മറ്റൊന്നിനോട് പറ്റിപ്പിടിച്ചു കിടക്കുന്നത് എന്നാണ് അലഖ:യുടെ അറബി ഭാഷാര്‍ഥം. ബീജ സങ്കലന ശേഷമുള്ള രോപണ ഘട്ടം അഥവാ ഇംപ്ലാന്റേഷനെയാണ് ഇത് സൂചിപ്പിക്കുന്നത്. ബീജസങ്കലനം നടന്ന ഉടന്‍ സങ്കലിതാണ്ഡത്തില്‍ കോശവിഭജനം ആരംഭിക്കുന്നു. മൂന്നാം ദിവസമെത്തുമ്പോള്‍, അങ്ങനെ രൂപപ്പെടുന്ന ചെറു കോശങ്ങള്‍ (ബ്ലാസ്റ്റോമിയേഴ്‌സ്) പന്ത്രണ്ടോ പതിനാറോ എണ്ണമായിക്കഴിഞ്ഞിരിക്കും. ഒരു മള്‍ബറിപ്പഴത്തോടു സാദൃശ്യമുള്ളതിനാല്‍ മോറുല എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥയില്‍ നിന്ന് വളര്‍ന്ന് ദ്രാവകം നിറഞ്ഞ് പന്തു പോലെയായിത്തീരും. ഇതിന് ബുള്‍ബുദം (ബ്ലാസ്റ്റുല) എന്നു പറയുന്നു. സങ്കലിതാണ്ഡത്തെ ബീജവാഹിനിയിലേക്ക് പതുക്കെ നീക്കിക്കൊണ്ടു വരുന്നത് രോമക(സീലിയ)ങ്ങളാണ്. നാലോ അഞ്ചോ ദിവസം കൊണ്ട് ബുള്‍ബുദം ഗര്‍ഭാശയത്തിലെത്തും. രണ്ടു ദിവസത്തോളം അത് ഗര്‍ഭാശയസ്രവങ്ങളില്‍ സ്വതന്ത്രമായി കിടക്കും. പിന്നീട് ഗര്‍ഭാശയത്തില്‍ പറ്റിച്ചേര്‍ന്ന് രോപണം (ഇംപ്ലാന്റേഷന്‍) അഥവാ അലഖ രൂപീകരണം നടത്തുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്‌നു ഖയ്യിമിനെ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു ഹജറുല്‍ അസ്ഖലാനി തന്റെ പ്രശസ്തമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: ശുക്ലം ഗര്‍ഭാശയത്തില്‍ പ്രവേശിച്ചാല്‍ അത് ഒരു പന്തുപോലെയുള്ള വസ്തുവായി മാറി ആറു ദിവസം കഴിഞ്ഞാണ് ഗര്‍ഭാശയത്തോട് ഒട്ടിച്ചേരുന്നത്. കോടിക്കണക്കിന് ബീജങ്ങളില്‍ നിന്ന് അണ്ഡത്തെ പ്രാപിക്കുന്ന നാനൂറോളം പുരുഷ ബീജങ്ങളിലൊന്നിനെ മാത്രമേ സ്രഷ്ടാവ് സങ്കലനത്തിനായി തെരഞ്ഞെടുക്കുന്നുള്ളൂ. ഒരു ബീജം ലക്ഷ്യം പ്രാപിക്കുമ്പോള്‍ മറ്റുള്ളവ പരാജയപ്പെടുന്നതിന്റെ കാരണങ്ങളിന്നും അജ്ഞാതമാണ്. ബീജസങ്കലനം നടന്ന് പുരുഷ ബീജം അതിന്റെ ശിരസ്സിലെ ജനിതക വസ്തുക്കള്‍ അണ്ഡത്തില്‍ നിക്ഷേപിച്ചാല്‍ അണ്ഡം മറ്റു ബീജങ്ങള്‍ക്ക് പ്രവേശിക്കാനാകാത്ത വിധം ചുറ്റും കട്ടിയുള്ള ആവരണമണിയുന്നു.
“നിസ്സാരമായൊരു ദ്രാവകത്തിന്റെ സത്തില്‍ നിന്നാണവന്റെ സന്താനങ്ങളെ അല്ലാഹു സൃഷ്ടിച്ചത്.” (വി. ഖുര്‍ആന്‍ 32:8).
ഏഴാം ദിവസം മുതല്‍ 21ാം ദിവസം വരെയുള്ള മൂന്ന് ക്രമാനുഗത പ്രക്രിയകളില്‍ ഏറ്റവും പ്രധാനം പറ്റിപ്പിടിക്കല്‍ തന്നെ.