ഇസ്‌ലാം നിശ്ചയിച്ച ഓരോ ആരാധനയും സാഹോദര്യത്തിന്റെയും സമഭാവനകളുടെയും നിദര്‍ശനമാണ്. ഓരോ ദേശത്തെയും മുസ്‌ലിംകള്‍ സംഘനമസ്‌കാരം നടത്തുവാന്‍ ബാധ്യതപ്പെട്ടവരാണ്. അതിന് വളരെ പ്രോത്സാഹനവും പുണ്യവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനുവേണ്ടി പള്ളികളോ മറ്റോ സൗകര്യപ്പെടുത്തുന്നത് അഭികാമ്യമാണ്. ഇസ്‌ലാമില്‍ ജാതിചിന്തയില്ല. തന്മൂലം ഇതര മതങ്ങളില്‍ ഒരേ വിശ്വാസം അംഗീകരിക്കുന്നവര്‍ക്ക് തന്നെ യൂറോപ്പിലും ഭാരതത്തിലും മറ്റും ജാതിയുടെയും വര്‍ണത്തിന്റെയും വ്യത്യാസത്തിന്നനുസരിച്ച് ഭിന്ന ആരാധനാലയങ്ങളുള്ളതുപോലെ ഇസ്‌ലാമിലില്ല. ഇപ്രകാരം തന്നെ സംഘടിത നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ജന്മനാ 'ശ്രേഷ്ഠത'യുള്ളവരോ പുരോഹിതന്മാരോ ഇല്ല. പ്രത്യുത, സംഘത്തില്‍ അറിവുള്ളൊരാള്‍ അതിന് നേതൃത്വം നല്‍കേണ്ടതാണ്. നമസ്‌കാരത്തില്‍ മുഖം ഏതു ദിശയിലേക്ക് തിരിക്കുന്നുവെന്നത് ആരാധനയുടെ മൂല്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതല്ലെങ്കിലും നമസ്‌കാരത്തിന്റെ ഐകരൂപ്യത്തിന് ഒരു ദിശ നിശ്ചയിക്കപ്പെടേണ്ടതുമുണ്ടല്ലോ. തന്മൂലം ഏകദൈവാരാധനക്കായി സ്ഥാപിതമായ ആദ്യഭവനം (മക്കയിലെ കഅ്ബ) അഭിമുഖദിശയായി നിര്‍ണയിക്കപ്പെട്ടു. അല്ലാഹു പറയുന്നു: ''ഓരോ വിഭാഗങ്ങള്‍ക്കും അവര്‍ (പ്രാര്‍ഥനാവേളയില്‍) തിരിഞ്ഞുനില്‍ക്കുന്ന ഓരോ ഭാഗമുണ്ട്. എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സദ്പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടുവരികയാണ്'' (2:148). അതുവഴി നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ വൈകാരിക ഐക്യം കൈവരുന്നു.
നമസ്‌കാരത്തിന് പരസ്പരം തൊട്ടുരുമ്മി അണികളായി നില്‍ക്കണമെന്ന് കല്പിക്കപ്പെട്ടു. നബി(സ്വ) പറയുന്നു: ''നിങ്ങളുടെ അണികള്‍ നിങ്ങള്‍ ശരിയാക്കൂ. അതല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കിടയില്‍ അല്ലാഹു മാറ്റമുണ്ടാക്കും'' (ബുഖാരി).
ഇസ്‌ലാമിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിതരായി നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ സാഹോദര്യം പാരമ്യം പ്രാപിക്കുന്നു. അവരുടെ ആരാധ്യനൊന്ന്, ഇമാമൊന്ന്, പാരായണം ചെയ്യുന്നതൊന്ന്, അവര്‍ അഭിമുഖീകരിക്കുന്ന ദിശയൊന്ന്, അവരുടെ കര്‍മങ്ങളുടെ രൂപവും ക്രമവുമൊന്ന്, വാക്കും പ്രവൃത്തിയുമൊന്ന്, ചിന്തയും ലക്ഷ്യവുമൊന്ന്-എല്ലാം ഒന്നായിത്തീര്‍ന്നിരിക്കുന്നു. അവിടെ പണ്ഡിതനും പാമരനും ധനികനും ദരിദ്രനും ഭരണാധികാരിയും ഭരണീയരും കറുത്തവനും വെളുത്തവനും ഒത്തുചേര്‍ന്നു നില്‍ക്കുന്നു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കലഹത്തിന്റെയും അന്തരീക്ഷം സ്വീകാര്യമായ നമസ്‌കാരത്തിന് അന്യമാണെന്ന് നബി(സ്വ) വ്യക്തമാക്കുന്നു. ''മൂന്നാളുകളുടെ നമസ്‌കാരം അവരുടെ തലക്കുമീതെ ഒരു ചാണ്‍ ഉയരുകയില്ല. തന്നെ സമൂഹം വെറുക്കവെ അവര്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണൊന്ന്. ഭര്‍ത്താവിന്റെ കോപത്തിന് വിധേയമായിക്കഴിയുന്ന സ്ത്രീയും പരസ്പരം പിണങ്ങിനില്‍ക്കുന്ന രണ്ട് സഹോദരന്മാരുമാണ് മറ്റുള്ളവര്‍'' (ഇബ്‌നുമാജ).
