Skip to main content

നൂഹ് നബി(അ)

അവര്‍ വിരലുകൊണ്ട് കാതടച്ചു, വസ്ത്രം കൊണ്ട് മുഖം പൊത്തി, നൂഹ് നബിയെ കാണുന്നിടത്തു നിന്ന് ഓടിയൊളിച്ചു. എന്നിട്ടും പിന്തിരിഞ്ഞില്ല നൂഹ്(അ). സമൂഹമൊന്നടങ്കം അദ്ദേഹത്തെ ശകാരിച്ചു, ഭീഷണിപ്പെടുത്തി, മര്‍ദിച്ചു, ആട്ടിയോടിക്കുകയും ചെയ്തു. എന്നിട്ടും ക്ഷമകൈവിടാതെ ആ ദൈവദൂതന്‍ അവരുടെ പിന്നാലെ വീണ്ടും വന്നു. ''ഇനിയും നീ വിരമിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊല്ലും''. ദുര്‍നടപ്പുകാരായ സമൂഹത്തിന്റെ അന്ത്യശാസനത്തിനു മുന്നില്‍ ആ നന്ദിയുള്ള അടിമ പതറിയില്ല.

''പ്രിയപ്പെട്ടവരേ, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുവിന്‍, മറ്റാരാധ്യര്‍ നിങ്ങള്‍ക്കില്ല തന്നെ, ഭയവിഹ്വലമായ ഒരുനാളിലെ ശിക്ഷയെ ഞാന്‍ നിങ്ങള്‍ക്ക് ഭയപ്പെടുന്നു.''  നൂഹ് നൂറായിരം തവണ ആവര്‍ത്തിച്ചു. നൂഹ്(അ) നീണ്ട 950 സംവത്സരങ്ങള്‍ ആ സമൂഹത്തിനു പിന്നാലെ നടന്നു. തന്നെ കൂക്കിവിളിച്ചവരുടെ കൂടെ അപ്പോഴുമുണ്ടായിരുന്നു സ്വന്തം ഭാര്യയും മകനും. അത് അദ്ദേഹത്തെ വേദനിപ്പിച്ചു.

സഹനത്തിന്റെ പാതയില്‍ നൂറ്റാണ്ടുകള്‍ നീണ്ട പ്രബോധനത്തിനൊടുവില്‍ നൂഹിന് ലഭിച്ചത് വിരലിലെണ്ണാവുന്ന അനുയായികള്‍ മാത്രം. ഒടുവില്‍ സമൂഹത്തിന്റെ വഴി പിഴച്ച പോക്കില്‍ മനംനൊന്ത നൂഹ് തന്റെ സങ്കടക്കെട്ടഴിച്ചു.

നൂഹ്(അ) പറഞ്ഞു: നാഥാ, സത്യനിഷേധികളില്‍പെട്ട ഒരാളെയും നീ ഭൂമഖത്ത് വിട്ടേക്കരുതേ, നീ അവരെ വിട്ടേക്കുന്ന പക്ഷം നിന്റെ അടിമകളെ അവര്‍ വഴിപിഴപ്പിക്കും. ദുര്‍വൃത്തര്‍ക്കും സത്യനിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയില്ല''(71:26,27).

അല്ലാഹുവിന്റെ കല്പനപ്രകാരം നൂഹ് ഒരു നൗക നിര്‍മിച്ചു. അപ്പോഴും സമൂഹം ചുറ്റും കൂടി നിന്ന് പരിഹാസം ചൊരിഞ്ഞുകൊണ്ടേയിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ നൗകയില്‍ നൂഹും വിശ്വാസികളും ഓരോ വിഭാഗത്തില്‍ നിന്നും രണ്ട് ഇണകളെ പ്രവേശിപ്പിച്ചു.

പിന്നെ വൈകിയില്ല. ആകാശകവാടങ്ങള്‍ വെള്ളം ചൊരിഞ്ഞു. ഭൂമിയും ഉറവിടങ്ങളായി, പര്‍വതങ്ങളെ പോലും മൂടിക്കളഞ്ഞ ജലപ്രളയത്തില്‍ എല്ലാം നാമാവശേഷമായി. വിശ്വാസികള്‍ മാത്രം രക്ഷപ്പെട്ടു. തന്റെ അടിമ നൂഹിന്റെ സങ്കടം നിറഞ്ഞ അപേക്ഷ അല്ലാഹു സ്വീകരിക്കുകയായിരുന്നു.

ആദമി(അ)ന്റെയും ഇദ്‌രീസി(അ)ന്റെയും കാലശേഷം പന്ത്രണ്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് നൂഹ് നബിയുടെ ജനത വരുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മുന്‍ പ്രവാചകന്മാരുടെ പാതയില്‍ ജീവിച്ച വദ്ദും സുവാഉം യഗൂസും യഊഖും നസ്‌റും സദ്‌വൃത്തരായി അതാത് തലമുറകളെ ധന്യമാക്കി. എന്നാല്‍ കാലചക്രം തിരിഞ്ഞപ്പോള്‍ ഈ സച്ചരിതരെ ആരാധ്യരാക്കി പില്ക്കാല സമൂഹം പ്രതിഷ്ഠിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഏകനായ അല്ലാഹുവിനെ പാടെ മറന്ന് മഹാന്മാരായി മരിച്ചുപോയവരുടെ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ആരാധനകളും കാണിക്കകളും സമര്‍പ്പിക്കുന്നവരിലേക്കാണ്, അവരില്‍ നിന്നു തന്നെയുള്ള ദൈവദൂതനായി നൂഹ് നിയോഗിക്കപ്പെടുന്നത്. ഭൂമിയിലേക്ക് നിയോഗിക്കപ്പെടുന്ന ആദ്യ ദൈവദൂതനാണ് നൂഹ്(അ) എന്നും തിരുനബിയുടെ വചനങ്ങളില്‍ കാണുന്നു.

