മുസ്‌ലിം, പൂര്‍ണാര്‍ഥത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അതു കൂടുതല്‍ പ്രകടമാവുന്നത് നമസ്‌കാരത്തിലാണ്. കാരണം, മിക്ക ആളുകളുടെയും സ്വാതന്ത്ര്യം നഷ്ടപ്പെടാറുള്ളത് ആരാധനാ കര്‍മങ്ങളിലാണ്. അവിടെ അവന്‍ സൃഷ്ടി പൂജയുടെയും പൗരോഹിത്യത്തിന്റെയും ബന്ധനത്തിലാണ്. എന്നാല്‍, നമസ്‌കാരം ഈ ബന്ധനത്തില്‍നിന്നും അവനെ മോചിപ്പിക്കുന്നു. അല്ലാഹുവല്ലാത്ത ആരാധ്യരൊക്കെ ഉന്നതിയുടെ ഉത്തുംഗത പ്രാപിച്ച മനുഷ്യരായാലും അവതാരങ്ങളുടെയോ പുണ്യവാളന്മാരുടെയോ പ്രതിരൂപങ്ങളായാലും അവയൊക്കെ അല്ലാഹുവിന്റെ ദാസന്മാരും സൃഷ്ടികളുമാണെന്ന വിശ്വാസത്തെ ഓരോ നമസ്‌കാരവും കൂടുതല്‍ക്കൂടുതല്‍ ദൃഢീകരിക്കുന്നു. തന്മൂലം ആ ആരാധ്യരെപ്പോലെ അവനും അല്ലാഹുവിനെ ആശ്രയിക്കുന്നു. അതുവഴി മനഃസാക്ഷിയുടെ സ്വാതന്ത്ര്യം മുസ്‌ലിം നേടുന്നു. നമസ്‌കരിക്കുമ്പോള്‍ അവനത് അനുഭവിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ''നിശ്ചയം, പള്ളികള്‍ അല്ലാഹുവിന്റേതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനു പുറമെ ആരോടും പ്രാര്‍ഥിക്കരുത്'' (72:18).
നമസ്‌കാരം മുസ്‌ലിമിനെ പൗരോഹിത്യത്തില്‍ നിന്നും മോചിപ്പിക്കുന്നു. കാരണം ഇസ്‌ലാമില്‍ പൗരോഹിത്യമില്ല, മധ്യവര്‍ത്തികളില്ല, അല്ലാഹുവുമായി ഏതൊരു വ്യക്തിക്കും നേരിട്ട് ബന്ധം സ്ഥാപിക്കാവുന്നതാണ്. പുരോഹിതന്റെ കാര്‍മികത്വത്തിലുള്ള ആരാധനയേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന ധാരണയെ ഇസ്‌ലാം തിരുത്തുക കൂടി ചെയ്തു. പ്രത്യുത, സമൂഹമായി നമസ്‌കരിക്കുകയാണെങ്കിലും, നമസ്‌കാരത്തിന്റെ സാധുതയിലും സ്വീകാര്യതയിലും അയാള്‍ മാധ്യസ്ഥ്യം വഹിക്കുന്നില്ല. എന്നാല്‍ പൗരോഹിത്യ മതങ്ങളില്‍ നിയമം നിര്‍മിക്കാനും ദുര്‍ബലപ്പെടുത്താനും പൊറുക്കാനും ശിക്ഷിക്കാനുമുള്ള മുഴുവന്‍ അധികാരവും പുരോഹിതന്മാരുടെ കൈക ളിലാകുന്നു. മധ്യകാലത്ത് ക്രൈസ്തവ പുരോഹിതന്മാര്‍ ജനങ്ങള്‍ക്കു സ്വര്‍ഗത്തിലുള്ള അവകാശം വില്‍ക്കുകയും അതിനുള്ള രേഖകള്‍ കൈമാറുകയും വരെയുണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷീകരിക്കുന്നു (താരീഖുല്‍ ഇസ്‌ലാം, ഡോ. ഹസന്‍ ഇബ്‌റാഹീം ഹസന്‍, വാ. 4, പേ. 245).
നമസ്‌കാരം മുസ്‌ലിമായ ഏതൊരു മനുഷ്യനും നിര്‍വഹിക്കാവുന്നതാണ്. അത് സ്ത്രീയോ പുരുഷനോ കുട്ടിയോ സമ്പന്നനോ ദരിദ്രനോ ആരുമാകട്ടെ എല്ലാവര്‍ക്കും ഇത് ബാധകമാണ്. വൃത്തിയും വിവേകവും മാത്രമാണ് അതിന്റെ മാനദണ്ഡം. എല്ലാവര്‍ക്കും തുല്യപ്രതിഫലവുമാണ് നമസ്‌കാരത്തിന് അല്ലാഹു നിശ്ചയിച്ചത്.
