വിലായത്ത്, കറാമത്ത് എന്നീ പദങ്ങള്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ചെയ്തുകൊണ്ട് ഔലിയാക്കളോട് സഹായം തേടുന്ന ഒരു ദുര്‍മാര്‍ഗം മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ചു. മനുഷ്യകഴിവിന്നതീതമായി രക്ഷാശിക്ഷകള്‍ നല്‍കാന്‍ കഴിവുള്ളവരാണ് ഔലിയാക്കള്‍ എന്ന തെറ്റിദ്ധാരണ പടര്‍ന്നു. മരണത്തോടെ അവരുടെ കഴിവുകള്‍ വര്‍ദ്ധിക്കുമെന്ന പ്രചാരണവും വന്നു. അതുകൊണ്ട് രോഗശമനത്തിനും ആപല്‍ഘട്ടങ്ങളില്‍ രക്ഷകിട്ടാനും മണ്‍മറഞ്ഞ മഹാന്മാരെ വിളിച്ചു സഹായം തേടിയാല്‍ ആ വിളി കേട്ട് അവര്‍ ഉത്തരം ചെയ്യുമെന്ന വിശ്വാസം ഇക്കൂട്ടരില്‍ ശക്തിപ്പെട്ടു. മരിച്ചവര്‍ക്ക് പ്രാര്‍ത്ഥന കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുമെന്ന ഈ വിശ്വാസം അവര്‍ക്ക് നേര്‍ച്ച നേരാനും അവരോട് പ്രാര്‍ത്ഥിക്കാനും കാരണമായി. ഇവിടെ വലിയ്യ്, വിലായത്ത് എന്നിവ വിശുദ്ധ ഖുര്‍ആനും നബിചര്യയും ഏതര്‍ത്ഥത്തിലാണ് പഠിപ്പിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. വിലായത്ത് എന്ന ക്രിയാധാതുവില്‍ നിന്നുണ്ടായ പദമാണ് വലിയ്യ്. പ്രിയപ്പെട്ടവന്‍, അടുത്തവന്‍, മിത്രം എന്നീ അര്‍ത്ഥങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. അല്ലാഹുവിന്റെ ദീന്‍ അനുസരിച്ച് ജീവിക്കുന്നവനാണ് അല്ലാഹുവിന്റെ മിത്രം എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ആ നിലക്ക് സത്യവിശ്വാസികള്‍ മുഴുവന്‍ അല്ലാഹുവിന്റെ വലിയ്യ് ആകുന്നു.
''ശ്രദ്ധിക്കുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐകിഹ ജീവിത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്''(10: 62-64).
സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ ഔലിയാക്കളും സത്യനിഷേധികള്‍ പിശാചിന്റെ ഔലിയാക്കളും എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വലിയ്യ് (വലിയുല്ലാഹി) എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം അല്ലാഹുവിന് പ്രിയപ്പെട്ടവന്‍ എന്നാണ്. ഇഹലോകത്തും പരലോകത്തും രക്ഷയേകാന്‍ അല്ലാഹു മാത്രമാണ് കഴിവുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ വലിയ്യ് (രക്ഷാധികാരി) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ സൗഭാഗ്യങ്ങള്‍ പ്രദാനം ചെയ്യാനും വിപത്ഘട്ടങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാനും കഴിയുന്നവനും സര്‍വ്വലോകത്തിന്റെയും കൈകാര്യകര്‍ത്താവ് ആയിട്ടുള്ളവനും അല്ലാഹു മാത്രമാണ്. ഈ വസ്തുത അംഗീകരിച്ചു ജീവിക്കുന്നവന്‍ അല്ലാഹുവിന് പ്രിയപ്പെട്ടവനാണ്.
എന്നാല്‍ അന്ധവിശ്വാസികളായ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ്യുമായി ബന്ധപ്പെട്ട് പ്രചരിച്ച വിശ്വാസം മറ്റൊന്നാണ്. വലിയ്യ് എന്നത് അല്ലാഹുവിങ്കല്‍ ഉള്ള ദിവ്യപദവികളില്‍പ്പെട്ട ഒന്നായി അതിനെ കാണുകയും വലിയ്യുകള്‍ക്ക് പ്രപഞ്ച സംവിധാനത്തില്‍ പോലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അമാനുഷിക കഴിവുകള്‍ (കറാമത്തുകള്‍) ലഭിച്ച അവര്‍ക്ക് പല അത്ഭുതങ്ങളും കാണിക്കാന്‍ യഥേഷ്ടം സാധിക്കുമെന്ന വിശ്വാസത്താല്‍ അവരെ പ്രീതിപ്പെടുത്തി ജീവിക്കാന്‍ ശ്രദ്ധിക്കുകയും അവരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഔലിയാക്കള്‍ ആരാണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കുന്നതോട് കൂടി അവരോട് പ്രാര്‍ത്ഥിക്കാനും സഹായം തേടാനും വിശുദ്ധ ഖുര്‍ആനോ പ്രവാചകന്‍(സ) യോ പഠിപ്പിക്കുന്നില്ല എന്ന് നമുക്ക് ബോധ്യപ്പെടും. അല്ലാഹുവിന്റെ ഔലിയാക്കളായ നബിയും ഖുലഫാഉറാശിദുകളും (സച്ചരിതരായ പിന്‍ഗാമികള്‍) ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരോട് ഏതെങ്കിലും കാര്യസാധ്യത്തിനായിട്ടോ ദുരന്തമൊഴിവായി കിട്ടാനോ സഹാബികളാരും പ്രാര്‍ത്ഥിച്ചിരുന്നില്ല. മറിച്ച്, അല്ലാഹുവോട് മാത്രമാണ് അവര്‍ പ്രാര്‍ത്ഥിച്ചിരുന്നതും സഹായം തേടിയിരുന്നതും. ഒരിക്കല്‍ ബദ്‌റില്‍ പങ്കെടുത്ത ആസിം(റ)വിന്റെ നേതൃത്വത്തില്‍ നബി(സ) ഒരു ചാരസംഘത്തെ അയച്ചു. അവര്‍ ശത്രുക്കളുടെ പിടിയില്‍പെട്ടു. ശത്രുക്കള്‍ അവരെ വധിക്കാനൊരുങ്ങിയപ്പോള്‍ ആസിം(റ) അല്ലാഹുവിനെ വിളിച്ച് സഹായം തേടുന്നു:
''അല്ലാഹുവെ, ഞങ്ങള്‍ അപടകടത്തില്‍പ്പെട്ട വിവരം നീ എന്റെ പ്രവാചകനെ അിറയിക്കേണമേ''.
നാഴികക്കപ്പുറം ജീവനോടെ ഇരിക്കുന്ന, മുഅ്ജിസത്തുകള്‍ നല്‍കപ്പെട്ട നബി(സ)യെ അവിടെ നിന്ന് വിളിച്ചാല്‍ കേള്‍ക്കുകയില്ല. അത് കൊണ്ടാണ് ആസിം(റ) നേരെ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്നത്. അല്ലാഹു ആ പ്രാര്‍ത്ഥന സ്വീകരിച്ച് ദിവ്യസന്ദേശം വഴി വിവരം നബി(സ)യെ അറിയിച്ചു.