Skip to main content

 മുസ്ത്വഫ ലുത്വഫി അല്‍ മന്‍ഫലൂത്വി (1876-1924)

ഈജിപ്ഷ്യന്‍ എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായിരുന്നു മുസ്തഫാ ലുത്വഫി അല്‍ മന്‍ഫലൂത്വി. മുസ്ത്വഫ ലുത്വഫി ബ്‌നു മുഹമ്മദ് ലുത്വ്ഫി ബ്‌നു ഹസന്‍ ലുത്വഫി അല്‍ മന്‍ഫലൂത്വി എന്നാണ് പൂര്‍ണമായ പേര്. വാചാലമായ അറബി ഗദ്യവുമായി വൈകാരികത സമന്വയിപ്പിക്കുന്നതില്‍ പ്രശസ്തനായിരുന്നു. മനുഷ്യന്റെ കഷ്ടപ്പാടുകള്‍, ധാര്‍മികത, സാമൂഹിക പരിഷ്‌കരണം എന്നിവയിലെ അഗാധമായ ധാരണയിലുള്ളതാണ് അദ്ദേഹത്തിന്റെ കൃതികള്‍. മന്‍ഫലൂത്വിയുടെ വേറിട്ട ശൈലി ഈജിപ്തിലും അറബ് ലോകത്തുമുടനീളമുള്ള വായനക്കാരെ ആകര്‍ഷിച്ചു. ആധുനിക അറബി സാഹിത്യത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് അല്‍ മന്‍ഫലൂത്വി.  

mustafa-lutfi -al-manfaluti

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

ഈജിപ്തിലെ അസ്‌യൂത് പട്ടണത്തിലെ മന്‍ഫലൂത്ത് ഗ്രാമത്തില്‍  1876 ല്‍ ജനിച്ച മന്‍ഫലൂത്വി, ദൈവഭക്തിയും പാണ്ഡിത്യവുമുള്ള മുസ്‌ലിം കുടുംബത്തിലാണ് വളര്‍ന്നത്. കര്‍മശാസ്ത്രം, വിധി നിര്‍ണയം, സൂഫിസം എന്നീ മേഖലകളില്‍ പ്രസിദ്ധമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ലുത്വ്ഫിയുടെ മാതാവ് ഈജിപ്ഷ്യന്‍ വംശജയും പിതാവ് തുര്‍ക്കി വംശജനുമാണ്. പിതാവിന്റെ വംശപരമ്പര പ്രവാചകന്റെ പേരമകന്‍ ഹുസൈന്‍(റ)വില്‍ എത്തുന്നുണ്ട്. അന്നാട്ടിലെ ജഡ്ജിയും നേതാവുമായിരുന്നു പിതാവ്. 

ചെറുപ്പം മുതലേ അദ്ദേഹം പഠനത്തോടുള്ള അഭിനിവേശം പ്രകടിപ്പിച്ചു. അഞ്ചാം വയസ്സില്‍ ഗ്രാമത്തിലെ ഓത്തുപള്ളിയില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. ഒന്‍പതാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ശേഷം പിതാവ് അദ്ദേഹത്തെ കെയ്‌റോയിലെ പ്രശസ്തമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലേക്ക് അയച്ചു. അവിടെ നിന്നും ദൈവശാസ്ത്രം, അറബി സാഹിത്യം, ക്ലാസിക്കല്‍ ഫിലോസഫി എന്നിവ പഠിച്ചു. നീണ്ട പത്തുവര്‍ഷക്കാലം അല്‍ അസ്ഹറില്‍ ഒഴിഞ്ഞിരുന്നു പഠനത്തിലേര്‍പ്പെടാന്‍ അവസരം ലഭിച്ചു. അസ്ഹറിലെ ജീവിതകാലത്ത് മന്‍ഫലൂത്വിയെ സ്വാധീനിച്ച അധ്യാപകനായിരുന്നു പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതനായിരുന്ന മുഹമ്മദ് അബ്ദ. അദ്ദേഹത്തില്‍ നിന്നാണ് ഖുര്‍ആന്‍ തഫ്‌സീര്‍, അസ്ഫഹാനിയുടെ ഗ്രന്ഥങ്ങളായ 'അസ്‌റാറുല്‍ ബലാഗ', 'ദലാഇലുല്‍ ഇഅ്ജാസ്' എന്നിവയും പഠിച്ചത്. മുഹമ്മദ് അബ്ദയുടെ ചിന്തകളും കൃതികളും മന്‍ഫലൂത്വിയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. 1905 ല്‍     അബ്ദ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വേര്‍പാട് താങ്ങാനാവാതെ മന്‍ഫലൂത്വി ഏറെ ദുഃഖിച്ചിരുന്നു.