നമസ്‌കാരത്തിലെ വചനങ്ങളും ഈ ഐക്യം ശക്തമാക്കുന്നതില്‍ പങ്കുവഹിക്കുന്നു. 'നഅ്ബുദു' (ഞങ്ങള്‍ ആരാധിക്കുന്നു), 'നസ്തഈന്‍' (ഞങ്ങള്‍ സഹായം തേടുന്നു), 'ഇഹ്ദിനാ' (ഞങ്ങളെ നേര്‍വഴിയിലാക്കേണമേ) 'ഞങ്ങള്‍ക്കും സദ്‌വൃത്തരായ ദാസന്മാര്‍ക്കും സമാധാനം പ്രദാനം ചെയ്യേണമേ'' എന്നീ വചനങ്ങളില്‍ ബഹുവചനം പ്രയോഗിക്കുന്നു. ഇത് നമസ്‌കരിക്കുന്നവനില്‍ സാമൂഹ്യബോധവും സഹകരണ മനസ്ഥിതിയും വളര്‍ത്തുവാന്‍ ഏറെ സഹായിക്കുന്നു. മറ്റുള്ളവര്‍ക്ക് ഗുണത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവന്റെ മനസ്സ് വിശാലമാവുന്നു.
ഇതിന്റെ ആദ്യത്തെ മാതൃകയായിരുന്നു പ്രവാചകന്റെ പള്ളി. അവിടെ അറബികളും അനറബികളും ഒന്നിച്ചു. റോമക്കാരനായ സുഹൈബും പേര്‍ഷ്യക്കാരനായ സല്‍മാനും ആഫ്രിക്കക്കാരനായ ബിലാലും ഒരേ അണിയില്‍ നിന്നു. അറബ് വംശജരായ അദ്‌നാനികളും ഖഹ്ത്വാനികളും ഇതര ഗോത്രവിഭാഗങ്ങളും ഒത്തുചേര്‍ന്നു. പ്രവാചകന്റെ പിന്നില്‍ അവരെല്ലാം നമസ്‌കരിച്ചു.
സര്‍ തോമസ് ആര്‍നോള്‍ഡ് എഴുതുന്നു: ''മുസ്‌ലിംകളുടെ മതപരമായ ജീവിതത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ് നമസ്‌കാരം. ജനമനസ്സുകളില്‍ അതുണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് ഒട്ടേറെ സഞ്ചാരികളും മറ്റും വിശദീകരിച്ചിട്ടുണ്ട്.'' ഇതിന്റെ സൗന്ദര്യം ചില ക്രൈസ്തവ പുരോഹിതന്മാര്‍പോലും വര്‍ണിച്ചത് ഉദ്ധരിച്ച ശേഷം അദ്ദേഹം സമൂഹപ്രാര്‍ഥനയെക്കുറിച്ച് എഴുതുന്നു: ''റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ഡല്‍ഹി ജുമാമസ്ജിദില്‍ പതിനയ്യായിരത്തോളം ആളുകള്‍ പങ്കെടുക്കുന്നു. അവരെല്ലാവരും നമസ്‌കാരത്തില്‍ മുഴുകിയിരിക്കുന്നു. അവരുടെ ഓരോ ചലനങ്ങളും ഭക്തിയും വണക്കവും അതിന്റെ പാരമ്യതയോടെ പ്രകടമാവുന്നു. ഈ ദൃശ്യത്തിന് സാക്ഷിയാകുന്ന ഏതൊരാളുടെയും ഹൃദയാന്തരങ്ങളില്‍ അതിന്റെ അതുല്യമായ സ്വാധീനം എത്താതിരിക്കില്ല. പ്രത്യേക രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ഈ നമസ്‌കാരത്തിന്റെ സവിശേഷ ശക്തിയെ നോക്കിക്കാണാതിരിക്കാന്‍ സാധ്യമല്ല''
അദ്ദഅ്‌വതു ഇലല്‍ ഇസ്‌ലാം, വിവ. ഡോ. ഹസന്‍ ഇബ്‌റാഹീം ഹസന്‍