Skip to main content

അല്‍ ജാമിഅതുല്‍ അറബിയ്യതു ഖാദിമുല്‍ ഇസ്‌ലാം

ഉയര്‍ച്ചയുടെയും തകര്‍ച്ചയുടേയുമായ രണ്ട് ഘട്ടങ്ങളുടെ കഥ പറയാനുള്ള വിദ്യാ സ്ഥാപനമാണ് അല്‍ ജാമിഅതുല്‍ അറബിയ്യ ഖാദിമുല്‍ ഇസ്‌ലാം. ഒരു രാജാവിനാല്‍ നിര്‍മിക്കപ്പെടുകയും മറ്റൊരു ഭരണകൂടത്തിന്റെ അനുയായികളാല്‍ തകര്‍ക്കപ്പെടുകയും ചെയ്ത സ്ഥാപനമെന്ന ചരിത്ര മുള്‍ക്കൊള്ളുന്ന വിദ്യാ കേന്ദ്രം. 

മുഗള്‍ വംശത്തിലെ അഞ്ചാമത്തെ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്താണ് ശൈഖ് സയ്യിദ് ഖുത്വുബിന്റെയും ബാക്കിയുള്ള പണ്ഡിതരുടെയും നേതൃത്വത്തില്‍ ഈ സ്ഥാപനം നിര്‍മിക്കപ്പെടുന്നത്. ആരംഭിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ന്ന സ്ഥാപനത്തിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ വിജ്ഞാന മധുരം നുകരാന്‍ ഒഴുകിക്കൊണ്ടേയിരുന്നു. ഇന്ത്യക്ക് പുറമെ ഇറാഖ്, സിറിയ, ഈജിപ്ത്, താഷ്‌കന്റ്, ബുഖാറ തുടങ്ങിയ നാടുകളില്‍ നിന്നായിരുന്നു പ്രധാനമായും വിദ്യാര്‍ത്ഥികള്‍ വന്നു കൊണ്ടിരു ന്നത്. എന്നാല്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷുകാര്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ തെരഞ്ഞ് പിടിച്ച് നശിപ്പിച്ചതില്‍ ജാമിഅ: ഖാദിമുല്‍ ഇസ്‌ലാമും ഉള്‍പ്പെട്ടു. സ്ഥാപനം നശിപ്പിക്കപ്പെടുകയും സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ കാലം കഴിഞ്ഞു പോകവെ ഈയൊരു സ്ഥാപനത്തിനുള്ള ആവശ്യം വീണ്ടും ശക്തമായി. ശൈഖ് സയ്യിദ് ആലം ഹിജ്‌റ: 1318 (ക്രി. 1897)ല്‍ ഇതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. മുമ്പുണ്ടായിരുന്ന വിഷയങ്ങളോടൊപ്പം പുതിയ സ്ഥാപനത്തില്‍ ഹദീസിനു വേണ്ടി പ്രത്യേക കോഴ്‌സും ആരംഭിച്ചു. ഏറ്റവും മികച്ച അധ്യാപകരെ സ്ഥാപനത്തിന് വേണ്ടി കണ്ടെത്തിയ മേലധികാരികള്‍ മികച്ച വിദ്യാര്‍ത്ഥികളെയും സൃഷ്ടിച്ചെടുത്തു. എന്നാല്‍ ഒരിക്കല്‍കൂടി തകര്‍ച്ച നേരിട്ട സ്ഥാപനം വീണ്ടുമൊരിക്കല്‍ കൂടി  ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.

പ്രധാന അധ്യാപകര്‍

·    ശൈഖ് ജലീല്‍ അബുല്‍ഹയ്യ് ലാഹോരി
·    ശൈഖ് മുഹമ്മദ് അലി ഹൗശാബാദി.

Feedback