പള്ളികളില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമേ സാധുവാകുകയുള്ളൂവെന്ന് ഇസ്‌ലാമിലില്ല. ലോകത്ത് വൃത്തിയുള്ള എവിടെ വെച്ചും അത് നിര്‍വഹിക്കാവുന്നതാണ്. നബി(സ്വ) പറയുന്നു: ''ഭൂമി എനിക്ക് ആരാധനാസ്ഥലവും ശുചീകരണോപാധിയും ആക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ എന്റെ സമുദായത്തില്‍പെട്ട ആര്‍ക്കെങ്കിലും നമസ്‌കാരത്തിന്റെ സമയം എത്തിയാല്‍ അവന്‍ നമസ്‌കരിക്കട്ടെ'' (ബുഖാരി).
തൊഴില്‍ശാലകളിലും യാത്രാവഴികളിലും നദീതീരങ്ങളിലും പാടശേഖരങ്ങളിലുമൊക്കെ ഒരു മുസ്‌ലിമിനു നമസ്‌കരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ജൂതസമൂഹത്തിന്റെ നേതാവായിരുന്ന പ്രൊഫ. സക്കീ ഉറൈബി തന്റെ യാത്രകളില്‍ ഈ സ്വാതന്ത്ര്യത്തിന്റെ മാതൃകകള്‍ ദര്‍ശിച്ചു. അതിനെ തുടര്‍ന്ന് ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും 1960ല്‍ ഇസ്‌ലാം ആശ്ലേഷിക്കുകയുമുണ്ടായി (ലിമാദാ അസ്‌ലംതു).
നേതാവിനെ തിരുത്താനുള്ള സ്വാതന്ത്ര്യവും നമസ്‌കാരത്തില്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. സമൂഹ പ്രാര്‍ഥനക്കിടയില്‍ ഇമാമിന് തന്റെ വാക്കിലോ പ്രവൃത്തിയിലോ പിഴവ് സംഭവിച്ചാല്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പിന്‍തുടര്‍ന്നു നമസ്‌കരിക്കുന്നവരുടെ ബാധ്യതയാണ്. പ്രായ- ലിംഗ ഭേദമില്ലാതെ എല്ലാവരും ഇതു ചെയ്യേണ്ടതാണ്. അബദ്ധം സംഭവിച്ചത് ഖുര്‍ആന്‍ പാരായണത്തിന് ഇടയിലാണെങ്കില്‍ ഇമാമിനു തിരുത്തിക്കൊടുത്തും അതല്ലാത്തതിലാണെങ്കില്‍ പുരുഷന്മാര്‍ സുബ്ഹാനല്ലാ എന്നു പറഞ്ഞും സ്ത്രീ കൈയടിച്ചും ഇമാമിനെ തെറ്റ് ബോധ്യപ്പെടുത്തേണ്ടതാണ്.
വെള്ളിയാഴ്ചയിലെ ഉദ്‌ബോധനവും ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. മിമ്പറില്‍ നില്‍ക്കുന്ന ഖത്വീബ് തന്റെ അഭിപ്രായങ്ങള്‍ അടിച്ചേല്പിക്കുന്ന സ്വേച്ഛാധിപതിയല്ല; പ്രത്യുത, ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ അദ്ദേഹവും പങ്കാളിയാണ്. അദ്ദേഹം മറന്നാല്‍ ഓര്‍മിപ്പിക്കുകയും തെറ്റു സംഭവിച്ചാല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യല്‍ അവരുടെ ബാധ്യതയാണ്.
രണ്ടാം ഖലീഫ ഉമര്‍(റ) മഹ്‌റിന്റെ വര്‍ധനയ്ക്ക് ഒരു പരിധി നിശ്ചയിക്കുന്നതിനെ കുറിച്ച് പള്ളിയില്‍ നിന്ന് പ്രസംഗിച്ചപ്പോള്‍ സൂറതുന്നിസാഇലെ ഇരുപതാം സൂക്തം ഓതിക്കൊണ്ട് പള്ളിയിലുണ്ടായിരുന്ന ഒരു വനിത വിമര്‍ശിച്ച സംഭവം സുവിദിതമാണല്ലോ. തത്സമയം ഖലീഫ ക്ഷുഭിതനാവുകയോ വിമര്‍ശിക്കാന്‍ പാടില്ലെന്നു പറയുകയോ ചെയ്തില്ല. പ്രത്യുത, ''ഉമര്‍ പിഴവില്‍ അകപ്പെട്ടിരിക്കുന്നു. ആ വനിത ശരി കണ്ടെത്തിയിരിക്കുന്നു'' എന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഉദ്യമം ഉപേക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്.