പ്രപഞ്ചത്തിന്റെ പരമാധികാരം അല്ലാഹുവിനാണെന്ന് ഉറച്ച് വിശ്വസിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്തവരായിരുന്നു മക്കയിലെ മുശ്‌രിക്കുകള്‍. എന്നിട്ടും, അവരില്‍ ശിര്‍ക്ക് (ബുഹുദൈവ വിശ്വാസം) കടന്നുവന്നതെങ്ങനെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ഹജ്ജ് വേളയില്‍ അവര്‍ ഉരുവിട്ടിരുന്ന തല്‍ബിയ്യത്തിന്റെ വാക്യങ്ങളില്‍ ഇതിനുത്തരം നമുക്ക് കാണാന്‍ കഴിയും. അവര്‍ പറഞ്ഞിരുന്നു.
''അല്ലാഹുവേ നിന്റെ വിളിക്കുത്തരം ഞങ്ങള്‍ ഇതാ ചെയ്തിരിക്കുന്നു. നിനക്കൊരു പങ്കുകാരുമില്ല. നിന്റേതു തന്നെയായ ഒരു പങ്കുകാരനൊഴികെ. അവനും അവന്റെ ഉടമസ്ഥതയിലുള്ളതുമൊക്കെ നിന്റെ അധീനത്തില്‍ തന്നെയാകുന്നു''.
അല്ലാഹുവില്‍ പങ്കാളികളായി അവര്‍ കണ്ടിരുന്നവര്‍ സ്വതന്ത്ര കഴിവുള്ളവരാണെന്ന വിശ്വാസം അവര്‍ക്കില്ലായിരുന്നു. അല്ലാഹു കൊടുത്ത കഴിവില്‍ നിന്നും ചോദിക്കുന്നു എന്ന നിലക്കാണ് അവരോട് ഇസ്തിഗാസ നടത്തിയിരുന്നത്. പില്‍ക്കാലത്ത് ഇതേ വാദം തന്നെയാണ് അല്ലാഹു അല്ലാത്തവരോട് അഭൗതിക മാര്‍ഗത്തിലൂടെ സഹായതേട്ടം(ഇസ്തിഗാസ) നടത്തിയവരും ഉന്നയിച്ചിരുന്നത്. അതായത് അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് ചോദിക്കുന്നത് അല്ലാഹു അല്ലാത്തവരോടുള്ള ഇസ്തിഗാസയല്ല. ഇതെല്ലാം കേവലം ന്യായീകരണങ്ങള്‍ മാത്രമാണെന്ന് നമുക്ക് മനസ്സിലാവുന്നു. ഉത്തമ നൂറ്റാണ്ടുകളില്‍ സത്യവിശ്വാസമായി നിലവിലുണ്ടായിരുന്നതും ഇതാണ്. ഇബ്‌നു അബ്ബാസ് (റ)വോട് നബി(സ) പറയുന്നു:
''നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക''(തുര്‍മുദി).