അല്ലാഹുവിന് മാത്രം വ്യക്തമായി അറിയാന്‍ കഴിയുന്ന അദൃശ്യകാര്യങ്ങളില്‍ ഒന്നാണ് ഗര്‍ഭാശയങ്ങളിലുളളത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. എന്നാല്‍ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയത്തിന് അനവധി മാര്‍ഗങ്ങളുളള സ്ഥിതിക്ക് അല്ലാഹുവിന്റെ അദൃശ്യജ്ഞാനത്തിന് എന്ത് പ്രസക്തി എന്ന് പലരും ചിന്തിക്കാനിടയുണ്ട്.
മനുഷ്യന് തന്റെ ബുദ്ധികൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കാണ് ഗൈബ് അല്ലെങ്കില്‍ അദൃശ്യജ്ഞാനം എന്ന് പറയുന്നത്. അല്ലാഹുവിന് മാത്രം അറിയുന്ന അദൃശ്യകാര്യങ്ങള്‍ അഞ്ചാണ് എന്ന് പറഞ്ഞ പ്രവാചകന്‍ അനുബന്ധമായി കൊണ്ട് സുറത്ത് ലുഖ്മാനിലെ അവസാന വചനം പാരായണം ചെയ്തു. ''തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുളള അറിവ്, അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുളളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചായായും അല്ലാഹു സര്‍വജ്ഞനും സൂക്ഷമജ്ഞാനിയുമാകുന്നു''(ബുഖാരി). ഈ വചനത്തില്‍ പരാമര്‍ശിച്ച അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന് അല്ലാതെ അറിയാന്‍ കഴിയില്ല എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ''ആകാശങ്ങളിലും ഭൂമിയിലും ഉളളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ''( നംല് 65) എന്ന ഖുര്‍ആന്‍ വചനമാണ് അവര് അതിന് തെളിവായി പറയുന്നത്. ആരെങ്കിലും ഇത്തരം അദൃശ്യ കാര്യങ്ങള്‍ അറിയുമെന്ന് വാദിക്കുകയാണെങ്കില്‍ അവന്‍ ഖുര്‍ആനിനെ കളവാക്കുകയും മതത്തില്‍ നിന്ന് പുറത്ത് പോകുകയും ചെയ്യും.
ഗര്‍ഭാശയത്തിലുളള കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നതോ, അവന് വരാനിടയുളള രോഗങ്ങള്‍ കണ്ടെത്തുന്നതോ ഒരിക്കലും അല്ലാഹുവിന്റെ അദൃശ്യജ്ഞാനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഹദീസുകള്‍ സുക്ഷ്മായി പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും. നബി(സ്വ) പറഞ്ഞു: അദൃശ്യത്തിന്റെ ഭണ്ഡാരങ്ങള്‍ അഞ്ചാണ്. അവ അല്ലാഹു വല്ലാതെ അറിയുകയില്ല. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നത് അല്ലാഹു അല്ലാതെ അറിയുകയില്ല. നാളെത്തെ കാര്യം അല്ലാഹുവല്ലാതെ അറിയുകയില്ല. മഴ എപ്പോള്‍ വരുമെന്ന് അല്ലാഹുവല്ലാതെ ആരും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ച് മരിക്കുമെന്ന് ഒരാളും അറിയുകയില്ല. അന്ത്യദിനം എപ്പോഴുണ്ടാകുമെന്നും അല്ലാഹുവല്ലാതെ ആരും അറിയുകയില്ല (ബുഖാരി).
