ഇസ്‌ലാമില്‍ ആത്മീയതയും ഭൗതികതയും തമ്മില്‍ സംഘട്ടനമില്ല. പ്രത്യുത, അവ രണ്ടും തമ്മില്‍ സന്തുലിതത്വം പാലിക്കപ്പെടുന്നു. ഓരോന്നിന്റെയും വളര്‍ച്ചക്കും വികാസത്തിനും അവസരം നല്കുക കൂടി ചെയ്യുന്നു. ജീവിതത്തിലെ ബഹളത്തിനും ജോലിത്തിരക്കിനുമിടയിലും അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് പള്ളികളില്‍ പ്രാര്‍ഥിക്കാനെത്തുന്നവരായാണ് വിശ്വാസികളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഇവരെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''ചില ആളുകള്‍, വ്യാപാരമോ ക്രയവിക്രയങ്ങളോ അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും നമസ്‌കാരം നിലനിറുത്തുന്നതില്‍ നിന്നും സകാത്തു നല്‍കുന്നതില്‍ നിന്നും അവരെ അശ്രദ്ധരാക്കുന്നില്ല. ഹൃദയങ്ങള്‍ താളം തെറ്റുകയും ദൃഷ്ടികള്‍ പതറിപ്പോവുകയും ചെയ്യുന്ന ദിവസത്തെ അവര്‍ ഭയപ്പെടുന്നു'' (24:37).
ആരാധനയും ഭൗതിക വ്യാപാരങ്ങളും പരസ്പരം സമരസപ്പെട്ടു പോകണമെന്നാണ് ഇസ്‌ലാം വിവക്ഷിക്കുന്നത്. ആയുഷ്‌കാലമത്രയും ധ്യാനനിരതരായി വൈരാഗ്യ ജീവിതം നയിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നില്ല. മാത്രമല്ല, ശാരീരിക-സാമൂഹിക ബാധ്യതകള്‍ വിസ്മരിച്ച് ആരാധനാ നിമഗ്നനായി കഴിയുന്നതിനെ പ്രവാചകന്‍(സ്വ) നിരുത്സാഹപ്പെടുത്തി. നിത്യവും നോമ്പനുഷ്ഠിക്കുമെന്ന് പറഞ്ഞ ആളോട്, ഒന്നിടവിട്ട ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കുകയും ഒരാഴ്ച കൊണ്ട് ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കുകയും ചെയ്താല്‍ മതിയെന്നും രാത്രിയില്‍ ഉറങ്ങുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യണമെന്നും നബി(സ്വ) ഉപദേശിച്ചു. അതിനേക്കാള്‍ അധികം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ഉണര്‍ത്തിയെങ്കിലും നബി(സ്വ) അനുവദിച്ചില്ല. ജീവിത ബാധ്യതകളെക്കുറിച്ച് നബി(സ്വ) ഇപ്രകാരം തെര്യപ്പെടുത്തി: ''നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതകളുണ്ട്. നിന്റെ നേത്രങ്ങളോടും നിനക്ക് ബാധ്യതകളുണ്ട്. നിന്റെ ഇണയോടും നിന്റെ സന്ദര്‍ശകരോടും നിനക്ക് കടമകളുണ്ട്'' (ബുഖാരി, മുസ്‌ലിം).
നബി(സ്വ)യുടെ ജീവിതം ഇതിന്റെ നിദര്‍ശനമായിരുന്നു. ചില ദിവസങ്ങളില്‍ ഐച്ഛിക നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ ഉപേക്ഷിക്കുകയും നിശാവേളകളില്‍ കുറച്ചുസമയം നമസ്‌കരിക്കുകയും ബാക്കിസമയം ഉറങ്ങുകയുമായിരുന്നു അദ്ദേഹത്തിന്റെ ചര്യ. അദ്ദേഹം ബ്രഹ്മചാരിയായിരുന്നില്ല. മറിച്ച് കുടുംബജീവിതം നയിച്ചിരുന്നു.
