ഇസ്‌ലാം സമയബോധത്തെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുക മാത്രമല്ല, പ്രസ്തുത രംഗത്ത് പ്രായോഗിക ശിക്ഷണവും നല്‍കുന്നുണ്ട്. നമസ്‌കാരവും ഇതര ആരാധനാ കര്‍മങ്ങളില്‍ അധികവും സമയബന്ധിതമാണ്. റമദാനിലെ വ്രതം, വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം, ദിനേനയുള്ള അഞ്ചു നമസ്‌കാരങ്ങള്‍, ഹജ്ജ് തുടങ്ങിയ ആരാധനാ കര്‍മങ്ങളിലും അത് ഏറെ പ്രകടവും പ്രസക്തവുമാണ്. ഇതൊക്കെ സമയത്തെക്കുറിച്ച് ബോധമുളവാക്കുന്നതാണ്. നമസ്‌കാര സമയം അറിയിക്കുന്ന ഓരോ ബാങ്കും മുസ്‌ലിമിനു സമയബോധം ഉണ്ടാക്കാതിരിക്കില്ല. മാത്രമല്ല, ഇസ്‌ലാം നമസ്‌കാരത്തെ പ്രകൃതിയോടും അതിന്റെ ചലനത്തോടും ബന്ധപ്പെടുത്തിയിരിക്കുന്നു. പ്രഭാത നമസ്‌കാരം പ്രകൃതിക്കൊപ്പം ഉണരാനുള്ള ശിക്ഷണം കൂടിയാവുന്നു. ഭൗതിക ജോലിയില്‍ വ്യാപൃതനാകുന്ന വ്യക്തി പകലിന്റെ നിശ്ചിത ഭാഗങ്ങളില്‍ നമസ്‌കരിക്കുമ്പോള്‍ അവന് സമയനിഷ്ഠയും ആത്മീയ ചിന്തയും ഉണ്ടാവുന്നു. രാത്രി നമസ്‌കാരം ദൈവസ്മരണയോടെ ഉറങ്ങുന്നതിനു പ്രചോദനവും നല്‍കുന്നു.
നമസ്‌കാരത്തിലെ ഓരോ കര്‍മവും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ മാറ്റം വരുത്തുവാന്‍ ആരെയും ഇസ്‌ലാം അനുവദിക്കുന്നില്ല. നമസ്‌കരിക്കുന്നവന്‍ തുടക്കം മുതല്‍ അവസാനം വരെ നിശ്ചയിക്കപ്പെട്ട രൂപത്തില്‍ തന്റെ ചലനങ്ങളും ഉച്ചാരണങ്ങളും ക്രമീകരിച്ചെങ്കിലേ ആ നമസ്‌കാരം അംഗീകരിക്കപ്പെടുകയുള്ളൂ. ഇതു തന്നെ സംഘമായി നിര്‍വഹിക്കുമ്പോള്‍ കൂടുതല്‍ കൃത്യത പാലിക്കപ്പെടേണ്ടതുണ്ട്. ഇമാമിന്റെ പ്രവര്‍ത്തനങ്ങളെ അനുധാവനം ചെയ്തു പൂര്‍ണാനുസരണത്തോടെയും അച്ചടക്കത്തോടെയും വേണം നമസ്‌കരിക്കാന്‍. ഇതിനു വിപരീതം പ്രവര്‍ത്തിക്കുന്നവരെ പ്രവാചകന്‍ താക്കീതുചെയ്യുന്നു.
ചുരുക്കത്തില്‍ നമസ്‌കാരം അത് നിര്‍വഹിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ചിട്ടയോടെയും സമയനിഷ്ഠയോടെയും ചെയ്തുതീര്‍ക്കാനുള്ള പ്രചോദനം നല്‍കുകയും ശീലിപ്പിക്കുകയും ചെയ്യുന്നു.