അറബിസാഹിത്യത്തിലെ  മികച്ച കവികളായ അബൂതമാം, ബുഹ്‌തേരി, മുതനബ്ബി, ഷരീഫ് രിദ്വാ തുടങ്ങിയവരുടെ കനപ്പെട്ട കൃതികളും ഇബ്‌നുല്‍ മുകഫഅ്, ഇബ്‌നുല്‍ ഖല്‍ദൂന്‍, ഇബ്‌നുല്‍ അസീര്‍, അല്‍ ജാഹിദ്വ്, ആമുദി, ഹരീരി, ബദീഉസ്സമാന്‍ തുടങ്ങിയ സാഹിത്യകാരന്‍മാരുടെ കൃതികളും മന്‍ഫലൂത്വി വായിച്ചിട്ടുണ്ട്. അല്‍ അഖാനി, ഇബ്‌നുല്‍ ഫരീദ് തുടങ്ങിയ ഗ്രന്ഥങ്ങളും വായിക്കാന്‍ അവസരം ലഭിച്ചു.

സാഹിത്യ ശൈലിയും വിഷയങ്ങളും

ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ഹുദ്ദെയ്‌വി അബ്ബാസ് രണ്ടാമനെ വിമര്‍ശിച്ചു കൊണ്ട് മന്‍ഫലൂത്വി 'അല്‍ ഖുദൂം' എന്ന തലക്കെട്ടില്‍ ഒരു കവിതയെഴുതി. കവിത പ്രസിദ്ധീകരിക്കുകയും ചെയ്തു. അസ്ഹറിലെ പഠനകാലത്താണ് ഈ സംഭവം. കവിതയുടെ പേരില്‍ 6 മാസക്കാലം ജയിലില്‍ കഴിയേണ്ടി വന്നു. പിന്നീട് മുഹമ്മദ് അബ്ദയുടെ ഇടപെടലില്‍ ജയില്‍ മോചിതനായി.

ഈ സംഭവത്തിനു ശേഷം അദ്ദേഹം അസ്ഹറില്‍ നിന്നും ജന്‍മ നാടായ മന്‍ഫലൂത്വിയിലേക്ക് മടങ്ങി. പിന്നീട് ജേണലുകളില്‍ പ്രബന്ധം എഴുതാന്‍ തുടങ്ങി. യൂസഫ് അലിയുടെ 'അല്‍ മുഅയ്യത്' എന്ന ലേഖനത്തില്‍ പ്രബന്ധങ്ങള്‍ എഴുതി. കൂടാതെ ഇംഗ്ലീഷിലും ഫ്രഞ്ചിലുമുള്ള കൃതികള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തി. പാശ്ചാത്യ ഭാഷ വശമില്ലാതിരുന്നിട്ടും സുഹൃത്തുക്കളുടെ സഹായത്താലാണ് ഇവ വിവര്‍ത്തനങ്ങള്‍ ചെയ്തത്. പാശ്ചാത്യ ഭാഷകളിലെ നാടകങ്ങളും അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. 

സമൂഹത്തിലെ കഷ്ടതകളും വേദനകളും നേരിട്ട് അനുഭവിച്ചറിഞ്ഞ മന്‍ഫലൂത്വി അതെല്ലാം തന്റെ കൃതികളില്‍ ആവിഷ്‌കരിച്ചിരുന്നു. മന്‍ഫലൂത്വിയുടെ രചനകള്‍ അവയുടെ വൈകാരിക തീവ്രതയ്ക്കും വ്യക്തതയ്ക്കും താളാത്മകമായ ഗദ്യത്തിനും പേരുകേട്ടതാണ്. വൈകാരികതയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ആന്ദോളനം ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. പ്രണയം, നഷ്ടം, അന്യവല്‍ക്കരണം എന്നിവയുടെ പ്രമേയങ്ങള്‍ വായനക്കാരില്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്ന രീതിയില്‍ പര്യവേക്ഷണം ചെയ്ത ആദ്യ അറബ് എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട്, പ്രത്യേകിച്ച് സ്ത്രീകളോടും ദരിദ്രരോടും ഉള്ള അനീതിയുടെയും ഉത്കണ്ഠയുടെയും നിശിത ബോധവും അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ പ്രതിഫലിച്ചു. 

stamp-al-manfaluti

തന്നെ നല്ല ഒരു സാഹിത്യകാരനാക്കിയത് മൂന്നാളുകളാണെന്ന് അദ്ദേഹം പറയാറുണ്ട്. മുഹമ്മദ് അബ്ദയും സഅദ് സഅ്‌ലൂലും യൂസഫ് അലിയുമാണ് അദ്ദേഹത്തെ സ്വാധീനിച്ച ആ മൂന്നുപേര്‍. മന്‍ഫലൂത്വിയുടെ സാഹിത്യകൃതികളിലെ ശൈലി, അബ്ബാസീ കാലഘട്ടത്തെ ഖാദ്വി അല്‍ഫാദ്വില്‍, ഇബ്‌നുല്‍ ഖല്‍ദൂന്‍ തുടങ്ങിയ സാഹിത്യകാരന്‍മാരുടെ ശൈലിയോട് സാദൃശ്യമുണ്ട്. എന്നാല്‍ മന്‍ഫലൂത്വിയുടെ ഈ പഴയ ശൈലിയെ, ഇബ്‌റാഹീം മാസിനി തന്റെ 'അദ്ദീവാന്‍' എന്ന കൃതിയില്‍ വിമര്‍ശിക്കുന്നുമുണ്ട്.

