യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി കെട്ടിടങ്ങള്‍ കാണാം. അവിടെയാണ് ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ സ്ഥിതി ചെയ്യുന്നത്.
1898ല്‍ (ഹി.1316) സ്ഥാപിതമായ ഈ കലാലയം വ്യത്യസ്തമായ കാഴ്ചപ്പാടിന്റെയും വേറിട്ട ലക്ഷ്യങ്ങളുടെയും സൃഷ്ടിയാണ്.
സ്ഥാപന ലക്ഷ്യങ്ങള്‍
ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ രൂപപ്പെട്ട വൈജ്ഞാനിക മുന്നേറ്റം അവിടെ രണ്ട് ധാരകള്‍ സൃഷ്ടിച്ചു. ദയൂബന്ദ് ദാറുല്‍ ഉലൂമിന്റെ സന്തതികളായി പുറത്തു വന്നവര്‍ പരമ്പരാഗത വിജ്ഞാനങ്ങളില്‍ വ്യുല്‍പത്തി നേടുകയും ഇസ്‌ലാമിന്റെ യാഥാസ്ഥിതികമുഖം നിലനിര്‍ത്തുന്നതിലും കാത്തു സൂക്ഷിക്കുന്നതിലും ബദ്ധശ്രദ്ധരായിത്തീരുകയും ചെയ്തു. സ്വാഭാവികമായും അവര്‍ എല്ലാത്തരം പരിഷ്‌കരണ നീക്കങ്ങളേയും നവീനവത്കരണ ശ്രമങ്ങളേയും ആശങ്കയോടെ നോക്കിക്കണ്ടു. അത്തരം നീക്കങ്ങളുമായി രാജിയാവാന്‍ അവര്‍ക്കാവുമായിരുന്നില്ല. യൂറോപ്പ് ഉയര്‍ത്തി വിട്ട പുതിയ ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടത്തിനു മുന്നില്‍ സ്വന്തം മതവും സാംസ്‌കാരിക ചിഹ്നങ്ങളും സംരക്ഷിക്കാന്‍ ഇതാണ് അഭികാമ്യമെന്നവര്‍ മനസ്സിലാക്കി.
മറുവശത്ത് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ (1898) തുടങ്ങി വെച്ച അലിഗഡ് പ്രസ്ഥാനം ഇംഗ്ലീഷ് പരിജ്ഞാനവും ഭൗതിക വിഷയങ്ങളില്‍ അവഗാഹവും നേടിയ പുതിയൊരു തലമുറയെ വാര്‍ത്തുവിട്ടു.
യഥാര്‍ഥ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കപ്പെടുകയും കാലാനുസൃതമായി നടക്കേണ്ട പ്രബോധന പ്രവര്‍ത്തനങ്ങള്‍ സ്മൃതിയിലാവുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്തു. ഈ സമയത്താണ് മാറ്റവും പരിഷ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന പുതിയൊരു പ്രസ്ഥാനത്തെക്കുറിച്ച് ചിന്തകള്‍ രൂപപ്പെട്ടത്. മതപണ്ഡിത പരമ്പരാഗത വിജ്ഞാനങ്ങള്‍ക്ക് പുറമെ വര്‍ത്തമാന കാലത്തിന്റെ അനിവാര്യതകള്‍ കൂടി ഉള്‍ക്കൊള്ളണമെന്നായിരുന്നു ഇവരുടെ കാഴ്ചപ്പാട്. അതിനായി നിലവിലുള്ള പാഠ്യപദ്ധതിയില്‍ സമൂലമായ അഴിച്ചുപണി ആവശ്യമാണ്. സിലബസ് എന്നത് ഓരോ കാലഘട്ടത്തിനും അനുസൃതമായി മാറിക്കൊണ്ടിരിക്കേണ്ട പ്രതിഭാസമാണ്. ഓരോ തലമുറകള്‍ക്കും നല്കപ്പെടുന്ന പാഠ്യവിഷയങ്ങളില്‍ അതാത് കാലത്തെ സ്പന്ദനങ്ങളും മാറ്റങ്ങളും ഉള്‍ക്കൊണ്ട പരിഷ്‌കരണം ആവശ്യമാണ്. അങ്ങനെ ആവശ്യമായ പഴമകള്‍ നിലനിര്‍ത്തുന്നതോടൊപ്പം അനിവാര്യമായ പുതുമകളും സ്വീകരിക്കപ്പെടണം.
