തില്‍) ശിര്‍ക്ക് വരാതിരിക്കാനാണെന്ന് ഇമാം നവവി(റ) തന്റെ അദ്കാറില്‍ ഉദ്ധരിക്കുന്നുണ്ട്.(അദ്കാര്‍-312) പ്രസിദ്ധ ഹദീഥ് പണ്ഡിതനായ ഇബ്‌നുഹജര്‍ അസ്ഖലാനി(റ)യും ഇക്കാര്യം ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.