ഋതുഭേദങ്ങളെയും മനുഷ്യാവകാശങ്ങളെയും പരിഗണിക്കുന്ന സരളമായ നിയമങ്ങളും ആരാധനകളുമാണ് ഇസ്‌ലാം സമര്‍പിച്ചിട്ടുള്ളത്. നമസ്‌കാരവും അങ്ങനെത്തന്നെ. മാത്രമല്ല, പ്രയാസകരവും ദുരിത പൂര്‍ണവുമായ നിയമങ്ങളെ ലഘൂകരിക്കുകയെന്നത് ഇസ്‌ലാം ലക്ഷ്യമായി കാണുന്നു. അല്ലാഹു പറയുന്നു: ''അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല'' (22:78).
സംന്യാസവും പൗരോഹിത്യവും മതം നിര്‍ദേശിക്കുന്ന ആരാധനയുടെ നിര്‍വഹണം ദുഷ്‌കരമാക്കിയിരിക്കുന്നു. ഈ ഭാരം കുറയ്ക്കുക പ്രവാചക നിയോഗത്തിന്റെ ലക്ഷ്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. സയ്യിദ് സുലൈമാന്‍ നദ്‌വി പറയുന്നു: ''അല്ലാഹുവിനെ ആരാധിക്കാത്ത ഒരു മതവുമില്ല. പക്ഷേ, പൂര്‍വ മതങ്ങള്‍ ശാരീരിക പീഡനരീതികള്‍ അതിന്നായി സ്വീകരിച്ചു. അത് ആരാധനയുടെ ലക്ഷ്യമായി കാണുകയും, അതിന്നായി അതിന്റെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തു. ശാരീരിക വേദനകള്‍ വര്‍ധിക്കുന്നതിനനുസരിച്ച്, ആത്മാവ് പരിശുദ്ധവും മനസ്സ് പരിപാവനവുമായിത്തീരുമെന്ന് അവര്‍ കരുതി'' (അരിസാലതുല്‍ മുഹമ്മദിയ്യ 241).
സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിനു മാത്രമേ ഇപ്രകാരമുള്ള ആരാധനകള്‍ അനുഷ്ഠിക്കാന്‍ സാധിക്കൂ. ഇസ്‌ലാമിലെ അതിശ്രേഷ്ഠമായ ആരാധനയാണല്ലോ നമസ്‌കാരം. ഏതാനും മിനുട്ടുകള്‍ കൊണ്ട് നിര്‍വഹിക്കാവുന്നതാണ് അത്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''നിശ്ചയം, നിങ്ങളുടെ പ്രവാചകന്‍ മുഖേന അല്ലാഹു നിങ്ങള്‍ക്കു നമസ്‌കാരം നിര്‍ബന്ധമാക്കിയിരിക്കുന്നു. നാട്ടുകാരന്ന് നാലും യാത്രക്കാരന്ന് രണ്ടും ഭയമുള്ളപ്പോള്‍ ഒന്നും റക്അത്തുകളാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്'' (മുസ്‌ലിം).
യുദ്ധവേളയില്‍, സൗകര്യപ്പെടുംവിധം ആംഗ്യത്തിലൂടെയും വാഹനത്തിലായിക്കൊണ്ടും നമസ്‌കാരം നിര്‍വഹിക്കാമെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരം തന്നെ നമസ്‌കരിക്കുന്നവന്റെ ശാരീരികാവസ്ഥ പരിഗണിച്ചുകൊണ്ട് നിന്നും ഇരുന്നും കിടന്നും നമസ്‌കരിക്കാവുന്നതാണ്. യാത്രയിലും ശക്തമായ മഴയുള്ളപ്പോഴും മറ്റ അത്യാവശ്യഘട്ടങ്ങളിലും രണ്ടു നമസ്‌കാരങ്ങള്‍ ഒന്നിന്റെ സമയത്ത് കൂട്ടി നിര്‍വഹിക്കാവുന്നതാണ്. അതിശൈത്യത്തിലും രോഗഘട്ടത്തിലും ജലമുണ്ടെങ്കില്‍ കൂടി അംഗസ്‌നാനത്തിനു പകരം തയമ്മും മതിയെന്ന് ഇസ്‌ലാം അനുവദിച്ചു.
നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവന്‍ തന്റെ പിന്നില്‍ ദുര്‍ബലരും വൃദ്ധരുമുണ്ടെന്ന് ഓര്‍ക്കണമെന്നും ഇസ്‌ലാം ഉണര്‍ത്തി (ബുഖാരി). പ്രവാചകന്‍(സ്വ) തന്നെ അവരെ പരിഗണിച്ച് നമസ്‌കാരം ചുരുക്കാറുണ്ടായിരുന്നു. ''കുട്ടികള്‍ കരയുന്നത് കേള്‍ക്കുമ്പോള്‍ മാതാവിനുണ്ടാകുന്ന വിഷമം പരിഗണിച്ച് നബി(സ്വ) നമസ്‌കാരം ചുരുക്കുമായിരുന്നു'' (ബുഖാരി).
ഇമാമായി നമസ്‌കരിച്ച മുആദിനെ(റ) നമസ്‌കാരം ദീര്‍ഘിപ്പിച്ചതിന്റെ പേരില്‍ നബി(സ്വ) താക്കീതു ചെയ്തു. ''മുആദേ, നീ കുഴപ്പമുണ്ടാക്കുകയാണോ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു ചോദിക്കുകയും, ശേഷം ഉപദേശിക്കുകയുമുണ്ടായി. അവരെയും കൊണ്ട് നീ നമസ്‌കാരം ദീര്‍ഘിപ്പിക്കരുത്. 'സബ്ബിഹിസ്മ', 'വശ്ശംസി വദുഹാഹാ' തുടങ്ങിയവ നീ പാരായണംചെയ്യുക.''
അനസുബ്‌നു മാലിക്(റ) കുറഞ്ഞ സമയം കൊണ്ട് നമസ്‌കാരം പൂര്‍ത്തിയാക്കുമായിരുന്നു. ഒരിക്കല്‍ അതിനെക്കുറിച്ച് സഹ്‌ലുബ്‌നു അബീഉമാമ(റ) ഇങ്ങനെ ചോദിച്ചു: ''താങ്കള്‍ നമസ്‌കരിച്ചത് നിര്‍ബന്ധമുള്ളതോ ഐച്ഛികമോ?'' അദ്ദേഹം പറഞ്ഞു: ''നിശ്ചയം, അത് നിര്‍ബന്ധ നമസ്‌കാരം തന്നെ. ഞാനൊന്നും മറന്നിട്ടുമില്ല. നബി(സ്വ)യുടെ നമസ്‌കാരം അപ്രകാരമായിരുന്നു. അവിടുന്ന് ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
''നിങ്ങള്‍ സ്വയം തീവ്രതയുണ്ടാക്കരുത്. അതു കാരണം നിങ്ങള്‍ക്ക് പ്രയാസമുണ്ടാവും. ഒരു സമൂഹം അപ്രകാരം തീവ്രത സ്വീകരിക്കുകയും തന്മൂലം അവര്‍ പ്രയാസപ്പെടുകയുമുണ്ടായി. അതിന്റെ അവശിഷ്ടങ്ങളാണ് മഠങ്ങളിലും ആശ്രമങ്ങളിലുമുള്ളത്'' (തഫ്‌സീര്‍ ഇബ്‌നുകസീര്‍, വാ. 4, പേ. 316).
ആവശ്യങ്ങളും ഉത്തരവാദിത്വങ്ങളും ദൗര്‍ബല്യങ്ങളും സമ്മേളിച്ച മനുഷ്യപ്രകൃതിക്ക് അനുയോജ്യമായ രൂപത്തിലാണ് നമസ്‌കാരം നിശ്ചയിക്കപ്പെട്ടതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.