അത്‌പോലെ അക്കാലത്ത് മതത്തിന്റെ പേരില്‍ കടുത്ത വിഭാഗീയതയും സ്പര്‍ധയും നിലനിന്നിരുന്നു. വ്യത്യസ്ത മദ്ഹബുകാരും വീക്ഷണക്കാരും തമ്മില്‍ അസഹിഷ്ണുതയും അകല്‍ച്ചയും മുഴച്ചു നിന്നു. വിഭാഗീയതകള്‍ക്കും ഭിന്ന വീക്ഷണങ്ങള്‍ക്കും അതീതമായി ഇസ്‌ലാമിക സാഹോദര്യവും സൗഹൃദവും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ എവിടെയും ദൃശ്യമായില്ല.
അറബി ഭാഷ, ഇസ്‌ലാമിക മൗലിക കൃതികളുടെ മാധ്യമമെന്ന നിലയില്‍ പരിഗണിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും അതൊരു ജീവസ്സുറ്റ ഭാഷയായോ ചൈതന്യവത്തായ സാഹിത്യശാഖയായോ കണക്കാക്കിയിരുന്നില്ല. ഇവിടെയാണ് ഈ മൂന്ന് മേഖലകളിലും ക്രിയാത്മക നിര്‍ദേശങ്ങളും പ്രായോഗിക പദ്ധതികളുമായി 1894 (ഹിജ്‌റ 1310)ല്‍ നദ്‌വത്തുല്‍ ഉലമാ പിറന്നു വീഴുന്നത്. വിഖ്യാത ഇന്ത്യന്‍ പണ്ഡിതന്‍ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ (1703-1762) ചിന്താ പ്രസ്ഥാനത്തിലൂടെ വളര്‍ന്നു വന്നവരും അവരുടെ ശിഷ്യഗണങ്ങളും അടങ്ങിയ അക്കാലത്തെ ഉത്തരേന്ത്യയിലെ പ്രശസ്ത പണ്ഡിതരും പൗരപ്രമുഖരും ഇതിന് വേണ്ടി രംഗത്തിറങ്ങിയത്.
മൗലാനാ മുഹമ്മദലി മോങ്കീരിയുടെ (1826-1927) നേതൃത്വത്തില്‍ കാന്‍പൂരിലെ (യു.പി.) ഫൈദ് ആം മദ്‌റസയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സാത്വിക പ്രമുഖനായിരുന്ന മൗലാനാ ഫദ്‌ലുര്‍റഹ്മാന്‍ ഗഞ്ച് മുറാദാബാദി (ഹിജ്‌റ 1313), മൗലാനാ ലുത്ഫുല്ലാ അലീഗഡി തുടങ്ങിയവരുടെ ആശിര്‍വാദവും പിന്‍ബലവും ഈ നീക്കങ്ങള്‍ക്ക് കരുത്തായി.
തുടര്‍ന്നു നീണ്ട കൂടിയാലോചനകള്‍ക്കും ആശയ വിനിമയങ്ങള്‍ക്കും ശേഷം തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കാന്‍ ഒരു സ്ഥാപനം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തിന് ശേഷം ലഖ്‌നോവിലെ നിലവിലുള്ള സ്ഥലത്ത് ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ സ്ഥാപിതമായി.
മൗലാനാ മുഹമ്മദലി മോങ്കീരി അതിന്റെ പ്രഥമ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ശേഷം മൗലാനാ മസീഹുസമാന്‍ ഷാജഹാന്‍ പൂരി (ഹൈദരാബാദ് നിസാമിന്റെ ഗുരു), ഖലീലുര്‍റഹ്മാന്‍ സഹാറന്‍പൂരി (പ്രമുഖ ഹദീസ് പണ്ഡിതന്‍ അഹ്മദ് അലി സഹാറന്‍പൂരിയുടെ പുത്രന്‍), സയ്യിദ് അബ്ദുല്‍ ഹയ്യ് ഹസനി (മൗലാനാ അലി മിയാന്റെ പിതാവ്), മൗലാനാ സയ്യിദ് അലി ഹസന്‍ ഖാന്‍ (ഭോപാല്‍ നവാബും പ്രശസ്ത ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്ന സിദ്ദീഖ് ഹസന്‍ ഖാന്റെ പുത്രന്‍), ഡോക്ടര്‍ സയ്യിദ് അബ്ദുല്‍ അലി ഹസനി (അലി മിയാന്റെ ജേഷ്ഠ സഹോദരന്‍) തുടങ്ങിയവര്‍ ഇതിന് നേതൃത്വം നല്‍കി.
