അറബ് സാഹിത്യ ലോകത്ത് സൗന്ദര്യ സങ്കല്പത്തിന് തുടക്കമിട്ട വിഖ്യാത സാഹിത്യകാരനാണ് അബ്ബാസ് മഹ്മൂദ് അല്‍ അക്കാദ്. ആധുനിക ഈജിപ്തിലെ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വിമര്‍ശകന്‍, ബുദ്ധിജീവി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും പ്രശസ്തന്‍. അറബ് സാഹിത്യത്തില്‍ നവീന കാഴ്ച്ചപ്പാടുകളുടെ വക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. പരമ്പരാഗത സാഹിത്യ സങ്കല്പത്തില്‍ നിന്ന് അറബ് ലോകത്തെ ആധുനിക സാഹിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചിന്തകനായും അദ്ദേഹത്തെ ലോകം കരുതുന്നു.
ദക്ഷിണ ഈജിപ്തിലെ പ്രശസ്ത സഞ്ചാര കേന്ദ്രമായ അസ്വാനിലാണ് 1889ല്‍ അബ്ബാസ് മഹ്മൂദ് അല്‍ അക്കാദിന്റെ ജനനം. ഈജിപ്തിലെ പ്രാഥമിക വിദ്യാകേന്ദ്രത്തില്‍ നിന്ന് 1903ല്‍ ബിരുദം നേടിയ മഹ്മൂദിന് കുടുംബത്തിലെ സാമ്പത്തിക ഞെരുക്കം നിമിത്തം അക്കാദിക പഠനം തുടരാനായില്ല. ചെറുപ്രായത്തില്‍ തന്നെ പട്ടു നിര്‍മാണ ഫാക്ടറികളിലും റെയില്‍വെയിലും തൊഴിലെടുത്താണ് നിത്യവൃത്തി കഴിച്ചിരുന്നത്. എങ്കിലും സാഹിത്യപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലും പഠനങ്ങള്‍ തുടരുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. പരന്ന വായന അദ്ദേഹത്തെ അതിന് സഹായിക്കുകയും ചെയ്തു.
സാഹിത്യത്തില്‍ മഹ്മൂദിന്റെ ധൈഷണികമായ അറിവിന്റെ ആഴം പുറംലോകം അറിയുന്നത് പത്രങ്ങളില്‍ അദ്ദേഹം എഴുതിയ ശക്തമായ ലേഖനങ്ങളിലൂടെയാണ്. അതുവരെ അദ്ദേഹം തൊഴിലാളിയായി തുടരുകയായിരുന്നു. അക്കാലത്ത് മുഹമ്മദ് ഫരീദ് വഗ്ദി ആരംഭിച്ചിരുന്ന അല്‍ദസ്തൂര്‍ പത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപടി കയറുന്നത്. പക്ഷെ, അത് അധികകാലം നീണ്ടുനിന്നില്ല. അല്‍ദസ്തൂര്‍ അടച്ചുപൂട്ടിയതോടെ അവിടം വിടേണ്ടിവന്നു. പിന്നീട് കുറച്ചുകാലം അധ്യാപകനായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയ അദ്ദേഹം പത്രങ്ങളിലൂടെയും മാസികകളിലൂടെയും തൂലിക ചലിപ്പിച്ചുകൊണ്ടിരുന്നു. അമ്പതുകളില്‍ ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന ജമാല്‍ അബ്ദുന്നാസര്‍ ദേശീയ സാഹിത്യ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. സാഹിത്യത്തില്‍ സംഭാവന കണക്കിലെടുത്ത് കെയ്‌റോ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് സമ്മാനിച്ചെങ്കിലും അതും നിരസിച്ചു.
കവിതാ രചനയിലെ സൗന്ദര്യ സങ്കല്പങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും പരമ്പരാഗത ചിന്താഗതികളെ മാറ്റിമറിക്കുന്നതിനുമായി സമാന ചിന്താഗതിക്കാരായ ഇബ്‌റാഹീം അല്‍മസ്‌നി, അബ്ദുറഹ്മാന്‍ ശുക്‌രി എന്നീ സാഹിത്യകാരന്‍മാരോടൊപ്പം ചേര്‍ന്ന് അദ്ദീവാന്‍ എന്ന പേരില്‍ കവിതാ പഠനത്തിനായി സ്ഥാപനം ആരംഭിച്ചു. അറബിയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു അല്‍ അക്കാദിന്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആശയങ്ങള്‍ക്കെതിരെ ഉയര്‍ന്നിരുന്ന വിമര്‍ശനങ്ങളെ ദി ജീനിയസ് എന്ന പുസ്തക പരമ്പരയിലൂടെ ബുദ്ധിപരമായ വിശകലനങ്ങള്‍ കൊണ്ട് മനോഹരമായി നേരിടുന്നുണ്ട് അല്‍ അക്കാദ്.
