Skip to main content

ഉമര്‍ ഖയ്യാം

തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വകവിയാണ് ഉമര്‍ ഖയ്യാം. കവിതകളെക്കാളേറെ ശാസ്ത്രങ്ങളിലായിരുന്നു ഉമര്‍ ഖയ്യാമിനു കമ്പം. ജ്യോതിശാസ്ത്രം, തത്വചിന്ത, വൈദ്യം, ഗണിത ശാസ്ത്രം, മതപാണ്ഡിത്യം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഉമര്‍ ഖയ്യാം 1079ല്‍ അമ്പരപ്പിക്കുന്ന കണക്കുകൂട്ടലുകള്‍ നടത്തി. അതുപ്രകാരം ഒരു വര്‍ഷത്തില്‍ 365.242198581856 ദിവസങ്ങളാണെന്ന് കണ്ടെത്തി. ഈ കണക്ക് ഇന്ന് നാം കണക്കാക്കുന്ന ഒരു വര്‍ഷം 365.242190 ദിവസങ്ങള്‍ എന്ന സംഖ്യയുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടെന്നും അദ്ദേഹം സമര്‍ഥിച്ചിരുന്നു. 

പേര്‍ഷ്യന്‍ കവിയായി അറിയപ്പെടുന്ന ഉമര്‍ ഖയ്യാം 1048 മെയ് 18ന് ഇറാനിലെ നിഷാപുരില്‍ ജനിച്ചു.  മുഴുവന്‍ പേര് ഗിയാസുദ്ദീന്‍ അബൂ ഫതഹ് ഉമര്‍ ബ്‌നു ഇബ്‌റാഹീം ഖയ്യാം നിഷാപുരി. ടെന്റ് നിര്‍മാതാക്കളുടെ കുടുംബത്തില്‍ പിറന്നതുകൊണ്ടാണ് ഖയ്യാം എന്ന പേര് വന്നതെന്ന് രേഖകളില്‍ കാണാം. ചെറുപ്രായത്തിലേ സമര്‍ഖന്ദിലേക്ക് പോയി, അവിടെ വിദ്യാഭ്യാസം നേടി. പിന്നീട് ബുഖാറയിലേക്ക് പോയി. ചെറുപ്പകാലത്ത് ബല്‍ഖില്‍ പ്രശസ്തനായ ശൈഖ് മുഹമ്മദ് മന്‍സൂറിന്റെ കീഴിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് ഖുറാസാനിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതനായിരുന്ന ഇമാം മുവഫ്ഫഖ് നിഷാപുരിയുടെ കീഴില്‍ പഠനം തുടര്‍ന്നു. 

തിരക്കേറിയ ജീവിതമായിരുന്നു ഉമര്‍ ഖയ്യാമിന്റേത്. പകല്‍ അദ്ദേഹം ആള്‍ജിബ്രയും ജ്യോമട്രിയും പഠിപ്പിക്കും. വൈകിട്ട് സല്‍ജൂക് കോടതിയില്‍ സുല്‍ത്താന്‍ മാലിക് ഷായുടെ ഉപദേശകനായി ജോലിക്കെത്തും. രാത്രി ജ്യോതിശാസ്ത്ര പഠനവും ജലാലി കലണ്ടറിന്റെ ജോലി പൂര്‍ത്തീകരിക്കലും. ഇസ്ഫഹാനിലെ ഖയ്യാമിന്റെ കാലം വളരെ ക്രിയാത്മകമായിരുന്നു. 

1079 മാര്‍ച്ച് 15ല്‍ ആരംഭിക്കുന്ന ജലാലി വര്‍ഷം എന്ന പുതിയ കലണ്ടറിന് ഇദ്ദേഹം രൂപം നല്‍കി. സല്‍ജുക്കി സുല്‍ത്താനായിരുന്ന മാലിക് ഷായുടെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രത്തിലെ മേധാവിയും പഞ്ചാംഗ പരിഷ്‌കരണ പണ്ഡിത സമിതിയിലെ പ്രമുഖ അംഗവും കൊട്ടാര വൈദ്യനുമൊക്കെയായിരുന്നു ഉമര്‍ ഖയ്യാം. ക്ഷേത്രഗണിതത്തെക്കുറിച്ചും ഊര്‍ജതന്ത്രത്തെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. പാശ്ചാത്യ ശാസ്ത്രജ്ഞനായ യൂക്ലിഡിന്റെ ഗണിത സമ്പ്രദായങ്ങളായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി സ്വന്തമായ ജ്യാമിതി വികസിപ്പിക്കുകയും യൂറോപ്പിന്റെ ശാസ്ത്രവളര്‍ച്ചക്കത് സഹായകമാകുകയും ചെയ്തു. 'യൂക്ലിഡിന്റെ അനുമാനങ്ങളിലുള്ള ബുദ്ധിമുട്ടുകളുടെ വിശദീകരണങ്ങള്‍' എന്നൊരു ഗ്രന്ഥം എഴുതുകയും ചെയ്തു. 

ക്യുബിക് പ്രയോഗങ്ങളുടെ പുതു സിദ്ധാന്തം കണ്ടെത്തിയ ആദ്യ വ്യക്തിയും ഉമര്‍ ഖയ്യാം തന്നെ. ആള്‍ജിബ്രയില്‍ ഖവാരിസ്മിക്കും അല്‍ജബറിനും അപ്പുറമുള്ള വിഷയങ്ങള്‍ ഖയ്യാം കൈകാര്യം ചെയ്തു.
 
1131ലാണ് മരണം. നിഷാപുരിലെ ഖയ്യാം ഗാര്‍ഡനിലാണ് മൃതദേഹം ഖബറടക്കിയത്.

Feedback