തുടക്കത്തില്‍ തന്നെ ഇതിന് വേണ്ട പാഠ്യപദ്ധതി തയ്യാറാക്കുന്നതിലും വിദ്യാഭ്യാസപരമായ നയ-നിലപാടുകള്‍ രൂപപ്പെടുത്തുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്നത് പ്രശസ്ത ഇന്ത്യന്‍ പണ്ഡിതനും ചരിത്രകാരനുമായ അല്ലാമാ ശിബ്‌ലി നുഅ്മാനി (മരണം 1914)യായിരുന്നു. ശേഷം തന്റെ ശിഷ്യനും ദാറുല്‍ ഉലൂമിലെ പ്രഥമ ബാച്ചിലെ സന്തതിയുമായിരുന്ന സയ്യിദ് സുലൈമാന്‍ നദ്‌വിയും (1953) വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചു. പ്രശസ്ത ലോക പണ്ഡിതന്‍ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി ഈ സ്ഥാപനത്തിന്റെ സന്തതിയാണ്. പിന്നീട് ദീര്‍ഘകാലം ഇതിന്റെ വിദ്യാഭ്യാസ വിഭാഗം തലവനും ജേഷ്ഠ സഹോദരന്‍ ഡോ. സയ്യിദ് അബ്ദുല്‍ അലിയുടെ മരണശേഷം സ്ഥാപനമേധാവിയായും പ്രവര്‍ത്തിച്ചു. 1999ല്‍ അദ്ദേഹം വിടവാങ്ങിയ ശേഷം മൗലാനാ മുഹമ്മദ് റാബില്‍ ഹസനി അതിന് നേതൃത്വം നല്‍കി.
നദ്‌വത്തുല്‍ ഉലമായുടെ രൂപീകരണ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ വിജയം വരിച്ചതായി പില്ക്കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ ആദ്യമായി മത-ഭൗതിക വിഷയങ്ങളുടെ സമന്വയവും പഴമയുടെയും പുതുമയുടെയും സങ്കലനവും വിജയകരമായി പരീക്ഷിച്ചെടുത്ത സ്ഥാപനമെന്ന ഖ്യാതി നദ്‌വയ്ക്ക് സ്വന്തമാണ്. പില്‍ക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നടന്ന നീക്കങ്ങള്‍ക്കെല്ലാം പ്രചോദനമായത് നദ്‌വയാണെന്ന് പറയാം.
കൂടാതെ വീക്ഷണപരമായ മിതത്വവും സന്തുലിത സമീപനവും നദ്‌വ കാമ്പസിലേയും നദ്‌വികളുടെയും മുഖമുദ്രയായി ഗണിക്കപ്പെട്ടു. നദ്‌വയില്‍ പഠിക്കാന്‍ പ്രവേശനം നേടുന്നവരില്‍ വ്യത്യസ്ത വീക്ഷണഗതി വെച്ചു പുലര്‍ത്തുന്നവരുണ്ടാകാം. കാമ്പസിനുള്ളില്‍ അവരെല്ലാം രമ്യതയിലും ഒരുമയിലും കഴിയുന്നു.
വൈജ്ഞാനിക വളര്‍ച്ചയില്‍ നദ്‌വത്തുല്‍ ഉലൂമിന്റെ സംഭാവനകള്‍
അറബിഭാഷയുടെ അഭിവൃദ്ധിയിലും പ്രചാരണത്തിലും ഇന്ത്യയില്‍ നദ്‌വത്തുല്‍ ഉലമായും അതിന്റെ സന്തതികളും നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടാന്‍ മാത്രം ശ്രദ്ധേയമാണ്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പില്ക്കാലത്ത് അറബി ഭാഷാ സാഹിത്യപഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് വഴികാട്ടിയായി നി ന്നത് നദ്‌വയും അതിന്റെ സന്തതികളുമാണ് പതിറ്റാണ്ടുകളോളം നദ്‌വത്തുല്‍ ഉലമായുടെ തലപ്പത്ത് വിരാജിച്ച സയ്യിദ് അബുല്‍ ഹസന്‍ അലി നദവി അറബ് ലോകത്തെ ഇന്ത്യയുടെ അമ്പാസിഡറായാണ് അറബ് പണ്ഡിതര്‍ വിലയിരുത്തിയത്. അദ്ദേഹത്തിന്റെ അറബി രചനകള്‍ അറബ് സര്‍വകലാശാലകളില്‍ പാഠ്യവിഷയമായി. അറബ്-മുസ്‌ലിം എഴുത്തുകാരുടെ പൊതുവേദിയായി ഇന്റര്‍നാഷണല്‍ ലീഗ് ഓഫ് ഇസ്‌ലാമിക് ലിറ്ററേച്ചര്‍ എന്ന അന്തര്‍ദേശീയ സംഘടന രൂപീകരിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതും മരണംവരെ അതിന്റെ ചെയര്‍മാനായി തുടര്‍ന്നതും നദ്‌വി സാഹിബായിരുന്നു.
