Skip to main content

ഹസ്രത്ത് മൊഹാനി

 ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും പ്രശസ്ത ഉറുദു കവിയുമായിരുന്നു ഹസ്രത്ത് മൊഹാനി. 1921ല്‍  ഇന്ത്യന്‍ വിപ്ലവത്തിന്റെ അനശ്വര മുദ്രാവാക്യമായ 'ഇങ്കിലാബ് സിന്ദാബാദ്' ആവിഷ്‌ക്കരിക്കുകയും  സമ്പൂര്‍ണസ്വാതന്ത്ര്യം (ആസാദി കാമില്‍) ആവശ്യപ്പെടുകയും ചെയ്ത ആദ്യവ്യക്തിയുമാണ്. കവിതാ രംഗത്ത് അദ്ദേഹം നിരൂപകരുടെ നിത്യശ്രദ്ധ പിടിച്ചെടുത്ത പ്രതിഭയായിരുന്നു.

hazrath mohani

മൊഹാനി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. 1903ല്‍ കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് മുസ്‌ലിം ലീഗില്‍ സജീവമാവുകയും 1946ലെ പ്രവിശ്യാ അസംബ്ലി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ലീഗുമായുള്ള ബന്ധം ഉണ്ടായിരുന്നിട്ടും അദ്ദേഹം വിഭജനത്തെ ശക്തമായി എതിര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളും കൂടിയായിരുന്നു അദ്ദേഹം .

1875ല്‍ ബ്രിട്ടീഷ് ഭരണപ്രദേശമായ ഇന്നാവോ ജില്ലയിലെ 'മോഹന്‍' പ്രദേശത്താണ് ഹസ്രത്ത് മൊഹാനിയുടെ ജനനം.  യഥാര്‍ഥ നാമം  'സയ്യിദ് ഫദ്വ്ല്‍ ഹസന്‍' എന്നാണ്. അദ്ദേഹം കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നത് ഹസ്രത്ത് എന്ന തൂലികാ നാമത്തിലായിരുന്നു.  അതിനോടു കൂടെ തന്റെ ജന്മദേശവും ചേര്‍ന്നാണ് ഹസ്രത്ത് മൊഹാനി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ പിതാമഹന്‍മാര്‍ ഇറാനിലെ നിഷാപൂരില്‍ നിന്ന് വന്നവരാണ്.

പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന മൊഹാനി നാട്ടിലെ പഠനത്തിനു ശേഷം അലിഗഢ് യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും മുഴുകിയ മോഹാനി, ഉറുദു മാസികയായ ഉര്‍ദു-ഇ-മുഅല്ലയുടെ എഡിറ്ററായി. മുസ്തഖില്‍ എന്ന ഉറുദു പത്രവും അദ്ദേഹം ആരംഭിച്ചു. അലിഗഢ് പഠനകാലത്ത് അദ്ദേഹത്തിന്റെ സതീര്‍ഥ്യരായിരുന്ന മൗലാനാ മുഹമ്മദലി ജൗഹര്‍, മൗലാനാ ശൗക്കത്തലി എന്നിവരില്‍ നിന്നാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് അടുക്കുന്നത്. 1921ല്‍ റാംപ്രസാദ് ബിസ്മില്‍ പങ്കെടുത്ത അഹമ്മദാബാദ് കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ ധാരാളം അനുയായികളും കൂടെ ഉണ്ടായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രേംകൃഷ്ണ ഖന്നയും വിപ്ലവാകാരികളുടെ തലവന്‍ അശ്ഫാഖുല്ലാഹ് ഖാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഈ സമ്മേളനത്തില്‍ ഹസ്രത്ത് മൊഹാനിയും  റാം പ്രസാദ് ബിസ്മിലും ചേര്‍ന്ന് ഏറെ പ്രാധാന്യമേറിയ പൂര്‍ണ സ്വരാജ് എന്ന പദ്ധതിക്ക് രൂപം നല്‍കി.  കോണ്‍ഗ്രസ് ജനറല്‍ ബോഡി ഈ പദ്ധതി അംഗീകരിക്കുകയും ചെയ്തു.  ഇത് കോണ്‍ഗ്രസിലെ മിതവാദികള്‍ക്ക് മേല്‍ തീവ്രവാദികള്‍ നേടിയ വിജയമായിരുന്നു.