ഈജിപ്ത് കൊളോണിയല്‍ അടിച്ചമര്‍ത്തലുകളോടും സാമൂഹിക അസമത്വത്തോടും പൊരുതുന്ന കാലത്ത്, മന്‍ഫലൂത്തിയുടെ ഗദ്യം നവീകരണത്തിന്റെ ശബ്ദമായി മാറി. കാപട്യം, അഴിമതി, സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തുന്ന കാലഹരണപ്പെട്ട പാരമ്പര്യങ്ങള്‍ എന്നിവയെ അദ്ദേഹം വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ കൃതികള്‍ വികാരങ്ങളെ ഉണര്‍ത്തുക മാത്രമല്ല, സമകാലിക ധാര്‍മികവും സാമൂഹികവുമായ വെല്ലുവിളികളെ പ്രതിഫലിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.

ഗദ്യത്തിന് കൂടുതല്‍ വ്യക്തിപരവും വൈകാരികവുമായ സമീപനം അവതരിപ്പിച്ചുകൊണ്ട് ആധുനിക അറബി സാഹിത്യ പാരമ്പര്യം രൂപപ്പെടുത്തുന്നതില്‍ മന്‍ഫലൂത്വിയുടെ രചനകള്‍ നിര്‍ണായക പങ്ക് വഹിച്ചു. സഹാനുഭൂതി ഉണര്‍ത്താനും പ്രതിഫലിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ ഈജിപ്ഷ്യന്‍ സമൂഹത്തിലെ പ്രിയപ്പെട്ട വ്യക്തിയാക്കി. അദ്ദേഹത്തിന്റെ കൃതികളിലെ വ്യതിരക്തയെ അടയാളപ്പെടുത്തിക്കൊണ്ട് 'നിരാശ എഴുത്തുകാരന്‍' എന്ന് ചരിത്രം വിശേഷിപ്പിക്കാറുണ്ട്. മന്‍ഫലൂത്വിയുടെ കൃതികള്‍ ഇന്നും ഏറെ വായിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നു.

1924 48ാം വയസ്സില്‍ കെയ്‌റോയിലാണ് മരണം.

ശ്രദ്ധേയമായ കൃതികള്‍

അല്‍ മന്‍ഫലൂത്വിയുടെ കൃതികള്‍ താരതമ്യേന ചെറുതാണെങ്കിലും, അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ രചനകള്‍:
·    അല്‍ നളറാത്ത് (النظرات) (3 ഭാഗങ്ങള്‍): ഉപന്യാസങ്ങള്‍, സാഹിത്യ രേഖാചിത്രങ്ങള്‍ എന്നിവയുടെ ശേഖരമാണിത്. വിവിധ സാമൂഹികവും ദാര്‍ശനികവുമായ വിഷയങ്ങള്‍ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. 1907 ല്‍ അല്‍മുഅയ്യദ് മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.
·    അല്‍ അബറാത്ത് (العبرات) - ദുഃഖം, അനീതി, നഷ്ടം എന്നിവയെ ചുറ്റിപ്പറ്റിയുള്ള വൈകാരികമായ ചെറുകഥകളാണ് ഈ കൃതിയില്‍ അടങ്ങിയിരിക്കുന്നത്. 1915-1916 കാലത്തെഴുതിയ 9 കഥകളുടെ സമാഹാരം.
·    തെരഞ്ഞെടുത്ത കഥകള്‍ (ഫ്രഞ്ച് അറബി പരിഭാഷ)
·    ഫീ സബീലി താജ്  (ഫഞ്ച് അറബി പരിഭാഷ-നോവല്‍)
·    അശ്ശാഇര്‍ (ഫ്രഞ്ച് അറബി പരിഭാഷ-നോവല്‍)
·    കിതാബു തറാഹിം (അല്ലാഹുവിന്റെ റഹ്‌മത്തിനെക്കുറിച്ച്)
·    അല്‍ ഫളീല (ഫ്രഞ്ച് അറബി പരിഭാഷ-നോവല്‍)
·    മാ ജദ്‌വലയ്‌നി (ഫ്രഞ്ച് അറബി പരിഭാഷ)
·    രിസാലത്തുല്‍ അര്‍ബഊന്‍
·    മുഹാളറാത്തു മന്‍ഫലൂത്വി
·    തഹ്‌രീറു മിസ്ര്‍ (1897 ല്‍ എഴുതിയ ആദ്യകവിത)


 

Feedback