അറബ് ലോകത്തേക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായി എത്തിച്ച ലോകപ്രശസ്ത സാഹിത്യകാരനാണ് നജീബ് മഹ്ഫൂദ്വ്. രചനാ രംഗത്ത് എന്നതു പോലെത്തന്നെ നേതൃരംഗത്തും ഏറെ കഴിവു തെളിയിച്ച നജീബ് മഹ്ഫൂദ്വ് വിവിധ വകുപ്പുകളിലെ മന്ത്രിയായി നാടിന് സേവനം ചെയ്തു.
ഔലാദു ഹാറതുനാ എന്ന നോവലിനാണ് 1988ല്‍ ഇദ്ദേഹത്തിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ഒരു നൊബേല്‍ ജേതാവായിരുന്നിട്ടു കൂടി വളരെ കുറഞ്ഞ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. യമന്‍, യൂഗോസ്ലാവ്യ, ഇംഗ്ലണ്ട് തുടങ്ങിയവയാണ് ആ രാജ്യങ്ങള്‍. 94 വയസ്സു വരെ ജീവിച്ച ആ മഹാ സാഹിത്യകാരന്‍ എഴുത്തിലൂടെ ജനമനസ്സിലേക്ക് ആഴ്ന്നിറങ്ങി.
1911ല്‍ അബ്ദുല്‍ അസീസ് ഇബ്‌റാഹീം അഹ്മദ് ബാഷയുടെ ഇളയ മകനായി ഈജിപ്തിലെ കെയ്‌റോയിലാണ് നജീബ് മഹ്ഫൂദ്വ് ജനിച്ചത്. ഫാത്വിമ മുസ്തഫാ ഹശീശയാണ് മാതാവ്. 1930ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും ഇസ്‌ലാമിക് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1919ല്‍ അദ്ദേഹത്തിന് എട്ടു വയസ്സായപ്പോഴാണ് പ്രസിദ്ധമായ ഈജിപ്ഷ്യന്‍ വിപ്ലവം ഉണ്ടാകുന്നത്. ഇത് അദ്ദേഹത്തിന്റെ മനസ്സിലും എഴുത്തിലും വലിയ സ്വാധീനമുണ്ടാക്കി. എന്നാല്‍ അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാര്‍ ത്വാഹാ ഹുസൈന്‍, ഹാഫിദ്വ് നജീബ്, സലാമത്ത് മൂസ എന്നിവരായിരുന്നു.
പഠനം കഴിഞ്ഞതിനു ശേഷം നജീബ് മഹ്ഫൂദ്വ്് ഈജിപ്ഷ്യന്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ ക്ലര്‍ക്ക് ആയി കരിയര്‍ തുടങ്ങിയ അദ്ദേഹം വഖഫ് ബോര്‍ഡിന്റെ പാര്‍ലമെന്റ് സെക്രട്ടറിയും പിന്നീട് സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഉപദേശകനും ആയി.
ചെറുപ്പത്തില്‍ മനസ്സില്‍ സ്വാധീനിച്ച ഈജിപ്ത് വിപ്ലവവും പിന്നീട് ജോലി ചെയ്ത രാഷ്ട്രീയ സംവിധാനങ്ങളും അദ്ദേഹത്തിന്റെ എഴുത്തുകളിലും കാര്യമായ സ്വാധീനം ചെലുത്തി. അദ്ദേഹം അതിനെക്കുറിച്ച് പറയുന്നത്, സ്‌നേഹവും മറ്റു കാര്യങ്ങളും വരാത്ത എന്റെ രചനകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. എന്നാല്‍ രാഷ്ട്രീയമില്ലാത്ത രചനകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല എന്നായിരുന്നു.
മതവിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളും വലിയ വിമര്‍ശങ്ങള്‍ക്ക് കാരമായി. മഹ്ഫൂദ്വ്് നൊബേല്‍ സമ്മാനം നേടി പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്തും പല അറബ് രാജ്യങ്ങളും ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നിരോധിത പട്ടികയില്‍ പെടുത്തി.
അറബ് ലോകത്തേക്ക് നൊബേല്‍ എത്തിക്കുന്ന ആദ്യ എഴുത്തുകാരനാണെങ്കിലും, പ്രായവും ശാരീരിക അവശതകളും നിമിത്തം അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 34 നോവലുകളും 350ലേറെ ചെറുകഥകളും ഡസന്‍ കണക്കിന് സിനിമാ സ്‌ക്രിപ്റ്റുകളും അഞ്ചു നാടകങ്ങളും രചിച്ച മഹാ സാഹിത്യകാരന്‍, 2006 ആഗസ്ത് 30ന് 94ാമത്തെ വയസ്സില്‍ അന്തരിച്ചു.