Skip to main content

ഗര്‍ഭാശയം

രേതസ്‌കണം നിക്ഷേപിക്കപ്പെടുന്ന സുരക്ഷിതസ്ഥാനമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ഗര്‍ഭാശയത്തെയാണ് (യൂട്ടറസ്). വളരെ കട്ടിയുള്ള മൂന്ന് പേശികള്‍ കൊണ്ടാണ് ഗര്‍ഭപാത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഗര്‍ഭധാരണത്തിനു മുമ്പ് ഏഴു സെന്റിമീറ്റര്‍ മാത്രം നീളമുള്ളൊരു അവയവം ഭ്രൂണത്തിനു വളരാനുള്ള മുറിയായി മാറുകയും പ്രസവസമയമാകുമ്പോഴേക്കും 30 സെ.മീ നീളത്തിലേക്ക് വികസിക്കുകയും ചെയ്യുന്നു. ഗര്‍ഭത്തിനു മുമ്പ് മൂത്രാശയത്തിനു പിന്നില്‍ ഒളിച്ചിരിക്കുന്നതു പോലുള്ള ഗര്‍ഭപാത്രം ഒരു സ്പൂണില്‍ അധികം കൊള്ളാത്ത അവസ്ഥയില്‍ നിന്ന് അഞ്ചു ലിറ്റര്‍ വ്യാപ്തിയിലേക്ക് വളരുന്നു. ഭ്രൂണത്തിന് വളരാന്‍ വഴുവഴുപ്പ് വേണം. ഇതിന് ഗര്‍ഭാശയത്തില്‍ മുന്നീര്‍ക്കുടം (അംനിയോട്ടിക് ഫ്‌ളൂയിഡ്) ഒരുങ്ങുന്നു. കുട്ടി ഉണങ്ങി വരളാതിരിക്കാനും പുറത്തുനിന്ന് മാതാവിന്റെ ശരീരത്തിലേല്‍ക്കുന്ന മര്‍ദ്ദങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും പ്രസവസമയത്ത് യോനീമുഖത്ത് വഴുവഴുപ്പിനായും ഇത് സഹായിക്കുന്നു.

ഭ്രൂണത്തിന്റെ പുറം പാളി ഗര്‍ഭാശയത്തിലേക്ക് തുളച്ചു കയറിയുണ്ടാകുന്ന പ്ലാസന്റ (മറുപിള്ള) വഴിയാണ് കുട്ടിയുടെ വളര്‍ച്ചക്ക് വേണ്ട പോഷകവും ഓക്‌സിജനും വിനിമയം ചെയ്യപ്പെടുന്നത്. ഇതിനായി പ്ലാസന്റയില്‍ നിന്നും വിരലാകൃതിയില്‍ മാതാവിന്റെ രക്തത്തിലേക്ക് തൂങ്ങിക്കിടക്കുന്ന വില്ലസിന്റെ അകത്തുള്ളത് ഭ്രൂണത്തിന്റെ രക്തമാണ്. പുറത്തുള്ളതോ മാതാവിന്റെ രക്തവും. ഇവിടെ രക്തം കൂടിച്ചേരുന്നില്ല. കൂടിച്ചേര്‍ന്നാല്‍ രണ്ടും വ്യത്യസ്ത ഗ്രൂപ്പുകളിലുള്ളതാണെങ്കില്‍ കുട്ടിയുടെ രക്തം കട്ട പിടിക്കാനും കുട്ടിയുടെ ജീവഹാനിക്കും അത് ഇടവരുത്തും. ആസൂത്രണത്തിന്റെ പരമകാഷ്ഠയായ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം ഓരോ ഘട്ടങ്ങളിലും വ്യക്തമായി കാണാനാവും. 

പ്രസവമടുക്കുമ്പോള്‍ കുഞ്ഞിനുള്ള ഭക്ഷണവും മാതൃശരീരത്തില്‍ രൂപപ്പെടും. ചോരയെ മുലപ്പാലാക്കി മാറ്റാന്‍ കഴിവുള്ള ഗ്രന്ഥിയാണ് സ്തനം. ഉള്ളില്‍ അനേകം മുന്തിരിക്കുലകള്‍ പോലെ ആല്‍വിയോളസ്സുകളുള്ള സ്തനങ്ങള്‍ ആര്‍ത്തവത്തോടനുബന്ധമായാണ് വളര്‍ച്ച ആരംഭിക്കുന്നത്. ഗര്‍ഭകാലത്ത് പാല്‍ ഉല്പാദനം തടയുന്ന പ്ലാസന്റ പ്രസവാനന്തരം അഴിഞ്ഞു പോകുന്നതോടെ പാലുല്പാദനം പുനരാരംഭിക്കുന്നു. പ്രസവിച്ച് ആദ്യത്തെ നാലഞ്ചു ദിവസം ഉണ്ടാകുന്ന കൊഴുപ്പ് കുറഞ്ഞ കൊളസ്ട്രം കുഞ്ഞിന്റെ രോഗപ്രതിരോധത്തിനും ആന്റിബോഡികള്‍ക്കും വളരെ അനിവാര്യമാണ്. നിങ്ങള്‍ കുടിക്കുന്ന പാലില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന ഖുര്‍ആന്‍ സൂക്തം സുനിശ്ചിതമായ കര്‍മ്മപദ്ധതി നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു.

''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍, (ആലോചിച്ചു നോക്കുക) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍ നിന്നും പിന്നീട് ഭ്രൂണത്തില്‍ നിന്നും അനന്തരം രൂപം നല്കപ്പെട്ടതും രൂപം നല്കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു), നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരവധി വരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുന്നതു വരെ (അവന്‍ നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിനു ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജ്ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാ തരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു'' (വി.ഖു. 22:5).

Feedback