ഇന്ത്യയുടെ ദേശീയനേതാക്കളും സ്വാതന്ത്ര്യ സമരനായകരും ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ആസംഗഡിലെ (യു.പി.) ദാറുല്‍ മുസന്നിഫീന്‍ ശിബ്‌ലി അക്കാദമിയും നദ്‌വത്തുല്‍ ഉലമായുടെ സംഭാവന തന്നെ. നദ്‌വയുടെ സ്ഥാപക നേതാക്കളിലൊരാളായ അല്ലാമാ ശിബ്‌ലിയുടെ സ്വപ്ന പദ്ധതിയായിരുന്നു ദാറുല്‍ മുസന്നിഫീന്‍. അദ്ദേഹത്തിന്റെ മരണാനന്തരം (1914ല്‍) തന്റെ വിശ്വസ്ത ശിഷ്യരായ നദ്‌വികള്‍ മുഖേനയാണ് നിലവില്‍ വന്നതും വളര്‍ന്നു വികസിച്ചതും. ഇസ്‌ലാമിക ചരിത്രം, ദര്‍ശനം, ഇന്ത്യന്‍ ചരിത്രം പ്രവാചക ചരിത്രം, സ്‌പെയിന്‍ സിസിലി രാജ്യങ്ങളുടെ ഇസ്‌ല മിക ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണപരവും മൗലികവുമായ നൂറുകണക്കിനു ബൃഹത്ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക വഴി ഇന്ത്യന്‍ വന്‍കിട ഗ്രന്ഥശാലകളില്‍ ഒന്നായി ഗണിക്കപ്പെടുന്ന ഈ അക്കാദമിയില്‍ നിന്ന് മആരിഫ് എന്ന പേരില്‍ ശ്രദ്ധേയമായ ഒരു മാസികയും പുറത്തിറങ്ങുന്നു. ദീര്‍ഘകാലം സയ്യിദ് സുലൈമാന്‍ നദ്‌വി കാര്‍മികത്വം വഹിച്ച ഈ അക്കാദമിയിലൂടെയാണ് അദ്ദേഹത്തിന്റെയും അല്ലാമാ ശിബ്‌ലിയുടെയും പ്രശസ്തമായ കൃതികളെല്ലാം വെളിച്ചം കണ്ടത്.
പ്രബോധന രംഗത്ത് വ്യതിരിക്ത ശൈലിയിലൂടെ ഇന്ത്യയിലെ അമുസ്‌ലിം ബുദ്ധിജീവികളെ ആകര്‍ഷിച്ച പയാമെ ഇന്‍സാനിയ്യത്ത് (മനുഷ്യത്വത്തിന്റെ സന്ദേശം) എന്ന പ്രസ്ഥാനം ആരംഭിച്ചതും നദ്‌വി സാഹിബായിരുന്നു. ഉത്തര്‍പ്രദേശ് ദീനീ തഅ്‌ലീമി കൗണ്‍സില്‍ എന്ന പേരില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി യു.പി.യില്‍ പുതിയ നീക്കങ്ങള്‍ നടത്തിയതും മറ്റാരുമല്ല. 1983ല്‍ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട നദ്‌വി സാഹിബിന്റെ നേതൃത്വത്തിലാണ് പ്രമാദമായ ഷാബാനു കേസിലെ സുപ്രിം കോടതിയിലെ വിധിയെ തുടര്‍ന്ന് ശരീഅത്ത് വിവാദങ്ങള്‍ കത്തി നിന്ന ഘട്ടങ്ങളില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പക്വവും ബുദ്ധിപരവുമായ നായകത്വം വഹിച്ചത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് ചെയര്‍ സ്ഥാപിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതും മരണം വരെ അതിന്റെ ചെയര്‍മാനായി തുടര്‍ന്നതും നദ്‌വി സാഹിബിന്റെ കീഴില്‍ നദ്‌വയ്ക്ക് കൈവന്ന നേട്ടമാണ്. അല്ലാമാ ശിബ്‌ലി നുഅ്മാനി, സയ്യിദ് അബ്ദുല്‍ ഹയ്യ് ഹസനി, സയ്യിദ് സുലൈമാന്‍ നദ്‌വി, സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ അബ്ദുല്‍ ബാരി നദ്‌വി, അബ്ദുസ്സലാം നദ്‌വി, ഷാഹ് മുഈനുദ്ദീന്‍ നദ്‌വി തുടങ്ങിയവരുടെ കനപ്പെട്ട കൃതികള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ മത സാംസ്‌കാരിക വൈജ്ഞാനിക മേഖലകളെ സമ്പന്നമാക്കുന്നതില്‍ തെല്ലൊന്നുമല്ല മുതല്‍ക്കൂട്ടായത്.
