Skip to main content

ശാരീരികവും മാനസികവുമായ ഉന്മേഷം

നമസ്‌കാരം കര്‍മോത്സുകതയും ആവേശവും പ്രദാനം ചെയ്യുന്നുവെന്നത്  അതിന്റെ സവിശേഷതകളില്‍ ശ്രദ്ധേയമാണ്. വുദൂഉം നമസ്‌കാരവും ഒരാളുടെ മനസ്സിനെ സജീവമാക്കുന്നതും അവന്‍ എല്ലാ പ്രഭാതത്തിലും തന്റെ പുതിയ ജീവിതം ആരംഭിക്കുന്നതും എങ്ങനെയെന്ന് പ്രവാചകന്‍(സ്വ) വിവരിക്കുന്നു: ''നിങ്ങളിലൊരാള്‍ ഉറങ്ങിയാല്‍ അവന്റെ പിരടിയില്‍ പിശാച് മൂന്നുകെട്ടുകള്‍ കെട്ടുന്നതാണ്. ശേഷം പറയും: നീ ഉറങ്ങുക, രാത്രി ദൈര്‍ഘ്യമുള്ളതാണ്. അവന്‍ ഉറക്കത്തില്‍ എഴുന്നേറ്റ് അല്ലാഹുവിനെ ഓര്‍ത്താല്‍ ആദ്യത്തെ കെട്ടഴിയുന്നു. അവന്‍ വുദൂ ചെയ്താല്‍ രണ്ടാമത്തേതും നമസ്‌കരിക്കുമ്പോള്‍ മൂന്നാമത്തേതുമായ കെട്ടുകള്‍ അഴിഞ്ഞുപോകുന്നു. അങ്ങനെ അവന്‍ സംതൃപ്ത മനസ്‌കനും ഉത്സാഹിയുമായിത്തീരുന്നു. ഇനി മറിച്ചാണ് അവന്റെ അവസ്ഥയെങ്കില്‍ അവന്‍ ദുഷ്ടമനസ്‌കനും അലസനുമായിത്തീരും'' (ബുഖാരി).

പ്രാര്‍ഥന വ്യക്തിയില്‍ പ്രതിഫലിപ്പിക്കുന്ന സദ്ഗുണങ്ങളെക്കുറിച്ച് നോബല്‍ സമ്മാനജേതാവായ ഡോ. അലക്‌സിസ് കാറല്‍ ഇപ്രകാരം പറയുന്നു: ''കര്‍മോത്സുകത വളര്‍ത്തുവാന്‍ ഇന്നോളം അറിയപ്പെട്ട മാര്‍ഗങ്ങളില്‍ ഏറ്റവും മഹത്തായത് പ്രാര്‍ഥനയാണ്. രോഗികളെ ചികിത്സിക്കുന്നതില്‍ ഔഷധങ്ങള്‍ പരാജയപ്പെടുകയും വൈദ്യശാസ്ത്രം അതിന്റെ ദുര്‍ബലഹസ്തങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുമ്പോള്‍ പ്രാര്‍ഥന ഇടപെടുകയും അവര്‍ക്ക് രോഗ വിമുക്തി നല്‍കുകയും ചെയ്തത് പലതവണ ഞാന്‍ കണ്ടു. റേഡിയം പോലെ പ്രാര്‍ഥന പ്രസരിപ്പും നവോന്മേഷവും പകരുമെന്നത് തീര്‍ച്ചയാണ്. പ്രാര്‍ഥനയിലൂടെ ജനങ്ങള്‍ സ്ഥിരോത്സാഹിയായ ഒരു ശക്തിയോട് സംഭാഷണം നടത്തുമ്പോള്‍ അവര്‍ ആവേശോജ്വലരാവുന്നു'' (അല്‍ ഇബാദ ഫില്‍ ഇസ്‌ലാം, പേജ് 220).

എല്ലാ മതങ്ങളിലെയും പ്രാര്‍ഥനയുടെ പൊതു അവസ്ഥ ഇതാണെങ്കില്‍ ഇസ്‌ലാമിലെ പ്രമുഖ പ്രാര്‍ഥനയാകുന്ന നമസ്‌കാരം ഉളവാക്കുന്ന സ്വാധീനം നിസ്തുലമാണ്. കാരണം അതിലെ ഖുര്‍ആന്‍ പാരായണം, സ്‌തോത്ര വചനങ്ങള്‍, നമസ്‌കാരത്തിന്റെ  മുമ്പുള്ള ശാരീരിക ശുചീകരണം തുടങ്ങിയവ ഉന്മേഷദായകമാണ്. നമസ്‌കാരത്തിനു വേണ്ടി മുഖവും ബാഹ്യാവയവങ്ങളും വൃത്തിയാക്കുന്നതിന്നാണ് അംഗസ്‌നാനം (വുദൂ) എന്നു പറയുന്നത്. മനുഷ്യ ശരീരത്തിലെ മര്‍മ പ്രധാനമായ പഞ്ചേന്ദ്രിയങ്ങളാണ് ഇവിടെ ശുദ്ധജലം കൊണ്ട് ശുചീകരിക്കപ്പെടുന്നത്. അപ്പോള്‍ ഏതൊരു വ്യക്തിയും ഉത്സാഹിയായി മാറാതിരിക്കില്ല.

ക്ഷീണമോ ബോധക്ഷയമോ ബാധിച്ച വ്യക്തിയുടെ മുഖത്ത് വെള്ളം തളിക്കുമ്പോള്‍ ഉന്മേഷവാനാകുന്നത് നമുക്ക് അനുഭവമാണല്ലോ. നമസ്‌കാരത്തിന്നായി ചില ഘട്ടങ്ങളില്‍ കുളിക്കണമെന്നുകൂടി ഇസ്‌ലാം അനുശാസിക്കുമ്പോള്‍ നമസ്‌കാരം വ്യക്തിയിലുളവാക്കുന്ന അത്യുത്സാഹം വിവരിക്കേണ്ടതില്ല. ബാഹ്യരൂപത്തിലുള്ള ചലനങ്ങളും സൗന്ദര്യങ്ങളും മനസ്സിനു ആനന്ദം പകരുന്നതാണ്. എന്നാല്‍ നമസ്‌കാരത്തിനു വേണ്ടി ഒരാള്‍ ശരീരം വൃത്തിയാക്കുകയും ഭംഗിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യുമ്പോള്‍ അവന്റെ മനസ്സ് സന്തോഷിക്കാതിരിക്കില്ല. മാത്രമല്ല, നമസ്‌കാരത്തിന്റെ സമയവ്യത്യാസവും ഉന്മേഷദായകമാണ്. അഞ്ചു നമസ്‌കാരങ്ങളില്‍ ആദ്യത്തേത്  പ്രഭാതത്തിലും അവസാനത്തേത് രാത്രിയിലുമാണ് നിര്‍ണയിക്കപ്പെട്ടത്. തന്മൂലം സുഖാലസ്യത്തില്‍ നിന്നും ചാപല്യത്തില്‍ നിന്നും നമസ്‌കാരം മോചനം നല്‍കുകയും കര്‍മോത്സുകത ദിനേന പകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446