പ്രായപൂര്‍ത്തിയായ മനുഷ്യന്റെ ശരീരത്തില്‍ 60 ലക്ഷം കോടി കോശങ്ങളുണ്ടെന്നാണ് കണക്ക്. ശരീരത്തിലെ ഊര്‍ജ്ജോത്പാദക യൂണിറ്റുകളായ കോശങ്ങളില്‍ രക്തലോമികകള്‍ വഴി എത്തിച്ചേരുന്ന ഭക്ഷണ കണികകള്‍ ദഹിക്കണമെങ്കില്‍ അവയ്ക്ക് ഓക്‌സിജന്‍ കണികകള്‍ വേണം. അന്തരീക്ഷവായുവിലെ പ്രാണവായു ശരീരകോശങ്ങള്‍ക്കെത്തിച്ചുകൊടുത്ത് അവയിലെ വിസര്‍ജ്യവസ്തുവായ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളുക എന്ന അതിസങ്കീര്‍ണ്ണമായ പ്രക്രിയയാണ് ശ്വാസകോശങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യബുദ്ധിക്ക് അജ്ഞാതമായ അവയവ സംവിധാനമാണിത്.
നാസാരന്ധ്രങ്ങള്‍ വഴി അകത്തേക്ക് പ്രവേശിക്കുന്ന അന്തരീക്ഷ വായു ശ്ലേഷ്മദ്രവത്തിലൂടെ അരിച്ചെടുക്കപ്പെട്ട ശേഷം ശ്വാസനാളം വഴി ശ്വസനികകളില്‍ (ബ്രോങ്കൈ) എത്തുന്നു. ഓരോ ശ്വസനികയും ഓരോ ശ്വാസകോശത്തില്‍ പ്രവേശിച്ച് അനേകം ചെറിയ ശാഖകളായി പിരിയുന്നു. ശ്വസനികകള്‍ വായു അറ എന്നറിയപ്പെടുന്ന ചെറിയ കുമിളകള്‍ പോലുള്ള വീര്‍ത്തിരിക്കുന്ന സമൂഹത്തിലേക്ക് തുറക്കുന്നു. ചുറ്റും നിരവധി രക്തലോമികകളുള്ള വായു അറയാണ് ശ്വാസകോശത്തിന്റെ അടിസ്ഥാനം. ഹൃദയത്തിന് രണ്ടു ഭാഗങ്ങളിലേക്കായി തേനീച്ചക്കൂടിന്റെ അരിപ്പ പോലെ തൂങ്ങിക്കിടക്കുന്ന രണ്ട് ബ്രോങ്കികളില്‍ രണ്ടര ലക്ഷത്തോളം ശ്വസനികകള്‍, അവ ഓരോന്നും മുന്തിരിക്കുല പോലുള്ള ആല്‍വിയോളസ്സില്‍ അവസാനിക്കുന്നു. കോശത്തിന്റെ കട്ടി മാത്രം വരുന്ന ഭിത്തിയുള്ള ആല്‍വിയോളസ്സുകള്‍ക്ക് രക്തവും വാതകവും തമ്മില്‍ കൈമാറാന്‍ എളുപ്പമാണ്. ഉച്ഛ്വാസത്തിനു ശേഷം നിശ്വാസവും നടക്കുമ്പോള്‍ മാത്രമേ ഡയഫ്രം വഴി ആവശ്യമായ ഓക്‌സിജന്‍ അകത്തേക്ക് കടക്കുകയുള്ളൂ.
ശരീരത്തിലൂടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ഒഴുകി ഹൃദയത്തിലെത്തുന്ന രക്തം ശ്വാസകോശത്തിലെ ആല്‍വിയോളു കളിലൂടെ കടന്നുപോകുമ്പോള്‍ അവിടെയുള്ള ഓക്‌സിജന്‍ രക്തത്തിലേക്കും രക്തത്തിലുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വാസകോശത്തിലേക്കും വിനിമയം ചെയ്യപ്പെടുന്നു. ഈ ഓക്‌സിജന്‍ കണങ്ങള്‍ കോടിക്കണക്കിന് വരുന്ന കോശങ്ങളിലേക്കെത്തിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും ചേര്‍ന്നാണ്. കോശങ്ങളിലെ മൈറ്റോ കോണ്‍ട്രിയയില്‍ വച്ച് നേരത്തെ എത്തിയ ഗ്ലൂക്കോസ് കണികയും ഓക്‌സിജന്‍ കണികയും കൂടിച്ചേര്‍ന്ന് രാസപ്രവര്‍ത്തനം നടത്തുമ്പോഴാണ് യഥാര്‍ഥ ശ്വസനം അഥവാ കോശശ്വസനം (സെല്ലുലര്‍ റെസ്പിറേഷന്‍) നടക്കുന്നത്. ശ്വാസകോശങ്ങളില്‍ നിന്ന് വായു തിരിച്ചുവരുമ്പോള്‍ തൊണ്ട, നാവ്, ഹാര്‍ഡ് പാലറ്റ്, സോഫ്റ്റ് പാലറ്റ്, പല്ല് തുടങ്ങിയ സംസാരേന്ദ്രിയങ്ങളില്‍ തട്ടി വ്യത്യസ്ത സ്വരങ്ങളുണ്ടാകുമ്പോഴാണ് മനുഷ്യന് സംസാരിക്കാന്‍ സാധിക്കുന്നത് (പള്‍മൊണിക് എയര്‍ സ്ട്രീം). പറയാന്‍ എളുപ്പമുള്ള, എന്നാല്‍ അതിസങ്കീര്‍ണമായ ഈ വ്യവസ്ഥകള്‍ക്കെല്ലാം പിന്നിലെ അതിമഹത്തായ ആസൂത്രണത്തെ നാമെങ്ങനെ കാണാതെ പോകും?