നദ്‌വത്തുല്‍ ഉലമാ (ദാറുല്‍ ഉലൂം)യിലെ പഠനം വിവിധ വിഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ശരീഅ ആന്റ് ഉസൂലുദ്ദീന്‍ കോളേജ്, കുല്ലിയത്തുദ്ദഅ്‌വ വല്‍ ഇഅ്‌ലാം (പ്രബോധനം, വിവരവിനിമയം) കുല്ലിയത്തുല്ലുഗത്തില്‍ അറബിയ്യ വ ആദാബിഹാ (അറബി ഭാഷാ സാഹിത്യപഠനം), ഖുര്‍ആന്‍ മനന കേന്ദ്രം, അല്‍ മഅ്ഹദുല്‍ ആലി ലിദ്ദഅ്‌വതി വല്‍ ഫിക്‌രില്‍ ഇസ്‌ലാമി (പി.ജി പഠനം), അല്‍ മഅ്ഹദുല്‍ ആലി ലില്‍ ഖദാഇ വല്‍ ഇഫ്താ, ഖിസ്മുസ്സഹാഫ വല്‍ അസിന (പത്രപ്രവര്‍ത്തന ഭാഷ്യപഠനം), കൂടാതെ നാലു വിഷയങ്ങളില്‍ മാസികയും പുറത്തിറക്കുന്നുണ്ട്. അറബിയില്‍ അല്‍ ബഅസുല്‍ ഇസ്‌ലാമി മാസിക, അല്‍ റാഇദ് ദ്വൈവാരിക, ഉറുദുവില്‍ തഅമീറെ ഹയാത്, ഹിന്ദിയില്‍ സച്ചാ റാഹി, ഇംഗ്ലീഷില്‍ Fragrance മാസിക, കാമ്പസിലെ അല്ലാമാ ശിബ്‌ലി ലൈബ്രറി ഒരു ലക്ഷത്തോളം അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണ്. നൂറുക്കണക്കിന് കൈയെഴുത്തു പ്രതികളും സൂക്ഷിക്കപ്പെടുന്നു.
നദ്‌വയിലേക്ക് ഉപരിപഠനത്തിന് പോകുന്ന മലയാളികളുടെ എണ്ണം താരതമ്യേന കുറവാണ്. എഴുപതുകളില്‍ തുടങ്ങി പിന്നീട് അവരുടെ സംഖ്യ കൂടിയും കുറഞ്ഞും നിന്നു. എ.കെ. ഉസ്മാന്‍ നദ്‌വി, അബൂബക്കര്‍ നദ്‌വി (പള്ളിക്കര), ഡോ. ബഹാഉദ്ദീന്‍ നദ്‌വി എം.എം. നദ്‌വി, ഡോ ഇസ്സുദ്ദീന്‍ നദ്‌വി, സിദ്ദീഖ് നദ്‌വി ചേറൂര്‍ തുടങ്ങിയവര്‍ക്ക് പുറമെ നദ്‌വത്തുല്‍ ഉലമായുമായി വീക്ഷണ വൈ കാരിക ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന ധാരാളം പണ്ഡിതരും പൗരപ്രമുഖരും കേരളത്തിലുണ്ട്. നദ്‌വി പണ്ഡിതരുടെ നിരവധി കനപ്പെട്ട കൃതികള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
Web site: https://www.nadwa.in/