വിഗ്രഹാരാധനയില്‍ അടിയുറച്ചുപോയ ആ സമൂഹത്തെ ഏകദൈവാരാധനയിലേക്ക് ക്ഷണിക്കാനിറങ്ങിയ നൂഹ്(അ) നേരിട്ടത് തീക്ഷ്ണമായ പരീക്ഷണമായിരുന്നു. തളരാത്ത മനസ്സും ചോരാത്ത ശക്തിയും സ്വാര്‍ഥത തീണ്ടാത്ത പ്രവര്‍ത്തനങ്ങളും ഒമ്പതര നൂറ്റാണ്ടുകാലം അദ്ദേഹത്തെ പ്രബോധനവീഥിയില്‍ അടിയുറച്ചുനിര്‍ത്തി. 20ലധികം അധ്യായങ്ങളിലായി നൂറിലധികം സൂക്തങ്ങളില്‍ നൂഹ്(അ)ന്റെ പ്രബോധനം അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. പില്ക്കാല ദൂതന്‍മാര്‍ ക്കെല്ലാം മാതൃകയായിരുന്നു നൂഹ്(അ).

തന്റെ സമൂഹത്തിന്റെ വഴികേടില്‍ മനം നൊന്ത നൂഹ്(അ) അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. രാപകല്‍ ഭേദമെന്യെ അദ്ദേഹം പ്രബോധനം തുടര്‍ന്നു. എന്നാല്‍ മുഖംപൊത്തി, ചെവിയടച്ച്, ഹൃദയം തിരിച്ചവെച്ച് അവര്‍ വിസമ്മതം പ്രകടിപ്പിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്തെ എണ്ണിപ്പറഞ്ഞും അവന്റ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പു നല്കിയും അദ്ദേഹം വിടാതെ പിന്തുടര്‍ന്നു. അതോടെ അവര്‍ പറഞ്ഞു. ''ഇയാള്‍ ഭ്രാന്തന്‍ തന്നെയാണ്''( 23:25).

നൂഹ് പരിഹാസങ്ങള്‍ അവഗണിച്ചു, പ്രബോധനം തുടര്‍ന്നപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തി: ''നൂഹേ, നീ വിരമിക്കുന്നില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലും''(26:116).

ഒടുവില്‍ അവരോട് ഇതുകൂടി പറഞ്ഞു അദ്ദേഹം : ''എന്റെ സമൂഹമേ, ഇതിന് പ്രതിഫലമായി ഞാന്‍ നിങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹുവിന്റെ പക്കലാണുള്ളത്''(26:119).

എന്നാല്‍ അവര്‍ മാറാനൊരുക്കമായിരുന്നില്ല. ഒടുവില്‍ അല്ലാഹു അവന്റെ തീരുമാനം നടപ്പിലാക്കി. മുന്നോടിയായി നൂഹിനോട് കപ്പലുണ്ടാക്കാന്‍ നിര്‍ദേശിച്ചു. ആസമൂഹമധ്യത്തില്‍ വെച്ചുതന്നെ നൂഹ് മരത്തടിയില്‍ കപ്പലൊരുക്കി. അപ്പോഴും ചുറ്റുംകൂടി നിന്ന് അവര്‍ പ്രവാചകനെ പരിഹസിച്ചുകൊണ്ടേയിരുന്നു.

വിശ്വസിച്ചവരെയും പുറമെ മറ്റു ജീവികളെയും അതില്‍ പ്രവേശിപ്പിക്കാന്‍ അല്ലാഹു നിര്‍ദേശം നല്കി. (ഹസന്‍ ബസ്വരിയുടെ വീക്ഷണത്തില്‍ കപ്പലിന് മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു. അടിത്തട്ടില്‍ ഇഴജന്തുക്കളും വന്യമൃഗങ്ങളും, മധ്യത്തില്‍ വിശ്വാസികള്‍, മുകളില്‍ പക്ഷികള്‍ എന്നിവരാണുണ്ടായിരുന്നത്).

പിന്നീട് ആകാശം ജലവര്‍ഷം തുടങ്ങി, ഭൂമി ഉറവയുമെടുത്തു, ദിവസങ്ങളോളം തുടര്‍ന്നപ്പോള്‍ മലകളെപ്പോലും വിഴുങ്ങി ഭൂമി വെള്ളത്തിലായി. കപ്പലില്‍ കയറിയവരൊഴികെ അന്നാട്ടിലുള്ളവരെല്ലാം മുങ്ങിമരിച്ചു.

കപ്പല്‍ പിന്നീട് ജൂദിമലയില്‍ അടിഞ്ഞു. അവരില്‍ നിന്ന് അടുത്ത തലമുറയെ അല്ലാഹു കൊണ്ടുവന്നു. നന്ദികേടിന്റെയും അനുസരണക്കേടിന്റെയും പ്രതീകമായ ആ ജനത പില്ക്കാലക്കാര്‍ക്ക്  പാഠമായി.

Feedback