എന്നാല്‍, ഈ അനുഷ്ഠാനങ്ങള്‍ കുറവാണെന്ന് കരുതിയ ചിലര്‍ മുഴുവന്‍ സമയവും ആരാധനയില്‍ മുഴുകുമെന്നു തീരുമാനിച്ചു. അവരെ വിളിച്ചു നബി(സ്വ) ഇപ്രകാരം പറഞ്ഞു: ''അറിയുക, അല്ലാഹുവാണ് സത്യം. നിങ്ങളില്‍ അല്ലാഹുവിനെ കൂടുതല്‍ ഭയപ്പെടുകയും അധികം സൂക്ഷിക്കുകയും ചെയ്യുന്നവന്‍ ഞാനാണ്. ഞാന്‍ നോമ്പനുഷ്ഠിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. ഞാന്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. ഞാന്‍ വിവാഹം ചെയ്തിരിക്കുന്നു. എന്റെ ഈ ചര്യ ഇഷ്ടപ്പെടാത്തവന്‍ എന്നില്‍പെട്ടവനല്ല'' (ബുഖാരി).
മാനസികവും ശാരീരികവും ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ സമന്വയത്തിന്റെയും മിതത്വത്തിന്റെയും സമീപനം സ്വീകരിക്കാന്‍ ഇസ്‌ലാം ശക്തമായി ഉദ്‌ബോധിപ്പിക്കുന്നു. ആത്മീയതയ്ക്കുവേണ്ടി മറ്റുള്ളവയെല്ലാം തിരസ്‌കരിക്കുന്നത് ഭക്തിയുടെ മാര്‍ഗമാണെന്ന ധാരണ തിരുത്തുന്നു. പള്ളിയും അങ്ങാടിയും തമ്മിലോ നമസ്‌കാരവും കുടുംബവും തമ്മിലോ സംഘട്ടനങ്ങളില്ലാത്ത ഒരു ജീവിതം ഇസ്‌ലാം സമര്‍പ്പിക്കുകയും ചെയ്യുന്നു.
പ്രസ്തുത സമന്വയം ഇസ്‌ലാമിലെ ആരാധനകളിലെല്ലാം പരിഗണിക്കപ്പെട്ടിട്ടുണ്ട്. നമസ്‌കാരം, ശാരീരിക-സാമൂഹ്യ വികാസവുമായും ബന്ധപ്പെട്ടതാണെന്നുകാണാം. സാമൂഹ്യ പുരോഗതിയിലും നാഗരിക നിര്‍മാണത്തിലും യാതൊരു പങ്കുമില്ലാത്ത സന്ന്യാസ ദര്‍ശനവും ഭക്തി പ്രസ്ഥാനങ്ങളുമായി ഇസ്‌ലാമിലെ നമസ്‌കാരം തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ''മനസ്സുകൊണ്ടുള്ള ആരാധനയാണല്ലോ ധ്യാനം'' (പഞ്ചമഹാ നിഘണ്ടു, പേ. 362).
എന്നാല്‍ നമസ്‌കാരത്തില്‍ ശരീരത്തിനും പ്രധാന പങ്കുവഹിക്കാനുണ്ട്. ഇവിടെ ധ്യാനത്തിലെന്നപോലെ ആത്മീയ ദൃഢതയ്ക്കുവേണ്ടി ശരീരത്തെ അവഗണിക്കുന്നില്ല. പ്രത്യുത വുദൂ, അംഗചലനങ്ങള്‍ തുടങ്ങിയവ നമസ്‌കാരത്തെ മനസ്സും ശരീരവും പങ്കുവഹിക്കുന്ന ആരാധനയാക്കിത്തീര്‍ത്തിരിക്കുന്നു. നില്‍ക്കുക, നമിക്കുക, സാഷ്ടാംഗം ചെയ്യുക, ഇരിക്കുക എന്നീ ക്രമത്തിലാണ് നമസ്‌കാരത്തിലെ കര്‍മങ്ങള്‍ നിജപ്പെടുത്തിയിരിക്കുന്നത്.
നമസ്‌കരിക്കുന്നവന്റെ ശരീരം ചലിക്കുന്നു. നാവുചൊല്ലുന്നു. ഹൃദയം ചിന്തിക്കുന്നു. മനസ്സ് സാന്നിധ്യം വഹിക്കുന്നു. അതില്‍ നിന്നും വിരമിച്ചാല്‍ ഭൗതിക ജീവിതത്തിലേക്കു പ്രവേശിക്കുന്നു. ഇപ്രകാരം, മനസാ വാചാ കര്‍മണാ സര്‍വസ്വവും അല്ലാഹുവിനു സമര്‍പ്പിച്ചുകൊണ്ട് ഭക്തി നിര്‍ഭരമായി നിര്‍വഹിക്കപ്പെടുന്ന ഒരു ആരാധനയാണ് നമസ്‌കാരമെന്നത് അതിന്റെ വ്യതിരിക്തതയും സവിശേഷതയും വ്യക്തമാക്കുന്നു.