ഗര്‍ഭാശയത്തിലുളളത് അവന്‍ അറിയുന്നു എന്നു ഖുര്‍ആനില്‍ പറഞ്ഞതിനെ വിശദീകരിക്കുകയാണ് ഈ ഹദീസ് ചെയ്യുന്നത് ഇതില്‍ ഗര്‍ഭാശയത്തിലുളളത് എന്നല്ല പറഞ്ഞിരിക്കുന്നത് മറിച്ച് ഗര്‍ഭാശയം കുറവ് വരുത്തുന്നത് എന്നാണ്. ഇതേ പ്രയോഗം തന്നെ മറ്റൊരു ഖുര്‍ആന്‍ വചനത്തിലും നമുക്ക് കാണാനാവും ''ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മി വരുത്തുന്നതും വര്‍ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരു കാര്യവും അവന്റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു''(റഅദ് 8). ഈ ഖുര്‍ആന്‍ വചനത്തിലെ തഗീദു എന്ന പദത്തിനാണ് കമ്മി വരുത്തുന്നത് എന്ന് ഭാഷാന്തരം ചെയ്തിട്ടുളളത്. ഇതിന് നിഖണ്ഡുക്കളില്‍ നല്‍കിയ അര്‍ഥം പരിശോധിക്കുകയാണെങ്കിലും കുറവു വരുത്തുക, വറ്റിച്ചു കളയുക, അപ്രത്യക്ഷമാക്കുക എന്നീ അര്‍ഥങ്ങള്‍ തന്നെയാണുളളത്. ഭ്രൂണം പൂര്‍ണ വളര്‍ച്ച എത്തുന്നതിന് മുമ്പ് ഗര്‍ഭഛിദ്രം സംഭവിക്കുന്നതാണ് ഇതിന്റെ വിവക്ഷ എന്ന് പൂര്‍വ പണ്ഡിതന്മാരില്‍ ചിലരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ എട്ട് ആഴ്ചകളില്‍ ഗര്‍ഭഛിദ്രം സംഭവിക്കുന്ന സമയത്ത് ചിലപ്പോള്‍ ശിഥിലമായ ഭ്രൂണം പുറത്ത് വരാതിരിക്കുകയും അത് ഗര്‍ഭാശയത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഒരു പ്രവണത വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിഭാസമാണ് തഗീദുല്‍ അര്‍ഹാം(ഗര്‍ഭാശയം കുറവ് വരുത്തുന്നത്) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അനുമാനിക്കാവുന്നതാണ്. അബോര്‍ഷനില്‍ അറുപത് ശതമാനവും ഈ രൂപത്തില്‍ തന്നെയാണ് സംഭവിക്കുന്നത്. അള്‍ട്രാ സൗണ്ട് സ്‌കാനറിലൂടെ ഇത്തരം ഗര്‍ഭഛിദ്രത്തിന്റെ ഫലമായി ശൂന്യമായ ഗര്‍ഭാശയങ്ങളുടെ ചിത്രങ്ങള്‍ കാണാനാവും. ഇരട്ട കുഞ്ഞുങ്ങളുടെ ഗര്‍ഭധാരം നടക്കുന്ന ഭ്രൂണങ്ങളില്‍ അമ്പത് ശതമാനവും അവയില്‍ ഏതെങ്കിലും ഒരു ശിശു ഇങ്ങനെ അപ്രത്യക്ഷമാകാറുണ്ട്. പ്രഥമ ഘട്ടത്തില്‍ രണ്ടോ അതിലധികമോ കുഞ്ഞുങ്ങള്‍ സ്‌കാനറില്‍ ദൃശ്യമാകുകയും പിന്നീട് അതിലൊന്ന് അപ്രത്യക്ഷമാകുകയും ചെയ്ത അനേകം കേസുകളില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒന്നോ അതിലധികമോ കുഞ്ഞുങ്ങള്‍ രൂപപ്പെടുകയും ഏറെ താമസിയാതെ അവയിലൊന്നോ അവ മുഴുവനായോ അലസുകയും എന്നിട്ട് അവയുടെ യാതൊരു അവശിഷ്ടങ്ങളും പുറത്ത് വരാതെ ഗര്‍ഭാശയം അവയെ ആഗിരണം ചെയ്യുകയും ചെയ്യുന്ന പ്രതിഭാസത്തിന് വൈദ്യശാസ്ത്രത്തില്‍ മിസ്സ്ഡ് അബോര്‍ഷന്‍ എന്നാണ് പറയാറുളളത്.