നിരവധി സങ്കീര്‍ണമായ അവയവങ്ങളും എന്‍സൈമുകളും ഹോര്‍മോണുകളും പ്രവര്‍ത്തിച്ചുകൊണ്ട് നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ ഊര്‍ജ്ജലഭ്യതക്കനുസൃതമായ രീതിയില്‍ മാറ്റിയെടുത്ത് ആവശ്യമില്ലാത്തവ പുറന്തള്ളുന്ന സംവിധാനമാണ് ദഹന വ്യവസ്ഥ. വായ, അന്നനാളം, ആമാശയം, ആഗ്നേയഗ്രന്ഥി, കരള്‍, ചെറുകുടല്‍, വന്‍കുടല്‍, ഡുവോഡിനം, മലാശയം ഇവയെല്ലാം ദഹനേന്ദ്രിയ വ്യവസ്ഥയില്‍ പങ്കെടുക്കുന്ന അവയവങ്ങളാണ്. ഇവയ്ക്ക് മൊത്തത്തില്‍ പറയുന്ന പേരാണ് അന്നപഥം.
''നിശ്ചയം വാനലോകത്തും ഭൂമിയിലും എണ്ണമറ്റ ദൃഷ്ടാന്തങ്ങളുണ്ട്, നിങ്ങളുടെ തന്നെ സൃഷ്ടിയിലും അല്ലാഹു ഭൂമിയില്‍ പരത്തിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങളിലും മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്, ദൃഢവിശ്വാസമുള്ളവര്‍ക്ക്''(വി. ഖുര്‍ആന്‍ 45: 3-4).
ആമാശയത്തിലെത്തുന്ന ഭക്ഷണത്തെ ആമാശയഭിത്തി അതിന്റെ പ്രത്യേക ചലനം കൊണ്ട് കടഞ്ഞെടുക്കുന്നു. പെപ്‌സിന്‍, റെനിന്‍ എന്നീ രാസാഗ്നികള്‍ ദഹനപ്രക്രിയക്കും ഹൈഡ്രോക്ലോറിക് ആസിഡ് ഭക്ഷണത്തോടൊപ്പം വയറ്റില്‍ പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനും സഹായിക്കുന്നു. മൂന്നു നാലു മണിക്കൂര്‍ ആമാശയത്തില്‍ കിടന്ന ശേഷം ഭക്ഷണം പൈലോറിക് സ്പിന്‍ക്‌സ്റ്റര്‍ വഴി പക്വാശയം അഥവാ ഡ്യൂഡിനത്തിലേക്ക് കടക്കുന്നു. ആറു മീറ്ററോളം നീളം വരുന്ന ചെറുകുടലിന്റെ വളഞ്ഞ ഭാഗമായ പക്വാശയത്തില്‍ വച്ചാണ് ദഹനത്തിന്റെ പ്രധാനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസം (ബൈല്‍) ഭക്ഷണത്തിലെ കൊഴുപ്പിനെ സൂക്ഷ്മ കണികകളാക്കുന്നു. ആമാശയത്തില്‍ നിന്ന് വരുന്ന കുഴമ്പു രൂപത്തിലുള്ള രാസാഗ്നികള്‍ ആഹാരത്തിലെ അമ്ലഗുണം നിര്‍വീര്യമാക്കുന്നു. ആഗ്നേയ ഗ്രന്ഥി (പാന്‍ക്രിയാസ്) ഉത്പാദിപ്പിക്കുന്ന ആഗ്നേയ രസ (പാന്‍ക്രിയാറ്റിക് ജ്യൂസ്)ത്തിന്റെ ഘടകമായ ട്രിപ്‌സിന്‍ ആഹാരത്തെ വിഘടിപ്പിച്ച് ശരീരത്തിന് ആവശ്യമായ രീതിയിലുള്ള അമിനോ ആസിഡുകളാക്കി മാറ്റുകയും അമിലേസ് അന്നജത്തെ ആദ്യം മാള്‍ട്ടോസായും പിന്നീട് ഗ്ലൂക്കോസായും മാറ്റുന്നു. ലിപേസ് കൊഴുപ്പിനെ വസാമ്ലങ്ങളും (ഫാറ്റി ആസിഡ്‌സ്) ഗ്ലിസറോളുകളുമാക്കി മാറ്റുന്നു. ചെറുകുടലില്‍ വച്ച് ദഹനം പൂര്‍ത്തിയാവുന്നു. ഇങ്ങനെ വേര്‍തിരിക്കപ്പെടുന്ന ഗ്ലൂക്കോസും അമിനോ ആസിഡുകളും പ്ലാസന്റയിലേതു പോലെ ചെറുകുടലിലുള്ള വില്ലസുകള്‍ വഴി രക്തത്തിലെ ചുവന്ന രക്താണുക്കള്‍ ശരീരത്തിലെത്തിക്കുന്നു. ബാക്കി കരളിലും ത്വക്കിനടിയിലുമായി സംഭരിക്കപ്പെടുന്നു. ശരീരത്തിനാവശ്യമുള്ളപ്പോള്‍ കരളില്‍ സംഭരിക്കപ്പെടുന്ന ഗ്ലൂക്കോസ് ഗ്ലൈക്കൊജനായി കോശങ്ങളിലെത്തുന്നു. ശരീരത്തിനാ വശ്യമില്ലാത്ത വസ്തുക്കളെ ചെറുകുടല്‍ വന്‍ കുടലിലേക്ക് തള്ളുന്നു. അവിടെ വച്ച് വെള്ളവുമായി കലരുന്ന വിസര്‍ജ്യ വസ്തുക്കളില്‍ നിന്ന് വെള്ളം വലിച്ചെടുക്കപ്പെടുകയും അവസാനം മലാശയത്തില്‍ (റെക്ട്രം) നിറഞ്ഞ് മലദ്വാരം വഴി പുറത്തു പോവുകയും ചെയ്യുന്നു. പരിപക്വമായ ഒരു ബുദ്ധികേന്ദ്രത്തിന്റെ വൈവിധ്യമാര്‍ന്ന നിര്‍മാണ പ്രക്രിയ തന്നെ.