രാഷ്ട്രീയത്തില്‍ വെച്ചുപുലര്‍ത്തിയിരുന്ന ആത്മവിശ്വാസവും വിമര്‍ശനാത്മക സമീപനവും നിമിത്തം പലപ്പോഴും ഈജിപ്ഷ്യന്‍ ഭരണകൂടവുമായി അകലം പാലിക്കേണ്ടിവന്നിട്ടുണ്ട്. 'ലിബറല്‍ കണ്‍വെന്‍ഷണല്‍ പാര്‍ട്ടി' രൂപീകരിച്ച് മാധ്യമങ്ങളിലൂടെ ഏകാധിപത്യ ഭരണത്തിനെതിരെ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ നിമിത്തം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
1919ലാണ് സാഹിത്യ രചനയിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നിരവധി പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം അക്കാലത്തെ പ്രമുഖരായ പല എഴുത്തുകാരുടെയും കൃതികളെ വിമര്‍ശന വിധേയമാക്കുകയും ചെയ്തിരുന്നു.
പ്രധാന കൃതികള്‍:
ഗോഡ്, ദി ജീനിയസ് ഓഫ് മുഹമ്മദ്, ദി ജീനിയസ് ഓഫ് റൈറ്റിയസ്, ദി ജീനിയസ് ഓഫ് ഉമര്‍, ദി ജീനിയസ് ഓഫ് ഉസ്മാന്‍, ദി ജീനിയസ് ഓഫ് അല്‍ ഇമാം അലി, ദി ജീനിയസ് ഓഫ് ഖാലിദ്, ദി കാളര്‍ ഓഫ് ദി ഹെവന്‍, ബിലാല്‍, ദി ഡോട്ടര്‍ ഓഫ് ദി റൈറ്റിയസ്, അല്‍ ഹുസൈന്‍, ദി ഫാദര്‍ ഓഫ് മാര്‍ട്ടിയേഴ്‌സ്, അംറ് ബ്‌നുല്‍ ആസ്, മുആവിയ ബ്‌നു അബീ സുഫിയാന്‍, ഫാത്തിമ അല്‍ സുഹറാ, അല്‍ ഫാത്തമിയൂന്‍, ദി ട്രൂത്ത് ഓഫ് ഇസ്‌ലാം ആന്റ് ദി ഫാള്‍സിറ്റി ഓഫ് ഇറ്റ്‌സ് കണ്ടന്‍േറഴ്‌സ്, ദി ഖുര്‍ആനിക് ഫിലോസഫി, തോട്ട് ഈസ് ആന്‍ ഇസ്‌ലാമിക ഡ്യൂട്ടി, ദി എമിനേഷന്‍ ഓഫ് ലൈറ്റ്, ഡമോക്രസി ഇന്‍ ഇസ്‌ലാം, ഹ്യൂമന്‍ ബിയിംഗ് ഇന്‍ ദി ഹോളി ഖുര്‍ആന്‍, ഇസ്‌ലാം ഇന്‍ ദി ട്വന്റിയത് സെഞ്ച്വറി, വാട്ട് ഈസ് സെഡ് എബൗട്ട് ഇസ്‌ലാം, മി, ദി ഓപ്പിയം ഓഫ് പീപ്പിള്‍സ്, ദിസ് ട്രീ, ദി ഫണ്ണി ഗുഹാ, ലൗ അഫെേയഴ്‌സ് ഓഫ് അല്‍ അക്കാദ്, ദി ഗ്രേറ്റ് സോള്‍ ഓഫ് അല്‍ മഹാത്മാ ഗാന്ധി, ദി ലൈഫ് ഓഫ് എ പെന്‍, സാറ, ദി ബിഗ്‌നിംഗ്‌സ് ഓഫ് ദി മുഹമ്മദന്‍ മിഷന്‍, നോ ഫോര്‍ കമ്യൂണിസം ആന്റ് കൊളോണിയലിസം, സആദ് സാഗലോള്‍, ഇബ്‌ന് അല്‍ റൂമി: ഹിസ് ലൈഫ് ആന്റ് പോയട്രി, സയണിസം ആന്റ് ദി ഇഷ്യൂ ഓഫ് ഫലസ്തീന്‍.