കോളെജ് പഠന കാലത്ത് തന്നെ തന്റെ കവിതകളുടെ സമാഹാരം പുറത്തിറക്കിയ വിശ്വവിഖ്യാത കവിയാണ് നിസാര്‍ ഖബ്ബാനി. കവി എന്നതിലുപരി രാഷ്ട്രതന്ത്രജ്ഞനും പ്രസാധകനും കൂടിയായിരുന്നു അദ്ദേഹം. അധികമാളുകളും കൈവയ്ക്കാന്‍ മടി കാണിക്കുന്ന വിഷയങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കവിതാ സഞ്ചാരം. ലൈംഗികത, സ്ത്രീ പക്ഷം, മതം, അറേബ്യന്‍ ദേശീയത എന്നിവയായിരുന്നു ഈ സിറിയന്‍ കവിയുടെ ഇഷ്ടവിഷങ്ങള്‍.
1923 മാര്‍ച്ച് 21ന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലായിരുന്നു ഖബ്ബാനിയുടെ ജനനം. ദമസ്‌കസിലെ നാഷണല്‍ കോളെജിലും ദമസ്‌കസ് യൂണിവേഴ്‌സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1945ല്‍ നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. പിന്നീട് ഖബ്ബാനിയുടെ നയതന്ത്ര വര്‍ഷങ്ങളുടെ കാലമായിരുന്നു. സിറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായി ബെയ്‌റൂത്ത്, കെയ്‌റോ, ഇസ്തംബൂള്‍, മാഡ്രിഡ്, ലണ്ടന്‍ തുടങ്ങിയ തലസ്ഥാന നഗരങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. യുനൈറ്റഡ് അറബ് റിപ്പബ്ലിക് രൂപീകരിച്ചപ്പോള്‍ യു എ ആര്‍ എംബസികളുടെ വൈസ് പ്രസിഡന്റായി അദ്ദേഹം ചൈനയില്‍ സ്ഥാനം ഏറ്റെടുത്തു. ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിതകള്‍ രചിക്കപ്പെട്ടത് ആ കാലത്താണെന്നാണ് പറയപ്പെടുന്നത്. ഖബ്ബാനി കവിതാ ലോകത്തേക്ക് എത്തിപ്പെടാനുള്ള കാരണം വിശദീകരിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ പതിനഞ്ചാം വയസ്സിലാണ് അത് സംഭവിക്കുന്നത്. സഹോദരിക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് വേണ്ടി അവരെ നിര്‍ബന്ധിച്ചതിനാല്‍ ആ സഹോദരി ആത്മഹത്യയില്‍ അഭയം തേടി. സഹോദരിയുടെ ആത്മഹത്യ ഇദ്ദേഹത്തെ വളരെയധികം അലോസരപ്പെടുത്തി. സമൂഹത്തില്‍ നിലനിന്നിരുന്ന പരമ്പരാഗത ചിന്താഗതികള്‍ക്കെതിരെ പോരാടാന്‍ അദ്ദേഹം ഉറച്ചു. അതിനെക്കുറിച്ച് അദ്ദേഹമെഴുതി: അറബ് ലോകത്ത് സ്‌നേഹം ഒരു തടവുകാരനെപ്പോലെയാണ്, എന്റെ കവിത കൊണ്ട് ആ ആത്മാവിന്റെ ശരീരത്തെയും വികാരത്തെയും സ്വതന്ത്രമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച പുരോഗമന, സ്ത്രീ പക്ഷ, ബൗദ്ധിക കവിയായി നിസാര്‍ ഖബ്ബാനി പരിഗണിക്കപ്പെടുന്നു.
നാട്ടിലെ നടപ്പുരീതികള്‍ക്കെതിരായ പുരോഗമന ചിന്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ നിരവധി തവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. അപ്പോഴൊന്നും പതറാതെ ഖബ്ബാനി ജീവിതത്തില്‍ പതറിയത് ഭാര്യ ബല്‍ഖീസ് കൊല്ലപ്പെട്ടപ്പോഴാണ്. നിസാര്‍ ഖബ്ബാനി രണ്ട് തവണ വിവാഹം ചെയ്തു. ഒന്നാമത്തെ വിവാഹം അവരുടെ ബന്ധു തന്നെയായിരുന്ന സഹ്‌റ അഖ്ബിഖുമായിട്ടായിരുന്നു. അതില്‍ രണ്ട് മക്കളും ഉണ്ടായി. രണ്ടാമത്തേത് ഇറാഖി വനിതയായിരുന്ന ബല്‍ഖീസ് അല്‍ റാവി. ഈ ബന്ധത്തിലും രണ്ടു മക്കളുണ്ടായി. വളരെ സന്തോഷകരമായ ആ ദാമ്പത്യത്തിനിടയില്‍ ലബനാന്‍ ആഭ്യന്തരയുദ്ധം വില്ലനായി കടന്നുവന്നു. ആ യുദ്ധത്തിനിടയില്‍ 1981ല്‍ ഉണ്ടായ ഒരു ബോട്ടപകടത്തില്‍ അവര്‍ കൊല്ലപ്പെട്ടു. ഇത് ഖബ്ബാനിയെ മാനസികമായി വല്ലാതെ തളര്‍ത്തുകയും വിഭ്രാന്തിയുടെ വക്കിലെത്തുകയും ചെയ്തു. എന്നാല്‍ കവിതയിലൂടെ അദ്ദേഹം അതിനെയെല്ലാം മറികടന്നു. എല്ലാ ദു:ഖങ്ങളും ആവാഹിച്ച് കൊണ്ട് പ്രണയവും വിരഹവും പെയ്തിറങ്ങുന്ന ബല്‍ഖീസ് എന്ന മനോഹരകാവ്യം അദ്ദേഹം രചിച്ചു.
ബല്‍ഖീസ് മരിച്ചതോടെ ഖബ്ബാനി ബെയ്‌റൂത്ത് വിട്ടു. കുറച്ചു കാലം ജനീവയിലും പാരീസിലും താമസിച്ചു, പിന്നീട് ലണ്ടനില്‍ സ്ഥിരതാമസമാക്കി. ബല്‍ഖീസ് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതം തനിയെയായിരുന്നു. ചിന്തകളും കവിതകളും മാത്രം കൂട്ട്. 1998ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനില്‍ വച്ച് ഏപ്രില്‍ 30ന് നയതന്ത്രജ്ഞനായ കവി അന്തരിച്ചു.
പ്രധാന കൃതികള്‍:
ത്വുഫൂലതു നഹ്ദ്, സാമ്പാ, അന്‍തലീ, ഖസ്വാഇദ്, ഹബീബതീ, കിതാബുല്‍ ഹുബ്ബ്.