ഹൃദയവും രക്തക്കുഴലും അടങ്ങുന്ന പ്രധാന വ്യവസ്ഥയാണ് രക്തപര്യയന വ്യവസ്ഥ. ചലിക്കാനും പദാര്‍ഥ സംവഹനം നടത്താനും ശേഷിയുള്ള രക്തം തന്നെ ഒരു മഹാത്ഭുതമാണ്. ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങളായ കോശങ്ങളിലേക്ക് അവയ്ക്കാവശ്യമായ അമിനോ ആസിഡുകളും ഗ്ലൂക്കോസും എത്തിക്കുകയും ശ്വാസകോശങ്ങളില്‍ നിന്ന് ഓക്‌സിജനും അതിലേക്ക് തിരിച്ച് കാര്‍ബണ്‍ ഡയോക്‌സൈഡുമെല്ലാം എത്തിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും ചേര്‍ന്നാണ്. രക്തത്തിന്റെ പ്രധാന ഘടകമായ പ്ലാസ്മയുടെ 95 ശതമാനം വെള്ളമാണ്.
പുറത്തുനിന്ന് രോമകൂപങ്ങളിലൂടെയും വിസര്‍ജ്ജനാവയവങ്ങളിലൂടെയും ശരീരത്തിലെത്തുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്നത് രക്തത്തിലെ ശ്വേതരക്താണുക്കളാണ്. ഇവയുടെ അളവ് ക്രമാതീതമാകുമ്പോഴാണ് രക്താര്‍ബുദ(ലുക്കീമിയ)മുണ്ടാകുന്നത്. ശരീരത്തില്‍ മുറിവുണ്ടായാല്‍ അവിടെ രക്തം കട്ടപിടിച്ച് ശരീരത്തെ സംരക്ഷിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളാണ്.