stamp

ഹസ്രത്ത് മൊഹാനിയും റാം പ്രസാദ് ബിസ്മിലും ഒരുമിച്ചതോടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് പുതുവേഗം ലഭിച്ചു. യു.പി.യിലെ ജനങ്ങള്‍ ഇവരുടെ സംഘത്തിന്റെയും തീപ്പൊരി പ്രസംഗത്തിന്റെയും സ്വാധീനത്തില്‍ ലയിക്കുകയും ബ്രിട്ടീഷ് രാജിനെതിരെ പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്തു. നിരവധി തവണ ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. 1921ല്‍ മുസ്‌ലിം ലീഗിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷപദം അലങ്കരിച്ചത് ഹസ്രത്ത് മൊഹാനിയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി എല്ലാ മാര്‍ഗങ്ങളിലൂടെയും പോരാടാനായി അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടെയും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.  അതിനു ശേഷവും അദ്ദേഹം ജയില്‍ വാസമനുഭവിച്ചു.  പ്രധാന കുറ്റങ്ങള്‍  ബ്രിട്ടീഷുകാര്‍ക്കെതിരെ തന്ത്രം പ്രയോഗിക്കുക, ബ്രിട്ടീഷുകാര്‍ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക, അവരെ വിമര്‍ശിക്കുക എന്നിവയൊക്കെയായിരുന്നു.  പക്ഷേ അതിനൊന്നും അദ്ദേഹത്തിലെ പോരാളിയെ തളര്‍ത്താന്‍ കഴിഞ്ഞില്ല.

ലഖ്‌നൗവില്‍ നിന്ന് 'ഉറുദു എ മുഅല്ല' എന്ന സ്വന്തം പത്രവും കാണ്‍പൂരില്‍ നിന്ന് 'മുസ്തഖില്‍' എന്ന പത്രവും ആരംഭിച്ചു. ഉറുദു എ മുഅല്ലയെ ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും പത്രാധിപരായ മൊഹാനിയെ ജയിലിലടക്കുകയും ചെയ്തു. ജയിലില്‍ കഴിഞ്ഞ സമയത്തായിരുന്നു അദ്ദേഹത്തിന്റെ പ്രധാന രചനകള്‍ പലതും പിറവിയെടുത്തത്.

1917-ലെ ബോള്‍ഷെവിക് വിപ്ലവം നിരവധി ഇന്ത്യന്‍ വിപ്ലവകാരികളില്‍ വലിയ സ്വാധീനം ചെലുത്തി. അതിലൊരാളായിരുന്നു മോഹാനി. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായി. അജ്ഞാതമായ കാരണങ്ങളാല്‍ സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, 1931ല്‍ മോഹാനി 'ആസാദ് പാര്‍ട്ടി' എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു, അതിന്റെ പ്രധാന ലക്ഷ്യം ഏകീകൃത രൂപത്തിന് എതിരായി ഒരു ഫെഡറല്‍ ഗവണ്‍മെന്റിനായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍ കേന്ദ്രമായി തുടര്‍ന്നു. മുസ്‌ലിം ലീഗിന്റെ തുടക്കം മുതല്‍ അദ്ദേഹം അതുമായി ബന്ധപ്പെട്ടിരുന്നു, എന്നാല്‍ 1936 ല്‍ മാത്രമാണ് അദ്ദേഹം സജീവമായത്. എന്നാല്‍ മുഹമ്മദ് അലി ജിന്നയുടെ 'ദ്വിരാഷ്ട്ര സിദ്ധാന്തം' അംഗീകരിച്ചിരുന്നില്ല. വിഭജനത്തിന് ശേഷം, നിരവധി ലീഗുകാര്‍ പാകിസ്താനിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍, മൊഹാനി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ശക്തമായ വക്താവായിരുന്ന അദ്ദേഹം കൃഷ്ണനെ സ്‌നേഹിച്ച മൗലാന എന്ന പേരിലും അറിയപ്പെട്ടിരുന്നു

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, അംബേദ്കറുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയ ഭരണഘടനാ അസംബ്ലിയിലേക്ക് ഹസ്രത് മൊഹാനി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ അസംബ്ലി ചര്‍ച്ചകളില്‍, അംബേദ്കറെയും ഭരണഘടനാ അസംബ്ലിയെയും ഏറ്റവും തുറന്നു വിമര്‍ശിച്ചിരുന്നു മോഹാനി.

'ചുപ്‌കേ ചുപ്‌കേ രാത് ദിന്‍' എന്ന ജനകീയ ഉറുദു ഗസല്‍ ഇദ്ദേഹത്തിന്റെ രചനയാണ്.  കുല്ലിയാത്തെ ഹസ്രത്ത് മൊഹാനി, ഇഷാരെ കലാമെ ഗാലിബ്, നുക്കാത്തെ സുഖന്‍, മുഷാഹിദാത്തെ സിന്ദാല്‍ തുടങ്ങിയവ മൊഹാനിയുടെ പ്രധാന രചനകളാണ്.

കവിയായും പോരാളിയായും തിളങ്ങിയ 'സയ്യിദ് ഫദ്‌ലുല്‍ ഹസന്‍' എന്ന ഹസ്രത്ത് മൊഹാനി 1951 മെയ് 13ന് ലഖ്‌നോവില്‍ അന്തരിച്ചു.

Feedback